Kerala

ഒറ്റപ്പാലം സംഭവം; റിപോര്‍ട്ടര്‍ ചാനലിലെ ലേഖകനു വധഭീഷണി

ഒറ്റപ്പാലം സംഭവം; റിപോര്‍ട്ടര്‍ ചാനലിലെ ലേഖകനു വധഭീഷണി
X
reportet-tv

പാലക്കാട്: ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആര്‍എസ്എസ് ആക്രമത്തിന് ഇരയായ റിപോര്‍ട്ടര്‍ ടിവി ജില്ലാ റിപോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാറിനു വധഭീഷണി. ടെലിഫോണിലൂടെയാണ് വധഭീഷണിയുണ്ടായത്. 9447111396 എന്ന നമ്പരില്‍ നിന്നു വിളിച്ചാണ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തും കെയുഡബ്ല്യുജെ പാലക്കാട് ജില്ലാഘടകവും പാലക്കാട് ജില്ലാ പോലിസ് സുപ്രണ്ട് ഡോ. ശ്രീനിവാസിന് പരാതി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഭീഷണിക്കു പിന്നിലുള്ളതെന്നാണു സൂചന. കൊന്നുകളയും എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് സോഷ്യല്‍മീഡിയ വഴിയും സംഘപരിവാര അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 14നാണ് നെല്ലായയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരെ ഒറ്റപ്പാലം കോടതിയില്‍ എത്തിക്കുന്നത് റിപോര്‍ട്ട് ചെയ്യുന്നതിനിടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ റിപോര്‍ട്ടര്‍ ശ്യാം, റിപോര്‍ട്ടര്‍ ടിവി ജില്ലാ റിപോര്‍ട്ടര്‍ ശ്രീജിത്ത് ശ്രീകുമാര്‍ എന്നിവര്‍ക്കു നേരെയായിരുന്നു ആക്രമണം. പ്രദേശിക ചാനല്‍ റിപോര്‍ട്ടറുടെ കാമറയും സംഘം തകര്‍ത്തു. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ ചെര്‍പ്പുളശ്ശേരി പോലിസ് കേസെടുത്തിരുന്നു. അടുത്ത ദിവസം സംഭവത്തിലെ രണ്ട് പ്രതികള്‍ ഷൊര്‍ണൂര്‍ പോലിസില്‍ കീഴടങ്ങിയിരുന്നു. ആര്‍എസ്എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, പാലക്കാട് വാടാനാംകുറിശ്ശി സ്വദേശി സുമേഷ് എന്നിവരാണു കീഴടങ്ങിയത്. ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആക്രമിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകനു നേരെ ഉണ്ടായ വധഭീഷണി ഗൗരവമായി അന്വേഷിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സ്വതന്ത്രമായും നിര്‍ഭയമായും മാധ്യമ പ്രവര്‍ത്തനം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടിയും സെക്രട്ടറി സി ആര്‍ ദിനേശും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it