ഒറ്റക്കുട്ടി നയം ചൈന പിന്‍വലിച്ചു

ബെയ്ജിങ്: വിവാദമായ ഒറ്റക്കുട്ടി നയം 35 വര്‍ഷത്തിനു ശേഷം ചൈനീസ് ഭരണകൂടം റദ്ദാക്കി. ഇനി എല്ലാ ദമ്പതികള്‍ക്കും രണ്ടു കുട്ടികളാവാമെന്ന് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കാന്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ചൈനയുടെ സാമ്പത്തിക കുതിപ്പിന്റെ അടിസ്ഥാനമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം എടുത്തുപറഞ്ഞിരുന്ന ഒന്നാണ് ഒറ്റക്കുട്ടി നയം.
ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുമെന്ന ആശങ്കയ്ക്ക് പരിഹാരമായി ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളൂവെന്ന നയം 1980ലാണ് ചൈന നടപ്പാക്കിയത്. രണ്ടാമത്തെ കുട്ടി പിറക്കുന്നത് നിയമവിരുദ്ധമായിരുന്ന രാജ്യത്ത് ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു.
യുവാക്കള്‍ കുറഞ്ഞുവരികയും പ്രായമേറിയവര്‍ കൂടിയതും ലിംഗ സമത്വം നഷ്ടപ്പെട്ടതുമാണ് നയം പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. യുവജനങ്ങള്‍ കുറഞ്ഞത് രാജ്യത്തെ തൊഴില്‍ശേഷി കുറയ്ക്കാനിടയായിട്ടുണ്ട്.
2013ല്‍ ഒറ്റക്കുട്ടി നയത്തില്‍ സര്‍ക്കാര്‍ നേരിയ ഭേദഗതി വരുത്തിയിരുന്നു. നഗരങ്ങളിലെ ദമ്പതികള്‍ക്ക് രണ്ടാമത്തെ കുട്ടിയാവാമെന്ന ഭേദഗതി പക്ഷേ, നഗരവാസികള്‍ മുഖവിലയ്‌ക്കെടുത്തില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ബെയ്ജിങില്‍ ചേര്‍ന്ന അഞ്ചാം പാര്‍ട്ടി പ്ലീനം പുതിയ തീരുമാനമെടുത്തത്.
205 കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കു പുറമെ 170 പാര്‍ട്ടി മേഖലാ സെക്രട്ടറിമാരും പ്ലീനത്തില്‍ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന് ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അടുത്തവര്‍ഷമാണ് അംഗീകാരം നല്‍കുക.
Next Story

RELATED STORIES

Share it