Middlepiece

ഒരു ഹിന്ദി പ്രസംഗവും രണ്ടു തര്‍ജമക്കാരും

ഒരു ഹിന്ദി പ്രസംഗവും രണ്ടു തര്‍ജമക്കാരും
X
slug-vettum-thiruthumവെട്ടുകയും തിരുത്തുകയും ചെയ്യേണ്ടത് ഈ ആഴ്ച വായനക്കാരാണ്. ഒരു ഹിന്ദി പ്രസംഗവും ആയതിന്റെ തര്‍ജമാ തമാശയുമാണ് വിഷയം. ഇതില്‍ ഞാന്‍ എന്തു വെട്ടാന്‍? തിരുത്താന്‍?
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍നിന്നാണ് ഹിന്ദി പ്രസംഗം. തല്‍സമയം.
...മുജെ സബ്‌സെ പഹലേ... കേരള്‍ സേ ക്ഷമാ ചാഹ്താ ഹൂ.''
സുരേന്ദ്ര തര്‍ജമ: മുജ്ജന്മത്തിലെങ്കിലും ഈ കേരളത്തില്‍ വരാനും ഇതുവരെ വരാന്‍ തോന്നാത്തതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.''
താന്‍ പറഞ്ഞതുതന്നെയാണോ തര്‍ജമക്കാരന്‍ പറഞ്ഞതെന്നതില്‍ നേരിയ സംശയം തോന്നിയ ഹിന്ദി പ്രസംഗകന്‍ തര്‍ജമക്കാരനോട് കേള്‍ക്കാന്‍ പ്രയാസമുണ്ടോ'എന്ന് ഇംഗ്ലീഷില്‍ ചോദിച്ചതിന് നഹീ, നഹീ'എന്നു ഹിന്ദി മറുപടി.
ഹിന്ദി: ക്യോന്‍കീ മുജെ ആനേ മേ ദേര്‍... ഹുയീ മുജെ ബഹുത് പെഹലേ കേരള ആനെ ഥം.''
തര്‍ജമ: ഈ വിശുദ്ധ കേരളഭൂമിയില്‍ ചില ആളുകള്‍ ഞങ്ങള്‍ക്ക് തൊട്ടുകൂടായ്മ വിധിച്ചത് ഞാന്‍ നേരത്തേ മനസ്സിലാക്കിയിട്ടുണ്ട്.''
ഹിന്ദി പ്രസംഗകന്‍ കണ്ണുമിഴിച്ച് തര്‍ജമക്കാരനോട് ക്യാ'എന്ന് ചോദിച്ചപ്പോള്‍ ഇംഗ്ലീഷില്‍ മറുപടി: യൂ ഡോണ്ട് വറി... ദിസീസ് ഔവര്‍ കേരള സ്‌റ്റൈല്‍.''
ഹിന്ദി: മേം പെഹ്‌ലാ ഡോപ് രഹാഥാ മേരീ യാത്രാ കാ പ്രാരംഭ് മേ ശബരിമല സെ ദര്‍ശന്‍ സെ കരൂംഗാ... ലേകിന്‍ കിസീന കിസി കാരണ്‍സെ ഹോ നഹീ പിയാ, ക്യോന്‍കീ മേംനെ ഹമാരെ കാര്‍കം ബനാനെ വാലാ കൊ കഹാ ഥാ.''
ഇവിടിപ്പോള്‍ സ്വാമി അയ്യപ്പന്റെ സീസണാണെന്ന് എന്നോടൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. പക്ഷേ, എന്തുചെയ്യാം, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ നേടിയ വിജയത്തെപ്പറ്റി കേട്ടപ്പോള്‍ ശബരിമലയില്‍ പോയില്ലെങ്കിലും സാരമില്ല എന്നു വിചാരിച്ച് ഞാന്‍ ഇങ്ങോട്ടുപോന്നു.''
ഹിന്ദി പ്രഭാഷകനു മനസ്സിലായി ഇയാള്‍ വേറെന്തോ പറയുന്നുവെന്ന്. പ്രഭാഷകന്‍ ചോദിച്ചു: ക്യാ ബോലാ. തര്‍ജമക്കാരന്‍ ചമ്മി അവശനായി. ഒടുവില്‍ ഒരു സൂത്രമിറക്കി: കേള്‍ക്കാന്‍ മേല.''
ഉടനെ വേദിയിലുണ്ടായിരുന്ന മറ്റൊരു ഹിന്ദി പണ്ഡിറ്റ് മൈക്ക് കൈവശപ്പെടുത്തി. ആദ്യത്തെ തര്‍ജമവിദ്വാന്‍ ജനസാഗരത്തില്‍ മുങ്ങി. ഇന്ന് ഇതെഴുതുന്ന 20 ഞായര്‍ രണ്ടു മണി വരെ പൊങ്ങിയിട്ടില്ല.
ഹിന്ദി പ്രസംഗം തുടരുന്നു: 'ഉന്‍കൊ വഹാ സുന്‍നെ ദികത്ത് ഹോത്തീദി. മേ ആജ് കേരള.''
രണ്ടാമത്തെ തര്‍ജമക്കാരനും കണ്ണുതള്ളുന്നത്' മനസ്സിലാക്കി ഹിന്ദി പ്രഭാഷകന്‍ ഫോളോ മീ'എന്ന് സരസമായി ചോദിച്ചതിന് വല്ല്യ കുഴപ്പമില്ല'എന്നു മലയാളത്തില്‍ തന്നെ മറുപടി.
ജന്‍താ കോ യാഹാകോ കാര്യകര്‍ത്താകോ ഹൃദയ്പൂര്‍വക് അഭിനന്ദന്‍ കര്‍നാ ചാഹ്താ ഇ ധന്യവാദ് കര്‍നാ ചാഹ്ത്താ ഹു.''
ഇവിടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വളരെ വിജയകരമായി നടക്കുന്നു എന്നത് എന്നെ അതിരറ്റ് ആഹ്ലാദിപ്പിക്കുന്നു. അവര്‍ക്കെല്ലാം ഞാന്‍ നമസ്‌കാരപുഷ്പങ്ങള്‍ അര്‍പിക്കുന്നു (ജനം ചെറിയ താളത്തില്‍ അപശബ്ദം പുറപ്പെടുവിക്കുന്നു).
ഹിന്ദുസ്താന്‍ മേ ആസാദീ കേ ബാദ് അഗര്‍ രാജ്‌നീതികെ നിഹാസ് ദേകാ ജായ് കിസിബി പ്രദേശ് കാ രാജ്യനീതി തിഹാസ് ദേകാ ജായ് ഔര്‍ ഉസ്‌മേ പാര്‍ട്ടി കി വികാസ്‌യാത്രാ ദേഖാ ജായ്.''
തര്‍ജമക്കാരനോട്: സംഝാ.
തര്‍ജമക്കാരന്‍ വിയര്‍പ്പുതുടച്ച് അച്ചാ'എന്നുമൊഴിഞ്ഞ് തര്‍ജമയിലേക്ക് വീണ്ടും: ഇവിടെ കാലാകാലമായി നീതി നടപ്പാക്കപ്പെടുന്നില്ല. കെട്ടിവച്ച കാശുപോലും കിട്ടാത്ത ആ പഴയ ചരിത്രം മാറി പാര്‍ട്ടിയുടെ വികാസത്തിനൊപ്പം നേതാക്കളുടെ വികാസം ശരിയായ ദിശയിലായിരുന്നില്ല എന്ന യാഥാര്‍ഥ്യം എനിക്ക് ഇവിടത്തെ സാഹചര്യങ്ങള്‍ പഠിച്ചതില്‍നിന്നു മനസ്സിലായിട്ടുണ്ട്.''
വേദിയിലുള്ളവരും ജനക്കൂട്ടവും അക്ഷരാര്‍ഥത്തില്‍ വാ പൊളിച്ചിരിക്കയാണ്. തര്‍ജമ എന്നതിന്റെ മറവില്‍ എന്താണീ കേള്‍ക്കുന്നത്? എല്ലാവരും ദുഃഖിച്ചിരിക്കവേ ഹിന്ദി പ്രസംഗകന്‍: സബ് കാ ദൂര്‍ നഹീ നഹീ നസര്‍ ആത്തീ ദീ. തര്‍ജമക്കാരന്‍ വിയര്‍ത്തൊഴുകുന്നു. ഹിന്ദി പ്രഭാഷകന്‍ ഇവിടെ ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു മന്ത്രിച്ച് ഇരിപ്പിടത്തിലേക്കു മടങ്ങുമ്പോള്‍ ജനം ഹര്‍ഷാരവം മുഴക്കുന്നു. തര്‍ജമക്കാരന്‍ ഒന്നാം തര്‍ജമക്കാരനെക്കാള്‍ വേഗം ആള്‍ക്കൂട്ടത്തില്‍ അലിയുന്നു.

*************

ഫഌഷ് ബാക്ക്
ഹു ഈസ് അഫ്‌റയ്ഡ് ഓഫ് വര്‍ജീനിയ വൂള്‍ഫ് എന്ന നാടകത്തിന്റെ പേര് വെള്ളായണി അര്‍ജുനനെ ആര്‍ക്കാണു പേടി എന്ന് വികെഎന്‍ തര്‍ജമ ചെയ്തത് തൃശൂര്‍ തര്‍ജമ ദീര്‍ഘദര്‍ശനം ചെയ്തതുകൊണ്ടാവണം. $
Next Story

RELATED STORIES

Share it