palakkad local

ഒരു ശിശുദിനം കൂടി കടന്നു പോയി: കുട്ടികള്‍ക്കായുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായി

സി കെ ശശി ചാത്തയില്‍

ആനക്കര: ഒരു ശിശുദിനംകൂടി കടന്നുപോയപ്പോള്‍ ശിശുകള്‍ക്കായി കഴിഞ്ഞ വര്‍ഷങ്ങളില്‍ കേന്ദ്ര, കേരള സംസ്ഥാനങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ് വാക്കായി. സാമൂഹ്യക്ഷേമരംഗത്ത് ഇടപെടേണ്ട സര്‍ക്കാരുകള്‍ വേണ്ട നിലയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാത്തതിനാല്‍ പോരായ്മകള്‍ ഈ മേഖലയില്‍ നിരവധിയാണ്. ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നത് ഇത്തരം വകുപ്പുകളുടെ അനാസ്ഥ മൂലമാണ്. ജില്ലയിലെ അട്ടപ്പാടി ഉള്‍പ്പടെയുളള ആദിവാസി മേഖലയില്‍ പോഷകാരകുറവ് മൂലം ഗര്‍ഭിണികളും കുട്ടികളുമെല്ലാം മരണപ്പെട്ട സംഭവം നടന്നിരുന്നു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി എന്നല്ലാതെ ഫലപ്രഥമായി നടപ്പിലാക്കിയില്ല. ജില്ലയില്‍ തന്നെ ഒരു പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ രണ്ട് അങ്കണവാടികള്‍ വീതം പ്രവര്‍ത്തിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ എത്ര എണ്ണത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ട് എന്നതിനെകുറിച്ച് ആര്‍ക്കും അറിയില്ല. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികളുണ്ട് എന്നാണ് പറയുന്നത്. ഇതില്‍ തന്നെ സ്വന്തമായി കെട്ടിടമുളള പല അങ്കണവാടികളും കാലപഴക്കംമൂലം കെട്ടിടങ്ങള്‍ തകര്‍ന്ന നിലയിലുമാണ്. അതിനാല്‍ പല അങ്കണവാടികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വാടകകെട്ടിടങ്ങളിലും പീടിക വരാന്തകളിലുമാണ്. അങ്കണവാടികളുടെ പ്രവര്‍ത്തനത്തിനായി ലക്ഷകണക്കിന് രൂപയുടെ ഫണ്ടുകളുണ്ടെങ്കിലും അവ യഥാസമയം വിനിയോഗിക്കുനില്ലന്നാണ് പറയുന്നത്. വൈദ്യുതി,ശൗചാലയങ്ങള്‍, കുടിവെളളത്തിന് കിണര്‍ എന്നിവ പോലും പലതിലുമില്ല.
അതാത് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള സാമൂഹ്യ ക്ഷേമവകുപ്പിന്റെ കീഴിലാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് അങ്കണവാടികളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നതെന്നാണ് അങ്കണവാടി അധ്യാപകരുടെ പരാതി. നേരത്തെ അങ്കണവാടികളുടെ ഗുണനിലവാരമുയര്‍ത്തുന്നതിനുളള കേന്ദ്രപദ്ധതി സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ആദ്യഘട്ടമെന്ന നിലയില്‍ നടപ്പിലാക്കിയിരുന്നു. ഇത് എത്രകണ്ട് നടപ്പിലാക്കിയെന്നും എവിടെയൊക്കെ ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നതും ഉദ്യോഗസ്ഥര്‍മാക്കുപോലും അറിയില്ല. പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലുളള ഐ.സി.ഡി.എസ് പ്രോജക്ടുകളാണ് അങ്കണവാടികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഘട്ടംഘട്ടമായി കുടുംബശ്രീ മിഷന്‍ പോലുളള സംവിധാനത്തിന്റെ കീഴിലാക്കാനും ഗുണനിലവാരം മുയര്‍ത്താനുമുളള പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ഇപ്പോള്‍ കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടക്കാത്ത സ്ഥിതിയാണ്.
2013 ലാണ് കേന്ദ്രസര്‍ക്കാര്‍ അങ്കണവാടികളുടെ നവീകരണ പ്രവര്‍ത്തനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. ഇന്ത്യയില്‍ 200 ജില്ലകളിലെ അങ്കണവാടികള്‍ കുടുംബശ്രീമിഷന്‍ മോഡലാക്കാനായിരുന്നു പദ്ധതി. നിലവില്‍ അങ്കണവാടികളുടെ ഭൗതികസൗകര്യങ്ങളാണ് ആദ്യ വികസിപ്പിക്കുക. ഇതിന് സെന്ററിന് 4.25 ലക്ഷം രൂപയാണ് അനുവദിക്കുക. 50 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവുമാണ് വഹിക്കുക. കെട്ടിടം ആവശ്യമുളളവയ്ക്ക് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കാനും വിപൂലിക്കരിക്കാനുമാണ് തുക വിനിയോഗിക്കേണ്ടത്. ആവശ്യമായ കേന്ദ്രങ്ങളില്‍ മുന്ന് വയസിന് താഴെയുളള കുട്ടികള്‍ക്ക ക്രഷ് സ്ഥാപിക്കും. ഇവിടേക്കായി ലിങ്ക് വര്‍ക്കര്‍ എന്ന പേരില്‍ ഒരു സ്ത്രീയെ നിയമിക്കും. ഇവര്‍ക്ക് പ്രതിമാസം 750 രൂപ പ്രതിഫലമായി നല്‍കും. നിലവില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിങ്ങനെയുളള പോസ്റ്റാണ് ഉളളത്. പോഷകാഹാരക്കുറവ്, തൂക്കക്കുറവ് എന്നിവയുളള കുട്ടികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കും. കൗമാരകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തും. പുതിയ കേന്ദ്രങ്ങളില്‍ ഭക്ഷണ, മരുന്ന് കിറ്റുകള്‍ എന്നിവയും നല്‍കുമെന്നായിരുന്നു പദ്ധതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെകുറിച്ച് വാര്‍ത്തകള്‍ വന്നതല്ലാതെ പദ്ധതി നടപ്പിലാക്കിയോ എന്ന് പോലും കേന്ദ്രം ഭരിക്കുന്നവര്‍ക്കോ കേരളത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കോ അറിയില്ല. കുട്ടികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി ഒട്ടേറെ പദ്ധതികള്‍ ഉണ്ടെങ്കിലും ഉവയൊന്നും താഴെ തട്ടിലേക്ക് എത്തുന്നില്ലന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it