ഒരു വാര്‍ഡ് ലഭിച്ചാല്‍ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫിന്

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിന് പകുതി സീറ്റുകളിലും എതിരില്ല. ഇതോടെ ഒരു വാര്‍ഡില്‍ മാത്രം തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നഗരഭരണം എല്‍ഡിഎഫിനു ലഭിക്കും. പത്രികാസമര്‍പ്പണ ദിവസം പൂര്‍ത്തിയായപ്പോള്‍ തന്നെ 10 സീറ്റുകളില്‍ സിപിഎമ്മിന് എതിരാളികളില്ലായിരുന്നു. ഇന്നലെ സൂക്ഷ്മപരിശോധനയില്‍ യുഡിഎഫിന്റെ നാലു പത്രികകള്‍ തള്ളിയതോടെയാണ് പകുതി സീറ്റുകളും എതിരില്ലാതായത്. ആകെ 28 സീറ്റുകളാണുള്ളത്. ഇതോടെ നഗരസഭയായി മാറിയ കന്നിയങ്കത്തില്‍ തന്നെ എല്‍ഡിഎഫിനു ആധിപത്യം ഉറപ്പായി. സിപിഎം പ്രതിനിധികളായ വെള്ളിക്കീല്‍ വാര്‍ഡിലെ കെ ഷെജി, കാനൂല്‍ വാര്‍ഡിലെ കെ പി നന്ദനന്‍, പൊടിക്കുണ്ട് വാര്‍ഡിലെ വസന്തകുമാരി എന്നിവരാണ് ഇന്നലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

ഏക സിപിഐ സ്ഥാനാര്‍ഥിയായ പുന്നക്കുളങ്ങര വാര്‍ഡിലെ പി കെ മുജീബുര്‍റഹ്മാനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.സിപിഎമ്മിന്റെ ഗുണ്ടായിസവും ഭീഷണിയുമാണ് ആന്തൂരില്‍ സ്ഥാനാര്‍ഥികള്‍ നില്‍ക്കാത്തതിനു കാരണമെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു. അതേസമയം, കണ്ണൂര്‍ ജില്ലയിലെ മറ്റു നാല് സ്ഥലങ്ങളില്‍ കൂടി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പയ്യന്നൂര്‍ നഗരസഭയിലെ ഒരു ഡിവിഷനിലും പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഡിവിഷനിലും മലപ്പട്ടം, കോട്ടയം പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലുമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
Next Story

RELATED STORIES

Share it