ഒരു വര്‍ഷത്തെ ബഹിരാകാശ വാസത്തിനു ശേഷം പര്യവേക്ഷകര്‍ തിരിച്ചെത്തി

ഫ്‌ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു വര്‍ഷത്തെ വാസത്തിനു ശേഷം യുഎസ്, റഷ്യന്‍ ബഹിരാകാശ പര്യവേക്ഷകര്‍ ഭൂമിയില്‍ തിരിച്ചെത്തി. യുഎസ് ബഹിരാകാശ സഞ്ചാരിയായ സ്‌കോട്ട് കെല്ലിയും റഷ്യന്‍ സഞ്ചാരിയായ മിഖായേല്‍ കൊര്‍നിങ്കോയുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 340 ദിവസത്തെ വാസത്തിനു ശേഷം മടങ്ങിയെത്തിയത്.
അഞ്ചു മാസം ബഹിരാകാശ നിലയത്തില്‍ തങ്ങിയ റഷ്യന്‍ ബഹിരാകാശ യാത്രക്കാരനായ സെര്‍ജി വോള്‍ക്കോവും ഇവര്‍ക്കൊപ്പമെത്തിയിട്ടുണ്ട്. മൂവരെയും വഹിച്ചുകൊണ്ടുള്ള സോയൂസ് പേടകം ഇന്നലെ രാവിലെ കസാഖിസ്താനിലെ ജെസ്‌കാസ്ഗനില്‍ ഇറങ്ങി. ചൊവ്വയിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിക്ക് മുന്നൊരുക്കമായിട്ടാണ് ബഹിരാകാശത്ത് ഒരു വര്‍ഷത്തോളം താമസിക്കാനായി ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കയച്ചത്.
ഇതോടെ സ്‌കോട്ട് കെല്ലി ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം കഴിഞ്ഞ അമേരിക്കക്കാരന്‍ എന്ന ബഹുമതി നേടി. കൂടുതല്‍ കാലം ബഹിരാകാശത്ത് വസിച്ച റഷ്യന്‍ സഞ്ചാരികളില്‍ അഞ്ചാമത്തെയാളാണ് മിഖായേല്‍ കൊര്‍നിങ്കൊ. കഴിഞ്ഞ മാര്‍ച്ച് 27നാണ് ഇവര്‍ ബഹിരാകാശത്ത് എത്തിയത്. 14.4 കോടി മൈല്‍ ദൂരം ബഹിരാകാശത്ത് സഞ്ചരിച്ചു. 5,440 തവണ ഭൂമിയെ ചുറ്റി. ബഹിരാകാശത്തു നിന്ന് സൂര്യന്റെ 10,880 ഉദയാസ്തമയങ്ങള്‍ കണ്ടു. ദീര്‍ഘകാല ബഹിരാകാശ ജീവിതം മനുഷ്യനിലുണ്ടാക്കുന്ന ശാരീരിക, മാനസിക മാറ്റം പഠിക്കുകയായിരുന്നു നാസയുടെ ലക്ഷ്യം. സ്‌കോട്ട് കെല്ലിയുടെ ഇരട്ട സഹോദരനും വിരമിച്ച ബഹിരാകാശ സഞ്ചാരിയുമായ മാര്‍ക്ക് കെല്ലിയും നാസയുടെ പരീക്ഷണത്തില്‍ സഹകരിക്കുന്നുണ്ട്.
തിരിച്ചെത്തിയവരെ നിരീക്ഷണ വിധേയമാക്കി ദീര്‍ഘകാല ബഹിരാകാശ വാസം മനുഷ്യശരീരത്തിലുണ്ടാക്കുന്ന മാറ്റം നാസ പഠിക്കും.
Next Story

RELATED STORIES

Share it