ഒരു റാങ്കിന് ഒരു പെന്‍ഷന്‍; ജയ്റ്റിലിയുടെ വസതിക്കു മുമ്പില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഒരു റാങ്കിന് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ വസതിക്കു മുമ്പില്‍ വിമുക്ത ഭടന്‍മാരുടെ പ്രതിഷേധം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ തങ്ങള്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കണം. നേരത്തേ ജയ്റ്റിലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തങ്ങള്‍ ഉന്നയിച്ച ആശങ്കകളില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചില്ലെന്നും വിമുക്ത ഭടന്‍മാര്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് വിമുക്ത ഭടന്‍മാര്‍ ജയ്റ്റിലിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത്. ജനുവരി മൂന്നിന് തങ്ങള്‍ ജയ്റ്റിലിയുടെ വസതിക്കു മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു. അന്ന് അദ്ദേഹം തങ്ങളുടെ ആവശ്യം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി സംസാരിക്കാമെന്നും അതിന്റെ മറുപടി ഒരാഴ്ചയ്ക്കകം തങ്ങളെ അറിയിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും സമരത്തിനു നേതൃത്വം നല്‍കുന്ന വിമുക്ത ഭടന്‍മാരുടെ സംഘടനയായ ഇന്ത്യന്‍ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി റിട്ട. ക്യാപ്റ്റന്‍ വി കെ ഗാന്ധി പറഞ്ഞു. രണ്ടാഴ്ച പിന്നിട്ടിട്ടും വിഷയത്തില്‍ യാതൊരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും അദ്ദേഹത്തിന്റെ വസതിക്കു മുമ്പില്‍ ധര്‍ണ നടത്തുന്നത്. വാക്കു പാലിക്കാത്ത ഒരാള്‍ക്ക് ധനകാര്യ മന്ത്രിയായിരിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്റ്റിലി പരീക്കറുമായി കൂടിക്കാഴ്ച നടത്തുന്നതുവരെ വിമുക്ത ഭടന്‍മാര്‍ ജയ്റ്റിലിയുടെ വസതിക്കു മുമ്പില്‍ ധര്‍ണ ഇരിക്കുമെന്നും ഗാന്ധി വ്യക്തമാക്കി.
വിരമിച്ച മേജര്‍ ജനറല്‍ സസ്ബീര്‍ സിങ് അടക്കം 200ഓളം വിമുക്ത ഭടന്‍മാരാണ് ഇന്നലെ ജയ്റ്റിലിയുടെ വീടിനു മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it