thiruvananthapuram local

ഒരു മുഴം മുമ്പേയെറിഞ്ഞ് എല്‍ഡിഎഫ്; ആന്റണി രാജു പര്യടനം തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനനഗരപരിധിയിലെ നാലു മണ്ഡലങ്ങളില്‍ മൂന്നിടത്തും ചിത്രം തെളിഞ്ഞതോടെ പ്രചാരണത്തില്‍ ഒരു മുഴം മുമ്പേയെറിഞ്ഞ് എല്‍ഡിഎഫ്. കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പിനാണ് നഗരം സാക്ഷിയാവുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മേല്‍ക്കൈയില്‍ ഇടതുപക്ഷം പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജു ഇന്നലെ മുതല്‍ വോട്ടഭ്യര്‍ഥിച്ച് ജനങ്ങളിലേക്കിറങ്ങി. തിങ്കളാഴ്ച രാവിലെ വഞ്ചിയൂരിലെ ഋഷിമംഗലം വാര്‍ഡില്‍ നിന്നാണ് പ്രചാരണം ആരംഭിച്ചത്.
തുടര്‍ന്ന് തൈക്കാട്, ജഗതി, കോട്ടണ്‍ഹില്‍, കണ്ണേറ്റുമുക്ക്, പാളയം, വഞ്ചിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം ജനങ്ങളെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. വൈകീട്ട് നാലിന് തൈക്കാട് വാര്‍ഡിലെത്തിയ ആന്റണി രാജുവിന് എ സമ്പത്ത് എംപിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇന്നു രാവിലെ 9.30ന് ചെന്തിട്ടയില്‍ നിന്ന് പര്യടനം ആരംഭിക്കും. മുക്കാല്‍ പങ്കും നഗരപ്രദേശങ്ങളും ബാക്കി കടലോരമേഖലയും ചേരുന്ന മണ്ഡലം പൊതുവെ യുഡിഎഫ് അനുകൂലമെങ്കിലും ഇത്തവണ ഫലം തീര്‍ത്തും പ്രവചനാതീതമാവും.
സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി എസ് ശിവകുമാറും കഴിഞ്ഞ രണ്ടുവട്ടം മല്‍സരത്തിനൊരുങ്ങിയെങ്കിലും സീറ്റുറപ്പിക്കാന്‍ കഴിയാതെപോയ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ക്രിക്കറ്റ് താരം എസ് ശ്രീശാന്തും (ബിജെപി) തിരുവനന്തപുരം പിടിക്കാന്‍ ഇറങ്ങിയതോടെ മണ്ഡലം കേരളത്തിന്റെ പൊതുശ്രദ്ധനേടിയിട്ടുണ്ട്. കേന്ദ്രം നേരിട്ട് ഇടപെട്ട് എസ് ശ്രീശാന്തിനെ പിന്തുണച്ചത് യുവാക്കളുടെ വലിയ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലോടെയാണ്. ക്രിക്കറ്റ്, സിനിമാതാരങ്ങള്‍ കൂടി പ്രചാരണത്തിനെത്തുന്നതോടെ തിരുവനന്തപുരത്തെ മല്‍സരം തിളങ്ങും. ശ്രീശാന്ത് ഇന്ന് പ്രചാരണം ആരംഭിക്കും. എന്നാല്‍, ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരാന്‍ കാത്തിരിക്കുകയാണ് വി എസ് ശിവകുമാര്‍. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളാണ് ശിവകുമാറിന്റെ മുതല്‍ക്കൂട്ട്.
മൂന്നു തവണ ലോക്‌സഭാംഗവും നിലവിലെ എംഎല്‍എയുമായ കെ മുരളീധരനാണ് വട്ടിയൂര്‍ക്കാവില്‍ കൈപ്പത്തി ചിഹ്നത്തില്‍ ഇത്തവണയും മല്‍സരിക്കുന്നത്. മണ്ഡലത്തില്‍ കെ മുരളീധരന്റെ ജനകീയതയെയാണ് പാര്‍ട്ടി വോട്ടാക്കാന്‍ ശ്രമിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ടി എന്‍ സീമയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എംപി ഫണ്ടിന്റെ ഉപയോഗത്തിലെ മേല്‍ക്കൈയാണ് ടി എന്‍ സീമയുടെ പ്രചാരണത്തിന്റെ മുഖ്യഘടകം.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എന്നാല്‍, ഇത്തവണ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ നേമം മണ്ഡലം ശ്രദ്ധാകേന്ദ്രമായിരുന്നു. അരയും തലയും മുറുക്കി ബിജെപി കൂടി മല്‍സരരംഗത്തിറങ്ങുമ്പോള്‍ നേമം മണ്ഡലം ഇത്തവണത്തെ കടുത്ത പോരാട്ടവേദിയാവും. ഇടതു-വലതുകക്ഷികളും ബിജെപിയും ഒരേപോലെ പ്രതീക്ഷ പുലര്‍ത്തുമ്പോഴാണു നേമം യഥാര്‍ഥത്തില്‍ ഏറ്റവും കടുത്ത ത്രികോണ മല്‍സരത്തിനു വേദിയാവുന്നത്.
വി ശിവന്‍കുട്ടിയും ഒ രാജഗോപാലും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതനായിരുന്ന വി സുരേന്ദ്രന്‍പിള്ള ഇത്തവണ ജനതാദളിലേക്ക് ചേക്കേറി യുഡിഎഫിനു വേണ്ടി രംഗത്തിറങ്ങുകയാണ്. ഇതോടെ മല്‍സരം കനക്കും.
6,415 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2011ല്‍ ശിവന്‍കുട്ടി വിജയിച്ചത്. എന്നാല്‍, പിന്നീടങ്ങോട്ടു നടന്ന തിരഞ്ഞെടുപ്പുകളിലെ കണക്കുകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം ലഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷനിലെ 22 വാര്‍ഡുകള്‍ നേമം മണ്ഡലത്തിന്റെ ഭാഗമായി. ഇതില്‍ 10 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലെ ഈ മേല്‍ക്കൈയോടൊപ്പം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മറികടന്നു രണ്ടാം സ്ഥാനത്തെത്തിയ ഒ രാജഗോപാലും കൂടി ചേരുമ്പോള്‍ ബിജെപി നേമം മണ്ഡലത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്നു.
എന്നാല്‍, വി ശിവന്‍കുട്ടി ശക്തമായിത്തന്നെ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ശിവന്‍കുട്ടിക്ക് അനുകൂലമായി വീഴുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. ബിജെപി വോട്ടുകള്‍ക്കൊപ്പം ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണവും ഈ മൂന്നു മണ്ഡലങ്ങളില്‍ അട്ടിമറിക്ക് കാരണമായേക്കും.
Next Story

RELATED STORIES

Share it