Second edit

ഒരു മറുവഴി

മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസം തലസ്ഥാനത്തുണ്ടാവണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍ശന നിര്‍ദേശം. മിക്ക ദിവസങ്ങളിലും നാടുതോറും മന്ത്രിപ്പട കറങ്ങിനടക്കുന്ന അനുഭവപശ്ചാത്തലമുള്ള നമ്മുടെ നാട്ടില്‍ ഈ നിര്‍ദേശം എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന് കണ്ടറിയുകതന്നെ വേണം. ഏതായാലും ഒരു കാര്യം പറയാതെ വയ്യ- വളരെ നല്ല നിര്‍ദേശമാണ് മുഖ്യമന്ത്രിയുടേത്.
ഉദ്ഘാടനപ്പിരാന്ത് തലയ്ക്കു കയറിയ മന്ത്രിമാരും മന്ത്രിയില്ലാതെ എന്തു പൊതുചടങ്ങ് എന്ന് ശരിക്കും വിശ്വസിക്കുന്ന നേതാക്കന്‍മാരുമുള്ള നമ്മുടെ നാട് എങ്ങനെയാണ് ഈ മാറ്റം ഉള്‍ക്കൊള്ളുക എന്നത് ഒരു ചോദ്യം തന്നെയാണ്. പൊതുചടങ്ങുകളില്‍ മാത്രമല്ല, കല്യാണപ്പന്തലിലും മരണവീട്ടിലുമെല്ലാം മന്ത്രി കയറിയിറങ്ങിയാലേ നമുക്ക് ജനാധിപത്യപ്രക്രിയ പൂര്‍ണമാക്കാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ഒരു മറുവഴി ആലോചിക്കാവുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനങ്ങള്‍ നടത്തുക. ടെക്‌നോളജിയുടെ സാന്നിധ്യം വളരെയധികം വര്‍ധിച്ചിട്ടുള്ള ഇക്കാലത്ത് സംഗതി വളരെ എളുപ്പമാണുതാനും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലിരുന്നു മന്ത്രി ഉദ്ഘാടനം നടത്തട്ടെ, പ്രസംഗിക്കട്ടെ. മന്ത്രിസാന്നിധ്യം ഉറപ്പായിക്കിട്ടും. ആള്‍ക്ക് സ്ഥലം വിടേണ്ടതുമില്ല.
മന്ത്രിയോടൊപ്പം വേദിയിലിരച്ചുകയറി സെല്‍ഫിയെടുക്കുന്ന നേതാക്കന്‍മാര്‍ക്കേ ഉണ്ടാവൂ ഇതുമൂലം പ്രശ്‌നം. അത് നമുക്കങ്ങ് അവഗണിക്കാം.
Next Story

RELATED STORIES

Share it