ഒരു മരണം നല്‍കുന്ന പാഠങ്ങള്‍

ഒരു മരണം നല്‍കുന്ന പാഠങ്ങള്‍
X
slug-sasthram-samoohamഅപ്രിയമാണെങ്കിലും ചില സത്യങ്ങള്‍ പറയാതെ വയ്യല്ലോ. പൊതുവായി പറഞ്ഞാല്‍, നമുക്ക് സുരക്ഷയെക്കുറിച്ച് തീരെ ബോധമില്ല. അറിയാന്‍ താല്‍പര്യവുമില്ല. പണ്ട് ഗ്രാമത്തില്‍ ഓടിക്കളിച്ചുനടന്നിരുന്ന അതേ രീതിയില്‍ ഇന്നു നഗരത്തില്‍ ചെയ്യാം, അല്ലെങ്കില്‍ ചെയ്യണം എന്നാണ് പലരും കരുതുന്നത്. സൈക്കിള്‍ ചവിട്ടുന്ന അതേ ലാഘവത്തോടെയല്ലേ മോട്ടോര്‍ സൈക്കിളും ഓടിക്കുന്നത്?
ഇത് ഇപ്പോള്‍ പറയാന്‍ കാരണം തൊഴിലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടങ്ങളാണ്. ഇത്തരം അപകടങ്ങളെപ്പറ്റി നമ്മുടെ നാട്ടില്‍ ചര്‍ച്ചകള്‍ നടക്കാറില്ല. കെട്ടിടങ്ങള്‍ പണിയുമ്പോഴും അവ ചായം പൂശുമ്പോഴും മറ്റും പണിക്കാര്‍ നില്‍ക്കുന്നതു കാണുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സംരക്ഷണം ഇല്ലെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. ഇരുപതോ മുപ്പതോ മീറ്റര്‍ ഉയരത്തില്‍ കെട്ടിത്തൂക്കിയ ഒരു വീതി കുറഞ്ഞ പലകയില്‍ നിന്നോ ഇരുന്നോ ആണ് പണിക്കാര്‍ ജോലി ചെയ്യുന്നത്. ഒരു ചെറിയ അബദ്ധം പറ്റി മറിഞ്ഞാല്‍ കഥ കഴിഞ്ഞതുതന്നെ.
അങ്ങനെയൊരു അപകടം സംഭവിക്കുന്നതു തടയാനായി ഉറപ്പുള്ള കയറോ കേബിളോ ഉപയോഗിച്ച് കെട്ടിടത്തില്‍ ബന്ധിപ്പിച്ച കവചം ദേഹത്തു ധരിക്കുന്ന പതിവ് പാശ്ചാത്യരാജ്യങ്ങളിലുണ്ട്. ഇവിടത്തെ പണിക്കാര്‍ അത്തരമൊരു സുരക്ഷാ സംവിധാനവും ഉപയോഗിക്കുന്നത് ഈ ലേഖകന്‍ കണ്ടിട്ടില്ല. എന്നു മാത്രമല്ല, ഒന്നുരണ്ടു തവണ പണിക്കാരോട് ചോദിച്ചപ്പോള്‍ അവരത് തമാശയായി കണക്കാക്കുകയാണ് ചെയ്തത്. പറഞ്ഞുവന്നതും അതുതന്നെയാണ്. സുരക്ഷ എന്ന കാര്യം പലപ്പോഴും തമാശയായാണ് പരിഗണിക്കപ്പെടുന്നത്.
എന്നാല്‍, നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015ലെ റിപോര്‍ട്ടനുസരിച്ച് 2013ല്‍ 12,803 പേരും 2014ല്‍ 15,399 പേരുമാണ് വീണു മരിച്ചത്. ഈയിടെ നടന്ന ദാരുണമായൊരു മരണത്തിനു പിന്നിലുള്ളതും ഈ അശ്രദ്ധയാണ്. കോഴിക്കോട്ട് പാളയത്ത് ജയ ഹോട്ടലിന് എതിര്‍വശത്തുള്ള മാന്‍ഹോളില്‍ വൃത്തിയാക്കാനായി നിയോഗിക്കപ്പെട്ട രണ്ട് ആന്ധ്ര സ്വദേശികളും അവരെ രക്ഷിക്കാന്‍ ശ്രമിച്ച് അതേ മാന്‍ഹോളില്‍ വീണു മരിച്ച നൗഷാദിന്റെയും കാര്യമാണ് ഉദ്ദേശിച്ചത്.
ഭൂമിക്കടിയിലൂടെയുള്ള ഓട വൃത്തിയാക്കാനായി രണ്ടു ആന്ധ്രസ്വദേശികള്‍ മാന്‍ഹോളിലൂടെ താഴേക്കിറങ്ങി. വളരെ കാലമായി അടഞ്ഞുകിടന്നിരുന്ന മാന്‍ഹോളിന്റെ അടപ്പു നീക്കിയപ്പോള്‍ തന്നെ വിഷവാതകം പുറത്തേക്കു വരുന്നതായി തോന്നിയിരുന്നുവത്രേ. ആദ്യം ഇറങ്ങാന്‍ തുടങ്ങിയയാള്‍ തല ചുറ്റി വീഴുന്നതു കണ്ടു രക്ഷിക്കാനായി രണ്ടാമത്തെയാള്‍ ഇറങ്ങി. അയാളും തല ചുറ്റി വീണപ്പോള്‍ കാലത്ത് ജോലി തുടങ്ങാനായി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ നൗഷാദ്, അടുത്ത കടയില്‍ പറഞ്ഞിരുന്ന ചായ പോലും കുടിക്കാതെ കടന്നുവന്നു. ഉള്ളില്‍ കിടന്നിരുന്നവര്‍ കൈയില്‍ പിടിച്ച ശക്തിയില്‍ നൗഷാദും കൂടി ഉള്ളിലേക്കു വീഴുകയാണുണ്ടായത്.
ആരാണ് തെറ്റ് ചെയ്തത്? ഇവിടെയാണ് സമൂഹം തന്നെ തെറ്റുകാരാവുന്നത്. സുരക്ഷാകാര്യങ്ങള്‍- ഹെല്‍മറ്റ് വയ്ക്കുന്നതായാലും കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതായാലും വെല്‍ഡിങ് ചെയ്യുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുന്നതായാലും- എന്തോ മോശപ്പെട്ട കാര്യമാണെന്ന ധാരണയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരുണ്ട് നമുക്കിടയില്‍. സുരക്ഷാകാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതാണ് അവരുടെ ഉത്തരവാദിത്തം.
നൗഷാദിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചത്? ഓടയ്ക്കുള്ളിലും അതുപോലെ ഇടുങ്ങിയ ഇടങ്ങളിലും പ്രവേശിക്കുന്നതിനു മുമ്പുതന്നെ അവ മനുഷ്യനു കടക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കിണറ്റില്‍ വീണയാളെ രക്ഷിക്കാനായി ഇറങ്ങി ബോധംകെട്ടുപോവുകയും മരണപ്പെടുക പോലും ചെയ്ത വാര്‍ത്തകള്‍ വായിച്ചത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. അവിടെയും സംഭവിക്കുന്നത് ഏതാണ്ട് സമാനമായ കാര്യം തന്നെയാണ്.
ഓടകളില്‍ പല തരം വസ്തുക്കള്‍ ഒഴുകിവരുകയും അഴുകുകയും മറ്റും ചെയ്യുന്നതിന്റെ ഫലമായി ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന വാതകം ഉണ്ടാകുന്നു. തൊണ്ട് അഴുകാനിടുന്ന തടാകങ്ങളുടെ സമീപത്ത് ചീഞ്ഞ മുട്ടയുടേതുപോലത്തെ മണമുണ്ടാക്കുന്ന വാതകം തന്നെയാണിത്. ഇത് പല തരത്തില്‍ ശരീരപ്രവര്‍ത്തനങ്ങളെ ബാധിക്കാം. ചെറിയ തോതില്‍ വായുവില്‍ ഉണ്ടെങ്കില്‍ കണ്ണില്‍ അസ്വസ്ഥതയുണ്ടാക്കുന്നതു മുതല്‍ ഓക്‌സിജന്റെ ഫലപ്രദമായ ഉപയോഗം തടയുകയും നാഡീവ്യൂഹത്തെ ബാധിക്കുകയും വരെ ചെയ്യാം.
ഈ വാതകം വായുവിനേക്കാള്‍ സാന്ദ്രത കൂടിയതായതിനാല്‍ തറയില്‍ അടിഞ്ഞുകൂടുകയും താഴ്ന്ന ഇടങ്ങളിലേക്ക് ഒഴുകുകയും ചെയ്യും. സ്വാഭാവികമായും ഇത്തരം വാതകങ്ങള്‍ ഓടയ്ക്കുള്ളില്‍ കടന്നുകഴിഞ്ഞാല്‍ പുറത്തേക്കു പോകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് ഇതുപോലുള്ള ഏടാകൂടങ്ങളില്‍ കടക്കുന്നതിനു മുമ്പ് ചില സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിരിക്കണമെന്നു നിയമമുള്ളത്.
ഇതിന് ഏറ്റവും നല്ല ഉദാഹരണം ഇതേ സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സ് എന്തു ചെയ്തുവെന്നു പരിശോധിക്കുകയാണ്. മാന്‍ഹോളിനുള്ളില്‍ വിഷവാതകം ഉണ്ടായിരിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജന്‍ ഉള്ളിലേക്കു കടത്തിവിടുകയാണ് അവര്‍ ചെയ്തത്. അകത്തേക്ക് ഇറങ്ങുന്നതിനു മുമ്പായി ദേഹത്തു കയര്‍ ബന്ധിപ്പിച്ച ശേഷം അതിന്റെ മറ്റേയറ്റം പുറമേയും ബന്ധിപ്പിച്ചിട്ടേ അവര്‍ ഉള്ളിലേക്ക് ഇറങ്ങിയുള്ളൂ. എന്തെങ്കിലും കാരണവശാല്‍ പുറത്തേക്കു വരാനായി സഹായം ആവശ്യമായിവന്നാല്‍ അതിനായിരുന്നു കയര്‍ ബന്ധിപ്പിച്ചത്. വാസ്തവത്തില്‍ ഈ തയ്യാറെടുപ്പുകള്‍ ചെയ്ത ശേഷം മാത്രമേ തൊഴിലാളികളെ അകത്തേക്ക് ഇറക്കാന്‍ പാടുണ്ടായിരുന്നുള്ളൂ.
പണ്ട് പണിക്കാര്‍ക്കുണ്ടായിരുന്ന അറിവ് ആധുനിക കാലമായപ്പോഴേക്കു നഷ്ടപ്പെട്ടിരിക്കുന്നു. നൗഷാദിന്റെ മരണത്തെത്തുടര്‍ന്നും നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നത് നൗഷാദ് എന്ന മനുഷ്യസ്‌നേഹിയുടെ ധീരതയും അതിനെ കുറ്റപ്പെടുത്തിയ നേതാവിന്റെ മനുഷ്യത്വമില്ലായ്മയുമാണ്. ഇതിനിടെ മറന്നുപോയത് ഈ ദാരുണ സംഭവത്തിനുള്ള കാരണമെന്തെന്നും അതെങ്ങനെ ഒഴിവാക്കാമായിരുന്നു എന്നുമുള്ള ചര്‍ച്ചയാണ്. അക്കൂട്ടത്തില്‍ നഷ്ടപ്പെട്ടത് ഇത്തരം അപകടങ്ങളെപ്പറ്റി ജനങ്ങളെ അറിയിക്കാനുള്ള നല്ലൊരു അവസരവും ഇതിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ്.
ഒരു കെട്ടിടം തീ കത്തുന്നതു കാണുമ്പോള്‍ ആരും ആരെയും രക്ഷിക്കാനായി ഉള്ളിലേക്കു ചാടാറില്ല. എന്നാല്‍, ഒളിഞ്ഞിരിക്കുന്ന വിഷവാതകം കാണാനും അതേപ്പറ്റി അറിയാനും സാധാരണഗതിയില്‍ കഴിയില്ല. അതുകൊണ്ടുതന്നെ അതിനു പ്രത്യേകമായ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ പണിക്കാരെ നിയോഗിക്കാവൂ. ഇത്തരം സ്വരക്ഷാകാര്യങ്ങള്‍ നമ്മുടെ സമൂഹവും അതിന് ഉത്തരവാദികളായവരും എന്നു മനസ്സിലാക്കുന്നോ, അന്നു മാത്രമേ ഇത്തരം അപകടമരണങ്ങള്‍ ഇല്ലാതാവൂ. $
Next Story

RELATED STORIES

Share it