dwaivarika

ഒരു ഭാരതീയന്റെ ചതുരുപായങ്ങള്‍

ഒരു ഭാരതീയന്റെ ചതുരുപായങ്ങള്‍
X
njanenna-bharathee-yan

വായന

വി മുഹമ്മദ് കോയ
ദേശങ്ങള്‍ക്ക് പേരുവരുന്നതിനു പല കാരണങ്ങളുമുണ്ടാവും. അമേരിഗോ വെസ്ഫുചി വടക്കേ അമേരിക്കയുടെ ഏതോ ഒരു ഭാഗത്ത് കപ്പലടുപ്പിച്ചതിനാലാണ് അമേരിക്ക അമേരിക്കയായത്. ഇന്ത്യക്ക് ആ പേരുവന്നതിന്റെ കാരണം സിന്ധുനദിയാണ്. അത് സാവകാശം ഉപഭൂഖണ്ഡത്തിനു പൊതുവായി ഉപയോഗിക്കുന്ന നാമമായി. അതുപോലെ സിന്ധു-ഗംഗാ സമതലത്തില്‍ ഉണ്ടായിരുന്ന ഒരു ചെറിയ നാട്ടുരാജ്യം മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ അത് ബഹുസ്വരതയും സാംസ്‌കാരികാന്തരങ്ങളും ഏറെയുള്ള ഒരു മഹാരാജ്യത്തിന്റെ പേരായി മാറുന്നു. ഭരണഘടനയുടെ തുടക്കത്തില്‍ ഇന്ത്യ അതായത് ഭാരത് എന്ന പ്രയോഗം വരുന്നത് ഭരണഘടനാ നിര്‍മാണസഭയിലെ വോട്ടെടുപ്പിലൂടെയാണ്. ഇന്ത്യയെ ഭാരതമെന്ന് മാത്രം വിളിക്കുന്നവര്‍ക്കൊരു രാഷ്ട്രീയമുണ്ട്. പരോക്ഷമായി സാംസ്‌കാരികമായ മേല്‍ക്കോയ്മ സ്ഥാപിക്കുന്നതിന്റെ സൂചനയാണിത്. കെകെ മുഹമ്മദ് എന്ന പ്രഗത്ഭ പുരാവസ്തു ശാസ്ത്രജ്ഞന്‍ 'ഞാന്‍ ഭാരതീയന്‍' എന്ന് തന്റെ ഓര്‍മപ്പുസ്തകത്തിന് പേരിടുന്നതിലും ഒരു രാഷ്ട്രീയമുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം കൊടികയറുന്ന ഇക്കാലത്ത് ഇത്തരം സെല്‍ഫികള്‍കൊണ്ട് ഏറെ ഗുണമുണ്ട്. മുഹമ്മദിന്റെ പ്രധാന പ്രമേയം ബാബരി മസ്ജിദാണ്. ബാബറുടെ സര്‍വാധിപനായ മീര്‍ ബാഖി പള്ളിപണിതത് ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടായിരുന്നു എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അഷ്ടദിക്കുകളിലും പുകള്‍പെറ്റ രാമരാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ തേടി പ്രഫ. പിബി ലാലിന്റെ നേതൃത്വത്തില്‍ വടക്കേ ഇന്ത്യയിലെ പല ഭാഗത്തും പുരാവസ്തു ഗവേഷകര്‍ കിളച്ചു നടന്നിരുന്നു. ലാല്‍ നേതൃത്വം വഹിച്ച സംഘത്തില്‍ ഉണ്ടായിരുന്ന പന്ത്രണ്ടു ഗവേഷക വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നുവത്രെ മുഹമ്മദ്. താന്‍ ബാബരി മസ്ജിദ് സന്ദര്‍ശിച്ചപ്പോള്‍ ഹിന്ദു ദേവി-ദേവന്മാരുടെ ചിത്രങ്ങള്‍ കൊത്തിയ ക്ഷേത്രത്തൂണുകള്‍ അവിടെ കണ്ടുവെന്നു മുഹമ്മദ് എഴുതുന്നു. ഈ പ്രശ്‌നം കൊടുമ്പിരികൊള്ളുമ്പോള്‍ ആര്‍എസ്എസ് വാരികയ്ക്ക് രാമക്ഷേത്രത്തിനനുകൂലമായ ആമുഖം കൊടുത്ത പുരാവസ്തു വിദഗ്ധനാണ് മുഹമ്മദ്. അവതാരികയില്‍ എംജിഎസ് എഴുതുന്നു: 143 പേജുകളുള്ള ഈ പുസ്തകത്തിന്റെ കര്‍ത്താവ് കൊടുവള്ളി സ്വദേശിയായ കെകെ മുഹമ്മദ് എന്ന പ്രഗത്ഭനായ പുരാവസ്തു ശാസ്ത്രജ്ഞനാണ്. ഗ്രന്ഥകാരനെ അവതാരികയില്‍ എംജിഎസ് പരിചയപ്പെടുത്തുന്നത് ഇങ്ങനെ: പുരാവസ്തു ശാസ്ത്രംപോലെ ശാസ്ത്രത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സൃഷ്ടിപരമായ ജ്ഞാനം ഉണ്ടാവുന്നത് വളരെ ദുര്‍ലഭമായ ഒരു നേട്ടമാണ്. എന്നാല്‍ അതിലപ്പുറം കടന്നു ഈ ശാസ്ത്രത്തെ രാഷ്ട്ര സേവനത്തില്‍ നാടകീയമായ വിധം പ്രയോജനപ്പെടുത്താന്‍കൂടി കഴിവുണ്ടായാല്‍ അതൊരാളെ മഹാനാക്കുന്നു. എംജിഎസ് വീണ്ടും തുടരുന്നു: ഇക്കാലത്ത് ബുദ്ധിപരമായ സത്യസന്ധത, ധീരത, സാഹസികത, ജനസേവനതല്‍പരത എന്നീ ഗുണങ്ങള്‍കൂടെ പ്രദര്‍ശിപ്പിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളാണ് മുഹമ്മദെന്ന കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല. ‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമന്തരംഗമെന്നു കവി നമ്മെ ഉപദേശിച്ചിട്ടുണ്ട്. ആയ്‌ക്കോട്ടെ. എന്നാല്‍ ഇന്ത്യക്കാരനാണു താനെന്നൊരാള്‍ അഭിമാനത്തോടെയും അന്തസ്സോടെയും പറയുമ്പോള്‍ ചിലര്‍ക്കെന്തേ നെറ്റി ചുളിയുന്നുവെന്നാണ് മനസ്സിലാവാത്തത്. ഒരാള്‍ ഇന്ത്യക്കാരനാവുന്നത് രാഷ്ട്രത്തിന്റെ അഖണ്ഡതയില്‍ ഉറച്ചുവിശ്വസിക്കുമ്പോഴും അതിന്റെ അവിച്ഛിന്നമായ ബഹുസ്വരതയില്‍ അഭിമാനം കൊള്ളുമ്പോഴുമാണ്. അതല്ലാതെ വിഘടിച്ചു നിന്നിരുന്ന അനേകായിരം നാട്ടുരാജ്യങ്ങളിലൊന്നിന്റെ അമരക്കാരനായ ഒരു ഭരതന്‍ ഇരുപത്തിയേഴായിരം വര്‍ഷം രാജ്യം ഭരിച്ചുവെന്ന് വിശ്വസിക്കേണ്ടതില്ല. മഹത്തായ ഒരു ക്ലാസിക്, യഥാര്‍ഥ സംഭവമാണെന്ന് വിശ്വസിക്കേണ്ടതില്ല. ഇന്ത്യയില്‍ രാമനെയും കൃഷ്ണനെയും മുന്‍നിര്‍ത്തി 6,935 ഗ്രാമങ്ങളെങ്കിലുമുണ്ടെന്ന് ഈയിടെ വായിക്കുകയുണ്ടായി. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് രാമായണം ചരിത്രമാക്കുവാനെന്തേ ഇത്ര വാശിയെന്ന് ചോദിക്കുന്നത് സാക്ഷാല്‍ എംജിഎസ് തന്നെയാണ്. എല്ലാം കല്‍പിതകഥകളാണെന്നു ഭക്തിലഹരി തലയ്ക്കു പിടിക്കാത്തവര്‍ക്ക് ബോധ്യമാവുമെന്നും എംജിഎസ് തുടരുന്നു. (എംകെ സാനു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന്. വിഷയം: 'കല്‍പിത കഥയാവരുത് ചരിത്രം')ക്രിസ്തുവിന് മുമ്പ് ഏകദേശം 563 ല്‍ (മഹാഭാരത രചനയ്ക്ക് ഇപ്പുറം 3000 വര്‍ഷങ്ങള്‍) ഗൗതമബുദ്ധനെന്ന സിദ്ധാര്‍ഥന്‍ കപില വസ്തുവിലെ ശുദ്ധോദന രാജാവിന്റെ മകനായി ജനിക്കുമ്പോള്‍ അഞ്ഞൂറോളം നാട്ടുരാജ്യങ്ങളിലൊന്നായിരുന്നുവത്രെ ശുദ്ധോദനന്റേത്. എന്തിനേറെ 69 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാരന്‍, എന്നാല്‍ ഇതാ പിടിച്ചോ സ്വാതന്ത്ര്യമെന്നു നമ്മോടു പറഞ്ഞപ്പോള്‍ ഈ മഹാരാജ്യത്തിന്റെ നാനാ ഭാഗത്തേക്കുമോടി കാക്കത്തൊള്ളായിരം നാട്ടുരാജാക്കന്മാരെ ഇക്കിളിപ്പെടുത്തിയും കണ്ണുരുട്ടിക്കാണിച്ചുമെല്ലാം മെരുക്കിയ കഥ വി പങ്കുണ്ണി മേനോനെന്ന വിപി മേനോന്‍ അക്കാലത്തു പലരോടും പറഞ്ഞിട്ടുണ്ട്. പറഞ്ഞുകൊണ്ടുവരുന്നത് ഇത്തരത്തിലുള്ള ഒരു നാട്ടുരാജ്യത്തിന്റെ -അത് അണ്ണാക്ക് തൊടാതെ വിഴുങ്ങി വിശ്വസിക്കാമെങ്കില്‍- പേരിലാണോ കേവലമൊരിന്ത്യക്കാരന്‍ അഭിമാനം കൊള്ളേണ്ടതും അറിയപ്പെടേണ്ടതും. ഇനിയവന്‍ ഈ പുരാണകഥയില്‍ വിശ്വസിക്കാതെയിരിക്കുകയും അഭിമാനപൂരിതമാവാതെയവന്റെയന്തരംഗം നില്‍ക്കുകയുമാണെങ്കില്‍ അവന്‍ രാജ്യസ്‌നേഹിയല്ലെന്നു വരുമോ?വര്‍ത്തമാകാലത്ത് ഇന്ത്യക്കാരനെന്നു പറയരുതെന്നാണ് പ്രമാണം. ആസ്ഥാനത്തൊക്കെയും ഭാരതീയനെന്നു വിളിക്കണം. എന്നാലെന്താണ് ഇന്ത്യയെ ഭാരതമെന്നു പുനര്‍നാമകരണം ചെയ്യാന്‍ താമസം.ഈ പുസ്തകത്തിന്റെ പേജുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഗ്രന്ഥകാരന്‍ ആരുടെയോ കൈയടി വാങ്ങാന്‍ ശ്രമിക്കുന്നുവെന്ന തോന്നലാണുണ്ടാവുക. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പും വായിച്ചെടുക്കാം. ഇടതുപക്ഷ ചരിത്രകാരന്മാരെ നേരത്തെതന്നെയദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. മുഹമ്മദ് ഗസ്‌നിയും മുഹമ്മദ് ഗോറിയും ഔറംഗസേബുമൊക്കെ ക്ഷേത്രധ്വംസനം നടത്തിയത് ക്ഷേത്രഭണ്ഡാരങ്ങളില്‍ കണ്ണുവച്ചായിരുന്നുവെന്ന് പല ചരിത്രകാരന്മാരും നിരീക്ഷിച്ചതിനെ മുഹമ്മദ് വിമര്‍ശിക്കുന്നു. മുസ്‌ലിം ഭരണാധികാരികള്‍ ചെയ്ത അതിക്രമങ്ങളെ സാമ്പത്തിക വീക്ഷണത്തിലൂടെ മാത്രം കാണുന്ന ഇടതുപക്ഷ ബുദ്ധിജീവികളെ മുഹമ്മദ് കളിയാക്കുന്നു. മതപരമായ വീക്ഷണം വച്ചാണ് രാജാക്കന്മാര്‍ പെരുമാറിയതെന്നാണ് ഇതിന്റെ ധ്വനി. ഈ വിഷയത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു എന്താണു പറയുന്നതെന്നു നോക്കാം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലിം ആക്രമണത്തെയോ മുസ്‌ലിം കാലഘട്ടത്തെയോ കുറിച്ചു പറയുന്നത് ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷുകാരുടെ വരവിനെ കുറിച്ച് ക്രിസ്ത്യന്‍ ആക്രമണമെന്നു പറയുകയോ ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തെ ക്രിസ്ത്യന്‍ കാലഘട്ടമെന്നു വിളിക്കുകയോ ചെയ്യുന്നത് തെറ്റായിരിക്കുന്നതുപോലെതന്നെ തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാവുന്നു. ഇസ്‌ലാം ഇന്ത്യയെ അക്രമിച്ചിട്ടില്ല.”(ഇന്ത്യയെ കണ്ടെത്തല്‍ -നെഹ്‌റു)അതേയവസരം, മുസ്‌ലിംകള്‍ കൂട്ടക്കൊലക്കിരയായതും ചുട്ടെരിക്കപ്പെട്ടതും ഗര്‍ഭസ്ഥ ശിശുവിനെ ശൂലംകൊണ്ട് കുത്തി പുറത്തുചാടിച്ചതും പിന്നീട് ഉമ്മയെ തീയിട്ട് കൊന്നതുമെല്ലാം ചരിത്രത്തിന്റെ പ്രവാഹത്തില്‍ സംഭവിക്കുന്നതാണത്രെ. (പുറം: 124) അത് കാര്യമാക്കാനില്ലെന്നര്‍ഥം. മാത്രവുമല്ല സംഘപരിവാര്‍ പ്രഭൃതികള്‍പോലും പറയാന്‍ ധൈര്യപ്പെടാത്ത ഒരു കാര്യം മുഹമ്മദ് പറയുന്നു. അതൊക്കെ ഇനിയും സംഭവിക്കാമെന്ന്. ന്യായീകരണവും മുഹമ്മദിന്റെ ഭാഗത്തു നിന്നുണ്ട്. മധ്യഭരണകാലത്ത് അതിനെക്കാള്‍ ക്രൂരതകള്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നുവത്രെ. ഇനിയാണു ഗ്രന്ഥകാരന്‍ ശരിക്കും മനസ്സ് തുറക്കുന്നത്. ഹിന്ദുവര്‍ഗീയത മൗലിക രൂപത്തിലുള്ളതല്ല. അത് പലപ്പോഴും പൊട്ടിപ്പുറപ്പെടുന്നത് മറ്റു സംഭവങ്ങളുടെ തിരിച്ചടി എന്ന രൂപത്തിലാണ്. ഗോദ്രയില്‍ സംഭവിച്ചതുപോലും അങ്ങനെയാണ്. (പുറം: 124) ഗോദ്രയുടെ പുറകിലെ 'ധിഷണ'യായി നരേന്ദ്രമോദിയുടെ നൃശംസതയെ കുറിച്ച് ഒരു പരാമര്‍ശംപോലും ഈ പുസ്തകത്തിലില്ല. സംഘപരിവാറിന്റെ മൈക്ക് മുഹമ്മദ് കൈയില്‍ വാങ്ങി സംസാരിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ വേറെയും ഈ കൃതിയിലുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആഞ്ഞടിച്ച ഒരു വര്‍ഗീയകലാപവും മുഹമ്മദ് കണ്ടിട്ടില്ല. റൂര്‍ക്കലയിലും ജംഷദ്പൂരിലും തുടങ്ങി ഗോദ്രയിലും മുംബൈയിലുമെല്ലാം അഴിഞ്ഞാടിയ വംശഹത്യകള്‍ എല്ലാമീ ചരിത്രകാരന്റെ അഭിപ്രായത്തില്‍ തിരിച്ചടിയാണ്. ഹിന്ദു ബാക്ക്‌ലാഷ്. ബോംബെ കലാപത്തെക്കുറിച്ച് ശ്രീകൃഷ്ണ കമ്മീഷന്‍ പറഞ്ഞതൊക്കെ നമ്മുടെ മുമ്പിലുണ്ട്. ഗുജറാത്തിലെ ഏറ്റുമുട്ടല്‍ കൊലകളെ പറ്റിയുള്ള റിപോര്‍ട്ടുകളും പൊതുരേഖകളാണ്. ഇതൊന്നും മുഹമ്മദ് കണ്ടില്ല എന്നു കരുതാമോ? അദ്ദേഹത്തിനു വെളിപാടുകള്‍ വേറെയാണ്. ഒരിക്കല്‍ മുഹമ്മദ് ശിവനെ സ്വപ്‌നം കാണുന്നു. ശിവനെയല്ല, ശിവഭഗവാനെ. അന്നു രാത്രി ഞാന്‍ സ്വപ്‌നം കണ്ടു. സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട ശിവഭഗവാന്‍ പറയുകയാണ്… എന്റെ ക്ഷേത്രം തകര്‍ന്നു വീഴുന്നു. പോയി നന്നാക്കൂ. (പുറം: 67)ബഡേശ്വരില്‍ കുടികൊള്ളുന്ന ദൈവങ്ങളുടെ പ്രീതിക്ക് താന്‍ പാത്രമായെന്ന് മുഹമ്മദ് സൂചിപ്പിക്കുന്നു. പുരാവസ്തു സംരക്ഷണ വകുപ്പില്‍ വെച്ചടിവെച്ചടി കയറ്റം കിട്ടിയത് അതുകൊണ്ടായിരിക്കാനാണ് സാധ്യത. ആടിനെ പട്ടിയാക്കുന്നതും പട്ടിയെ ആടാക്കി മാറ്റുന്നതുമായ മഹീന്ദ്രജാലം ഈ പുസ്തകത്തിന്റെ പുറങ്ങളില്‍ വായിക്കാം. ജഗ്‌മോഹനെന്നു കേള്‍ക്കുമ്പോള്‍ പല ഇന്ത്യക്കാര്‍ക്കും നടുക്കവും വേദനയുമുണ്ടാവും. വാജ്‌പേയി സര്‍ക്കാരിന്റെ കീഴില്‍ കശ്മീര്‍ ഗവര്‍ണറായിരിക്കെ ജഗ്‌മോഹന്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ കുപ്രസിദ്ധിയാര്‍ജിച്ചതാണ്. കശ്മീരി പണ്ഡിറ്റുകളെ ഡല്‍ഹിയിലേക്കയക്കുന്നതിന്റെ സൂത്രധാരന്‍ തുര്‍ക്ക്മാന്‍ ഗെയ്റ്റ് ഫെയിം ജഗ്‌മോഹനായിരുന്നു.എന്നാല്‍ മുഹമ്മദിന്റെ വരികള്‍ ശ്രദ്ധിക്കൂ: ''അനിതര സാധാരണമായ വ്യക്തിപ്രഭാവം കാണിച്ച ഒരു തികഞ്ഞ ഭാരതീയനായിരുന്നു അദ്ദേഹം. അദ്ദേഹത്തെപ്പോലെ കറകളഞ്ഞ ഭാരതീയനും എല്ലാം ഉള്‍ക്കൊള്ളാന്‍ വിശാലമനസ്‌കതയുമുള്ള ഭരണാധികാരികളാണെങ്കില്‍ മാത്രമേ നമ്മുടെ നാട് പുരോഗതി പ്രാപിക്കുകയുള്ളൂ'' (പുറം: 134) ബലേഭേഷ്! പിന്നീട് തകര്‍ത്തുകളഞ്ഞ പള്ളിക്കുള്ളില്‍ ഉള്ളത് വിഷ്ണു ഹരിശിലാ ഫലകമാണ് 11-12 ശതാബ്ദത്തിലെ നാഗരലിപിയില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിയതും കാണാന്‍ കഴിഞ്ഞുവത്രെ. മാത്രമല്ല ഒട്ടനേകം ക്ഷേത്രഭാഗങ്ങളും പള്ളിക്കടിയില്‍ കാണാന്‍ കഴിഞ്ഞു. (പുറം: 119)പഴയ കെട്ടിടാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതില്‍ ഒട്ടും അത്ഭുതമില്ല. പക്ഷേ, ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന മഹാക്ഷേത്രം വലിയ എതിര്‍പ്പിനെപോലും മറികടന്നു മീര്‍ ബാഖി പൊളിച്ചുമാറ്റി പള്ളിപണിതു എന്ന പരിവാരനുണയെപറ്റി അതേയവസരം ഗ്രന്ഥകാരന്‍ മൗനം പാലിക്കുന്നു. ചരിത്രാതീത കാലത്തല്ല ചരിത്രകാലത്താണല്ലോ ബാബര്‍ പള്ളിപണിയിക്കുന്നത്. അതും അനേകായിരം ഹിന്ദുക്കള്‍ വസിക്കുന്നേടത്ത്. എന്നിട്ടുമെന്തേ ആരുമിതെഴുതിവച്ചില്ല. അയോധ്യയില്‍ പര്യടനം നടത്തിയ (ക്രി.ശേ. 629-642) ചീനാ സഞ്ചാരി ഹുയാങ് സാങ് അയോധ്യയിലുമെത്തിയിരുന്നു. അയോധ്യയിലെ ബുദ്ധമഠങ്ങളെക്കുറിച്ചും വിഹാരങ്ങളെക്കുറിച്ചും വാചാലനാവുന്ന ഈ സഞ്ചാരിയെന്തേ അയോധ്യയില്‍ രാമജന്മഭൂമിയുണ്ടെന്നും അവിടെ ഒരു ക്ഷേത്രമുണ്ടെന്നും അറിയാതെ പോയി. 11 ാം നൂറ്റാണ്ടില്‍ ഹൈന്ദവ തീര്‍ഥാടനങ്ങളെ കുറിച്ച് സംസ്‌കൃത കവിയായ ശ്രീലക്ഷ്മീധര രചിച്ച 'തീര്‍ത്ഥ വിവേചിനി കലാപ' എന്ന ഗവേഷണഗ്രന്ഥവും അയോധ്യയില്‍ ഉണ്ടായിരുന്നുവെന്നു പറയുന്ന രാമക്ഷേത്രത്തെ കുറിച്ചു മൗനം പാലിക്കുന്നു. എന്നാല്‍ 1528 ല്‍ പള്ളി പണിതതിന്റെ വ്യക്തമായ തെളിവുണ്ടുതാനും. ബാബറിനൊരു പൗത്രനുണ്ടായിരുന്നു, തുളസീദാസ് എന്ന പേരില്‍ വിഖ്യാതനാണയാള്‍ (1574- 1629). തുളസീദാസ് രചിച്ച രാമചരിതമാനസത്തില്‍ താന്‍ ജനിക്കുന്നതിനു 46 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ ഈ ‘കൊടും പാതകത്തെ കുറിച്ചൊരു ചെറിയ വാചകമുണ്ടായിരുന്നുവെങ്കില്‍ ഈ വിവാദം അവസാനിപ്പിക്കാമായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം 2003 മാര്‍ച്ച് മുതല്‍ അയോധ്യയില്‍ പുരാവസ്തു ഉദ്ഖനനം ആരംഭിച്ചിരുന്നു. വിഎച്ച്പിയുടെയും ആള്‍ ഇന്ത്യാ സുന്നി വഖഫ് കൗണ്‍സിലിന്റെയും നിരീക്ഷണത്തിലായിരുന്നു അത്. ബാബരി മസ്ജിദിന്നടിയില്‍ ഞങ്ങള്‍ക്ക് ഇതുവരെയായിട്ടും യാതൊരു കെട്ടിടാവശിഷ്ടങ്ങളും ലഭിച്ചില്ലായെന്നു ലഖ്‌നൊ ഹൈക്കോടതിയില്‍ വകുപ്പ് ഇടക്കാല റിപോര്‍ട്ടും നല്‍കി.പ്രശ്‌നപരിഹാരത്തില്‍ ഇടതുപക്ഷ ചിന്താഗതിക്കാരാണ് ഇടങ്കോലിട്ടതെന്ന് മുഹമ്മദ് തുടരുന്നു. അതില്‍ ഇര്‍ഫാന്‍ ഹബീബുമായി മുഹമ്മദ് നിരന്തരം കലഹിക്കുന്നതായി പുസ്തകം വായിച്ചാല്‍ മനസ്സിലാവും. ഇന്നും ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ചരിത്രകാരന്മാരില്‍ അഗ്രിമസ്ഥാനത്താണ് ഇര്‍ഫാന്‍ ഹബീബ്. ലാളിത്യം മുഖമുദ്രയായി വരിച്ച ഈ ചരിത്രകാരന്‍ ഒരു തെറ്റേ ചെയ്തുള്ളൂ. ഹിന്ദുത്വരുടെ മുമ്പില്‍ തന്റെ മസ്തിഷ്‌കം പണയം വച്ചില്ല. ഇര്‍ഫാനെ ഇകഴ്ത്തുന്ന വ്യായാമക്കളരിയില്‍ മുഹമ്മദിനു കൂട്ടായി നില്‍ക്കുന്ന എംജിഎസ് ഈ പുസ്തകത്തിന് അവതാരികയെഴുതിയത് സ്വാഭാവികം.
Next Story

RELATED STORIES

Share it