azchavattam

ഒരു ബഹുമുഖപ്രതിഭയുടെ ജീവിതത്തില്‍നിന്ന്

ഒരു ബഹുമുഖപ്രതിഭയുടെ ജീവിതത്തില്‍നിന്ന്
X
കുന്നത്തൂര്‍ രാധാകൃഷ്ണന്‍

Govindankutty

കഥാകാരന്‍, നോവലിസ്റ്റ്, കവി, തിരക്കഥാകൃത്ത്, നാടകകൃത്ത്, നാടക-സിനിമാ നടന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഗോവിന്ദന്‍കുട്ടിയുടെ കലാജീവിതം അരനൂറ്റാണ്ടു കാലം നീണ്ടതാണ്. അദ്ദേഹത്തിന്റെ കലാ-സാഹിത്യ ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ബൃഹത്തായ   ഗ്രന്ഥമാണ്  'സ്മൃതിദലങ്ങള്‍'

നുഭവങ്ങളുടെ കരുത്തില്‍ നിന്ന് ഒരാളുടെ ഭാഷ ജനിക്കുന്നു. ഭാവനയുടെ ഇന്ദ്രജാലവുമായി ഈ അനുഭവങ്ങള്‍ കണ്ണിചേരുമ്പോള്‍ കലാസൃഷ്ടി പിറക്കുന്നു. കഥ, കവിത, നാടകം, നോവല്‍ എന്നീ കലാസങ്കേതങ്ങളില്‍ മാത്രമല്ല, സാഹിത്യനിരൂപണത്തില്‍ പോലും ഈ കണ്ണിചേരല്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍, അത് പലപ്പോഴും യാദൃച്ഛികമായി സംഭവിക്കുന്നതാണ്.
നടേപറഞ്ഞ അനുഭവങ്ങളില്‍ നിന്നാണ് എന്‍ ഗോവിന്ദന്‍കുട്ടി എന്ന പ്രതിഭാശാലി ജനിക്കുന്നത്. കഥാകാരന്‍, നോവലിസ്റ്റ്, കവി, തിരക്കഥാകൃത്ത്, നാടകകൃത്ത്, നാടക-സിനിമാ നടന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ കലാജീവിതം അരനൂറ്റാണ്ടു കാലം നീണ്ടതാണ്.
ഗോവിന്ദന്‍കുട്ടിയുടെ കലാ-സാഹിത്യ ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ബൃഹത്തായ ഗ്രന്ഥമാണ് 'സ്മൃതിദലങ്ങള്‍'. കലാപാരമ്പര്യമൊന്നും ഇല്ലായിരുന്നുവെങ്കിലും സ്‌കൂള്‍ പഠനകാലത്തു തന്നെ ആരംഭിക്കുന്നു അദ്ദേഹത്തിന്റെ സാഹിത്യസപര്യ. 15ാം വയസ്സില്‍ 'യാചകി' എന്ന പ്രഥമ കൃതി പ്രസിദ്ധീകരിച്ചതില്‍ നിന്നുതന്നെ ഗോവിന്ദന്‍കുട്ടിയുടെ സാഹിത്യാഭിനിവേശം എത്രമാത്രം തീവ്രമായിരുന്നുവെന്ന് വ്യക്തമാണ്.
ദാരിദ്ര്യംമൂലം അദ്ദേഹത്തിന് ഉന്ന    ത പഠനം നിഷേധിക്കപ്പെട്ടു. സ്‌കൂള്‍     പഠനത്തിലൊതുങ്ങി വിദ്യാഭ്യാസം. ഉപജീവനത്തിനുവേണ്ടി പട്ടാളത്തില്‍ ചേര്‍ന്നതോടെ പരുപരുത്ത ജീവിതയാഥാര്‍ഥ്യത്തിനു തുടക്കമായി. ഉജ്ജ്വലമായ 'ട്രക്ക്' എന്ന കഥ ആ പട്ടാളജീവിതത്തിന്റെ സ്മാരകമാണ്. പട്ടാളത്തില്‍ അധികകാലം തുടരുകയുണ്ടായില്ല. നാടകമെഴുത്തും നടനകലയുമായി കുറേക്കാലം. കെപിഎസിയുടെതടക്കം അനവധി നാടകങ്ങളില്‍ അഭിനയിച്ചു. വടക്കന്‍ പാട്ടുകളെ ആധാരമാക്കി, അദ്ദേഹം രചിച്ച നാടകങ്ങള്‍ പ്രേക്ഷകര്‍ വാരിപ്പുണര്‍ന്നു. എന്നാല്‍, ക്ലേശം മാത്രം ബാക്കിയായി. സമ്പാദ്യമൊന്നുമുണ്ടായില്ല. നാടകം തന്റെ പെറ്റമ്മയും സിനിമ വളര്‍ത്തമ്മയുമാണെന്നാണ് ഗോവിന്ദന്‍കുട്ടിയുടെ പക്ഷം. പട്ടിണി കിടന്ന് ആദ്യസിനിമയില്‍ അഭിനയിക്കാന്‍ പോയ സന്ദര്‍ഭം അദ്ദേഹം ഒരിടത്ത് വേദനയോടെ കുറിച്ചിടുന്നുണ്ട്.
പ്രമുഖ നാടകകൃത്തും നടനുമായ പി ജെ ആന്റണിയാണ് ഗോവിന്ദന്‍കുട്ടിയുടെ വഴികാട്ടി. അദ്ദേഹത്തോടൊപ്പം നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. മലയാള നാടകം റിയലിസത്തിന്റെ രംഗഭാഷ തേടുന്ന കാലമായിരുന്നു അത്.
കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ പുരോഗമനചിന്ത പ്രതിഫലിച്ചതില്‍ അദ്ഭുതമില്ല. 'കാഥികന്‍' എന്ന സാഹിത്യമാസികയുടെ പത്രാധിപരുമായിരുന്നു ഗോവിന്ദന്‍കുട്ടി. ഇതുവഴി പേരെടുത്ത എഴുത്തുകാരുമായി സഹവര്‍ത്തിത്വത്തിലായി.
ഗോവിന്ദന്‍കുട്ടി എഴുതിയ ചില കഥകളും തിരക്കഥകളും മലയാള ചലച്ചിത്ര മണ്ഡലത്തിലെ പ്രമുഖ നടന്മാര്‍ക്ക് അദ്ദേഹം സമര്‍പ്പിക്കുന്ന സ്മരണാഞ്ജലികളും 'സ്മൃതിദലങ്ങളി'ലുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മഹാപ്രതിഭകള്‍ കഥാനായകനെ ഇതില്‍ അനുസ്മരിക്കുന്നുണ്ട്. വിവിധ മാധ്യമങ്ങള്‍ക്ക് ഗോവിന്ദന്‍കുട്ടി നല്‍കിയ അഭിമുഖങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വടക്കന്‍ പാട്ടുകളെ ജനകീയമാക്കിയ സിനിമാക്കാരനാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച ഗോവിന്ദന്‍കുട്ടി, 'ഒതേനന്റെ മകന്‍' (1970), 'പൊന്നാപുരം കോട്ട'(1973), 'അങ്കത്തട്ട്'(1973), 'തച്ചോളി മരുമകന്‍ ചന്തു'(1974), 'തച്ചോളി അമ്പു'(1978) തുടങ്ങിയ വടക്കന്‍പാട്ട്  ചിത്രങ്ങള്‍ അദ്ദേഹമെഴുതിയ തിരക്കഥയില്‍ പിറന്നവയും സൂപ്പര്‍ഹിറ്റുകളുമായിരുന്നു.
'തച്ചോളി അമ്പു' മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രമാണ്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ നിര്‍മിച്ച 'പടയോട്ടം' (ഇതിന്റെ അസംസ്‌കൃതവസ്തു അലക്‌സാണ്ടര്‍ ഡ്യൂമയുടെ 'മോണ്ടിക്രിസ്‌റ്റോ' എന്ന ഫ്രഞ്ച് നോവലാണ്) മലയാളത്തിലെ ആദ്യത്തെ 70 എംഎം ചിത്രവുമാണ്.
അപൂര്‍വമായ ഫോട്ടോകളാണ് പുസ്തകത്തിന്റെ മറ്റൊരു ആകര്‍ഷണീയത. അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങളുടെ സ്റ്റില്ലുകള്‍ എല്ലാം മലയാള സിനിമയുടെ പുഷ്‌കലകാലം അടയാളപ്പെടുത്തുന്നതാണ്.
ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് ഒ
രുക്കിയതെങ്കിലും മലയാളസിനിമയുടെ അരനൂറ്റാണ്ടുകാലത്തെ ചരിത്രം തന്നെയാണ് പുസ്തകത്തില്‍ നിന്ന് അനുവാചകനു ലഭിക്കുന്നത്. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദവുമാവും. എന്നാല്‍, പഴയ തലമുറക്കാരില്‍ 'സ്മൃതിദലങ്ങള്‍' ഉണര്‍ത്തുന്നത് ഗൃഹാതുരത്വമാണ്.
സിനിമയില്‍ ഗോവിന്ദന്‍കുട്ടിയുടെ വേഷം മിക്കവാറും വില്ലന്റേതായിരുന്നു. എന്നാല്‍, ജീവിതത്തില്‍ പച്ചമനുഷ്യനായിരുന്നു. സെറ്റിനു പുറത്ത് ജീവിതത്തിലും അദ്ദേഹത്തെ ജനങ്ങള്‍ വില്ലനായി തന്നെ കണ്ടു. അതിന്‍ ഖിന്നനുമായിരുന്നു അദ്ദേഹം. എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ലഭിെച്ചങ്കിലും ഗോവിന്ദന്‍കുട്ടി എന്ന ബഹുമുഖപ്രതിഭയ്ക്കു വേണ്ടത്ര അംഗീകാരം കിട്ടിയെന്നു പറയാനാവില്ല. അദ്ദേഹത്തിന്റെ വില്ലന്‍ വേഷങ്ങളായിരിക്കുമോ അതിനു കാരണം? 1994 ആഗസ്തിലായിരുന്നു സംഭവബഹുലമായ ആ ജീവിതത്തിന്റെ പര്യവസാനം.
ആ ജീവിതത്തെക്കുറിച്ച് വി കലാധരന്‍ എഴുതുന്നത് നോക്കുക: കാമത്തിന്റെ പൈശാചികതയും കൈയേറ്റത്തിന്റെ നിഷ്ഠൂരതയും തളംകെട്ടിനില്‍ക്കുന്ന ഗോവിന്ദന്‍കുട്ടിയുടെ കണ്ണുകളാണ് നാം സിനിമയില്‍ പരിചയിച്ചിട്ടുള്ളത്. കണ്ണടയുടെ കനത്ത ചില്ലുകള്‍ക്കു പിന്നില്‍ സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ജലരാശിയായിത്തീരുന്നത് ഇതേ കണ്ണുകളാണെന്നോര്‍ക്കുക.
ഗോവിന്ദന്‍കുട്ടിയെന്ന പച്ചമനുഷ്യന്റെ യഥാര്‍ഥ മുഖം മേല്‍പറഞ്ഞ വാക്കുകളിലുണ്ട്.
Next Story

RELATED STORIES

Share it