ernakulam local

ഒരു പരിസ്ഥിതി ദിനം കൂടി;  സംരക്ഷിക്കാന്‍ പദ്ധതികളില്ലാതെ നാള്‍ക്കുനാള്‍ പെരിയാര്‍ മരണവക്കില്‍

ഏലൂര്‍: കാലാവസ്ഥ വ്യതിയാനവും ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയുയര്‍ത്തുന്ന നിലയില്‍ ജനങ്ങള്‍ ഭൂമിക്കുമേല്‍ നടത്തുന്ന പരിസ്ഥിതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം തുടരുന്നു.
ഇതിനു പരിഹാരമാര്‍ഗം കാണാതെ ഭരണകൂടവും പൊതുസമൂഹവും മിഴിച്ചുനില്‍ക്കുമ്പോള്‍ പെരിയാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പുഴകളെപ്പോലും സംരക്ഷിക്കാന്‍ യാതൊരു നടപടിയുമില്ല.
പെരിയാറിന്റെ മലിനീകരണം നിരീക്ഷിക്കാനും കണ്ടെത്തുന്നതിനും പെരിയാറിന്റെ ഇരുകരയിലൂടെയും റിങ് റോഡ് നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പെരിയാറിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് പെരിയാര്‍ റിവര്‍ അതോറിറ്റി രൂപീകരിക്കുമെന്ന വാഗ്ദാനവും പാഴ്‌വാക്കായി നില്‍ക്കുകയാണ്.
പെരിയാറിനെ ശുചിയാക്കുന്നതിനും ഒഴുക്കുവര്‍ധിക്കാന്‍ പെരിയാറിനെ മൂടപ്പെട്ടിരിക്കുന്ന പുല്ലുകളും മറ്റും നീക്കം ചെയ്യാനും ഭരണകൂടങ്ങള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിലുപരി പെരിയാറിന്റെ ഇരുകരകളിലും നടക്കുന്ന കൈയേറ്റം തടയുന്നതിനോ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനോ ഇതുവരെ നടപടിയൊന്നും ആയിട്ടില്ല.
അരകോടി ജനങ്ങള്‍ കുടിവെള്ളത്തിനെ ആശ്രയിക്കുന്ന പെരിയാറിനെ മലിനപ്പെടുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ ചെറുവിരല്‍പോലും അനക്കാന്‍ കഴിയാതെ പകച്ചു നില്‍ക്കുകയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡും.
പെരിയാര്‍ മലിനീകരണത്തിനെതിരേ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ ശക്തമായ സമരം നടത്താറുണ്ടെങ്കിലും വിജയം കണ്ടെത്തിയ സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. 2016ല്‍ മാത്രം 13 തവണ മല്‍സ്യക്കുരുതി നടക്കുകയും നിരവധി തവണ രാസമാലിന്യംകൊണ്ട് പുഴ മലിനപ്പെട്ടപ്പോഴും ഇത് ചെയ്തവരെ കണ്ടെത്താനോ മാതൃകാപരമായി ശിക്ഷിക്കാനോ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല.
വീണ്ടും ഒരു പരിസ്ഥിതിദിനംകൂടി കടന്നുപോവുമ്പോള്‍ ഭൂമിയിലെ പാരിസ്ഥിതിക കോട്ടങ്ങള്‍ പരിഹരിക്കാന്‍ ചെടികള്‍ നട്ടും കാടുകള്‍ വെട്ടിത്തെളിച്ചും തദ്ദേശ സ്ഥാപനങ്ങളും വിവിധ സംഘടനകളും നിര്‍വൃതിയണയുകയാണ്.
ഭൂമിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്നവര്‍ക്കെതിരേയും ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാവാതെ, ഓരോവര്‍ഷവും പാവപ്പെട്ട ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ചെടിനട്ട് സര്‍ക്കാര്‍ പരിസ്ഥിതിദിനം ആഘോഷിക്കാനുള്ള ഒരു ദിനമായി ജൂണ്‍ 5നെ മാറ്റിയ ഒരു അവസ്ഥയാണ് ഇന്നുള്ളത്.
പരിസ്ഥിതിക്ക് കോട്ടം വരുത്തുന്നവര്‍ക്കെതിരേയും പൊതുസ്വത്തായ പുഴയേയുംമറ്റും നശിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുന്ന ആര്‍ജവമാണ് വരുന്ന കാലങ്ങളിലെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതാണെന്നാണ് പൊതുജനാഭിപ്രായം.
Next Story

RELATED STORIES

Share it