Fortnightly

ഒരു നോവല്‍ പൂര്‍ണ്ണകഥ

ജമാല്‍ കൊച്ചങ്ങാടി

എഴുപതുകളുടെ തുടക്കത്തിലായിരിക്കണം അത്. അന്നു ഞാന്‍ എറണാകുളം മുല്ലശ്ശേരി കനാലിനടുത്തുള്ള ഒരു സായാഹ്നപത്രത്തില്‍ ജോലി ചെയ്യുകയാണ് -ജയ്ഹിന്ദ്. രാവിലെ ഒമ്പതുമണിക്ക് എത്തണം. മട്ടാഞ്ചേരിയില്‍ നിന്ന് ബോട്ടിറങ്ങി കിഴക്കോട്ട് നടന്ന്, പ്രഭാത് ബുക് ഹൗസ് കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞ് അല്‍പം നടന്നാല്‍ ജയ്ഹിന്ദ് ഓഫിസ്. പിന്നീട് ദേവസ്വം ബോര്‍ഡ് മെമ്പറായിത്തീര്‍ന്ന രവീന്ദ്രന്‍ എന്ന രവിയേട്ടനാണ് പത്രമുടമ. സാധാരണ ഉച്ചപ്പത്രങ്ങളുടെ സെന്‍സേഷനല്‍ സ്വഭാവം ജയ്ഹിന്ദിന്നുമുണ്ടായിരുന്നു. ഇത്തരം വാര്‍ത്തകളൊക്കെ എഡിറ്റ് ചെയ്യണം. എഡിറ്റോറിയല്‍ എഴുതണം. രവിയേട്ടനും സഹായിക്കും. നഗരത്തില്‍ പോയി അത്യാവശ്യം വാര്‍ത്തകളുമായി വരുന്ന ഒരു കെഡി മേനോനുണ്ടായിരുന്നു. എപ്പോഴും മുഷിഞ്ഞ വേഷത്തിലേ നടക്കൂ. വാ തുറന്നാല്‍ ദുസ്സഹമായ ബീഡിപ്പുകയുടെ ദുര്‍ഗന്ധം, അതുപോലെ തന്നെ വര്‍ത്തമാനവും.
വീടിന്റെ പിന്‍വശത്തായിരുന്നു എഡിറ്റോറിയല്‍ റൂം. അതിനു മുന്‍വശമുള്ള മുറ്റം കെട്ടിമറച്ച് ഒരു ചെറിയ പ്രസ്സാക്കി മാറ്റിയിരിക്കുകയാണ്. പ്രിന്റിങ് മെഷീനും കംപോസിങ് റൂമുമെല്ലാം അവിടെത്തന്നെ. വീടായതുകൊണ്ട് 10.30 ആവുമ്പോള്‍ കൃത്യമായി ചായ കിട്ടും. രവിയേട്ടന്റെ ഭാര്യ അധ്യാപികയായിരുന്നുവെന്നു തോന്നുന്നു. കുലീനമായ പെരുമാറ്റം.
രവിയേട്ടന്റെ മകന്‍ വിആര്‍ രാജീവ് അന്ന് കോളജില്‍ പഠിക്കുകയാണ്. അന്നു ചില സിനിമാ ലേഖനങ്ങളൊക്കെ എഴുതിത്തരും. പിന്നീട് സിംലയില്‍ പോയി പഠിച്ച് ഐപിഎസ് പാസായി. സിറ്റി പോലിസ് കമ്മീഷണറും എജിപിയുമൊക്കെയായി. വളരെ കാലം കഴിഞ്ഞ് അദ്ദേഹം കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണറായി വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. ആ സൗഹൃദം സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷവും ഞങ്ങള്‍ തമ്മില്‍ തുടര്‍ന്നു.  രാജീവിന്റെ പെങ്ങള്‍ ജിജോയും അന്ന് പഠിക്കുകയായിരുന്നു. പിന്നീട് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥയായി.
ജയ്ഹിന്ദില്‍ ഉച്ചവരെ മാത്രമേ ജോലിയുള്ളൂ. പത്രമച്ചടിക്കാന്‍ തുടങ്ങിയാല്‍ അടുത്ത ദിവസം അകത്തെ പേജുകളിലേയ്ക്കുള്ള മാറ്റര്‍ നോക്കി കൊടുത്താല്‍ പോവാം. നൂറു രൂപയാണ് ശമ്പളം. അതു കൃത്യമായി കിട്ടും. ഉച്ചയ്ക്ക് മിക്കവാറും ലോ കോളജ് ഹോസ്റ്റലിനടുത്തുള്ള അമ്മാവന്റെ ഹോട്ടലില്‍നിന്നായിരിക്കും ഊണ്. പച്ചക്കറിയാണ്. മീന്‍ പൊരിച്ചതു വേണമെങ്കില്‍ വേറെ പണം കൊടുക്കണം. അമ്മാവനെ ഒരിക്കലും കുപ്പായമിട്ടു കണ്ടിട്ടില്ല.
ജയ്ഹിന്ദ് ഓഫിസിന്നടുത്താണ് സിവി വാസു പിളളയുടെ 'ഫിലിംനാദം' വാരികയുടെ ഓഫീസ്. വിഷയം സിനിമയാണ്; വാരികയാണ്. പേരുവച്ച് എന്തെങ്കിലും എഴുതാന്‍ കഴിയുകയാണെങ്കില്‍ നല്ലതല്ലേ? ഒന്നു കയറിയിറങ്ങി നോക്കാമെന്നു കരുതി. പ്രായമുള്ള ഒരാള്‍ ഓഫീസിലിരിക്കുന്നു. അടുത്ത് ഒരു സ്ത്രീയുമുണ്ട്.
'ങും എന്താ?' -ഗൗരവത്തിലുള്ള ചോദ്യം.
'ഒന്നുമില്ല... വെറുതെ...' ഞാനാദ്യമൊന്നു പരുങ്ങി. എഴുതുമെന്നു പറഞ്ഞപ്പോള്‍ വലിയ കാര്യമാക്കിയതായി തോന്നിയില്ല. പിന്നീട് ഞാനെഴുതിയ എന്തോ ഒന്ന് -ലേഖനമോ കഥയോ എന്താണെന്ന് ഓര്‍മയില്ല- കൊടുത്തപ്പോള്‍ വാങ്ങിവച്ചു. ദിവസങ്ങള്‍ക്കു ശേഷം അതിന്റെ വിവരമറിയാന്‍ വേണ്ടി കയറിനോക്കി. അന്നവിടെ എഡിറ്ററായി ജോലി ചെയ്തിരുന്ന വട്ടത്തറ ശശിയുമായി പരിചയപ്പെട്ടു. അങ്ങനെ ഫിലിംനാദത്തിലെ എഴുത്തുകാരനായി. അന്ന് ഏറ്റവും പ്രചാരമുള്ള സിനിമാവാരികയാണ് ഫിലിംനാദം. ടാബുലോയ്ഡ്  സൈസിലുള്ള ഈ വാരികയുടെ മദ്രാസ് റിപോര്‍ട്ടറായിരുന്ന വികെ ഹംസയ്ക്ക് സിനിമാതാരങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമായിരുന്നു, അന്ന്.
ക്രമേണ ഫിലിംനാദത്തിലെ സ്ഥിരം എഴുത്തുകാരനായി ഞാന്‍. 'താരം' എന്ന പേരില്‍ ഒരു നോവല്‍ എഴുതി. (ഡിസി ബുക്‌സ് ആരംഭിച്ചപ്പോള്‍ ഇത് ചായം തേയ്ക്കാത്ത മുഖങ്ങള്‍ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. അന്ന് മാനേജരായിരുന്ന ജോസഫ് പുത്തന്‍തറ എന്ന ജോസഫേട്ടന്റെ നിര്‍ബന്ധമായിരുന്നു അതിന്റെ പ്രേരകം) പിന്നീട് താരപഠനം എന്ന പേരില്‍ ഒരു പരമ്പര തുടങ്ങി. സത്യന്‍, കൊട്ടാരക്കര, ഷീല തുടങ്ങി അന്നത്തെ താരങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങളായിരുന്നു അവ.
വട്ടത്തറ ശശി പോയതിനു ശേഷമാണെന്നു തോന്നുന്നു ജേസി കുറ്റിക്കാട്ട് ഫിലിംനാദം പത്രാധിപരായി വരുന്നത്. ജേസിയെ നേരിട്ടു പരിചയപ്പെടുന്നത് അപ്പോഴാണെങ്കിലും നേരത്തെ തന്നെ എനിക്കറിയാം. അദ്ദേഹം ടികെ ജോണുമായി ചേര്‍ന്നു നടത്തിയിരുന്ന വര്‍ണശാല മാസികയുടെ അവതരണസൗന്ദര്യം എന്നെ ആകര്‍ഷിച്ചിരുന്നു. സിനിമാതാരങ്ങളുടെ ദിനവൃത്താന്തങ്ങളുടെ ഫോട്ടോ ഫീച്ചര്‍ പോലുള്ള ഇനങ്ങള്‍ക്ക് പ്രത്യേകത തോന്നി. മലയാളമനോരമ ആഴ്ചപ്പതിപ്പില്‍ ജേസി എഴുതിയ നീണ്ടകഥ കണ്ടിട്ടുണ്ട്. ചാരുതയുള്ള ശൈലി. പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര നാടകത്തില്‍ കവിയൂര്‍ പൊന്നമ്മയും ജേസിയും അഭിനയിച്ചതും ഞാന്‍ കണ്ടിരുന്നു. പരിചയപ്പെട്ടപ്പോള്‍ രൂപവും ഭാവവുമൊക്കെ ഹൃദ്യമായി തോന്നി.
എഴുത്തുകാരനും നടനുമായിരുന്ന ജേസി ചിത്രകാരനുമായിരുന്നു. ലേ-ഔട്ടിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണകളുണ്ട്. സിനിമാവാരികയാണെങ്കിലും ഫിലിംനാദത്തിനും വേണം എഡിറ്റോറിയല്‍. ഒരിക്കല്‍ ജേസി എന്നോടു ചോദിച്ചു:
ജമാലിന് എഡിറ്റോറിയല്‍ എഴുതാനാവുമോ?
ഓ! എഴുതാമല്ലോ.
നിങ്ങളുടെ ഡെയ്‌ലിപേപ്പര്‍ ജേര്‍ണലിസത്തിലേതു പോലെയല്ല. അതിനു കാവ്യഗന്ധമുള്ള ഒരു ഭാഷ വേണം.
-ഞാനെഴുതിക്കൊടുത്ത ആദ്യ മുഖപ്രസംഗം തന്നെ ജേസിക്ക് ഇഷ്ടപ്പെട്ടു.
ഇതുമതി. ഇതാണു വേണ്ടത്.
ജേസിക്ക് ആദ്യമായി ഒരു കുഞ്ഞു -ഷേര്‍ളിയാണെന്നു തോന്നുന്നു- പിറന്നപ്പോള്‍ ധാന്വന്തരം കുഴമ്പിന്റെ സുഗന്ധത്തെക്കുറിച്ചെഴുതിയ കുറിപ്പ് ഓര്‍മയില്‍ വരുന്നു.
ഫിലിംനാദത്തില്‍ അന്ന് ഇടയ്ക്കിടെ വരികയും സിനിമയെക്കുറിച്ച് ഗഹനമായ ലേഖനങ്ങളെഴുതുകയും ചെയ്തിരുന്ന ഒരു പീറ്റര്‍ ലാലിനെ ഓര്‍മിക്കുന്നു. ദശകങ്ങളായി അദ്ദേഹം അമേരിക്കയില്‍ അധ്യാപകനായി ജോലി ചെയ്യുകയാണെന്ന് ഇയ്യിടെ പറഞ്ഞത് ജോണ്‍പോള്‍. സീരിയല്‍ സംവിധായകനായ ജൂഡ് അട്ടിപ്പേറ്റിയുടെ ജ്യേഷ്ഠനാണെന്ന അറിവും പുതുതായിരുന്നു.
അധികം കഴിയുന്നതിനു മുമ്പ് ജേസിക്ക് രാമുകാര്യാട്ടിന്റെ ഒരു കത്തു കിട്ടി. കാലടി ഗോപിയുടെ 'ഏഴ് രാത്രികള്‍' നാടകം കണ്‍മണി ബാബുസേട്ട് സിനിമയാക്കുന്നു. അതില്‍ അബുവിന്റെ വേഷം ജേസിക്കായിരിക്കും. ഉടനെ മദ്രാസിനു പോവണം. അതിനു മുമ്പ്  ജമാല്‍ ഒരു കാര്യം ചെയ്യണം. 'താരപഠനത്തില്‍' എന്റെ ഒരു പ്രഫൈല്‍ ചെയ്യണം. അതുകൊണ്ട് വല്ല ഗുണവുമുണ്ടായേക്കും.
ജേസി, ഇതിനു ഞാന്‍ താങ്കളുടെ സിനിമാഭിനയം കണ്ടിട്ടില്ലല്ലോ. ആകെ കണ്ടത് അള്‍ത്താര നാടകം മാത്രം. അതിഷ്ടമാവുകയും ചെയ്തു. പക്ഷേ, താരപഠനത്തിന് ഒരു വേഷം മാത്രം പോര -ഞാന്‍ പറഞ്ഞു.
അതു ശരിയാണെന്ന് ജേസിക്കും തോന്നി. എങ്കില്‍ ആ കോളത്തില്‍ വേണ്ട. ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ഒരു സംഭവം വരണമെന്നേയുള്ളൂ. അതെന്തു വേണമെന്നു ജമാലിന്നറിയാമല്ലോ.
'കോഴിമുട്ട പോലുള്ള മുഖവും വിഷാദാത്മകത്വം നനവ് ചാലിച്ച ഭാവവും' -ആ പ്രഫൈലിന്റെ ആദ്യവാചകം ഇപ്പോഴും ഓര്‍മയുണ്ട്.
'ഏഴുരാത്രികള്‍' സിനിമ കണ്ടപ്പോള്‍ ജേസിയുടെ അഭിനയം പ്രത്യേകം ശ്രദ്ധിച്ചു. യഥാതഥമായ കഥയിലെ റൊമാന്റിക് പരിവേഷമുള്ള റോളാണ് അബുവിന്റേത്. 'കാക്കക്കറുമ്പികളേ' എന്ന ഗാനം കാമറയ്ക്കു മുമ്പില്‍ ആലപിക്കുന്നത് അബുവാണ്. യേശുദാസിന്റെ സ്വരത്തിന് ഏറ്റവും അനുയോജ്യമായ രൂപം ജേസിക്കാണെന്ന് അപ്പോള്‍ തോന്നി.
'ഏഴുരാത്രികള്‍ക്കു പുറമെ 'അടിമകള്‍ തുടങ്ങി ചില ചിത്രങ്ങളില്‍ കൂടി ജേസി അഭിനയിച്ചു. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാനായില്ല. പിന്നീടാണ് സംവിധാനത്തിലേക്ക് ചുവടു മാറിയത്. കഥാകൃത്ത്, ചിത്രകാരന്‍, നടന്‍ -ഇതെല്ലാമായ ഒരാള്‍ക്ക് സംവിധായകനെന്ന നിലയില്‍ ലബ്ധപ്രതിഷ്ഠനാവാന്‍ എളുപ്പമാണല്ലോ. രക്തമില്ലാത്ത മനുഷ്യന്‍, നീയെത്ര ധന്യ, ആരും അന്യരല്ല, പുറപ്പാട്...
എല്ലാ ചിത്രങ്ങളും കാണാന്‍ പറ്റിയില്ല. ഇവയെ ഏതു കള്ളിയില്‍ പെടുത്തണം എന്നും അറിയില്ല. കമേര്‍ഷ്യല്‍ ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയില്‍ ജേസി വലിയ ബോക്‌സോഫിസ് തരംഗങ്ങള്‍ സൃഷ്ടിച്ചുവെന്നു തോന്നുന്നില്ല. സമാന്തര സിനിമാചരിത്രത്തിലും ആരും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ചര്‍ച്ച ചെയ്തുകാണുന്നില്ല. രക്തമില്ലാത്ത മനുഷ്യന്‍ ആയിരിക്കാം ചിലപ്പോള്‍ ജേസിയുടെ മാസ്റ്റര്‍പീസ്. വളരെ ഐതിഹാസികമാനമുള്ള പ്രമേയമായിരുന്നു 'പുറപ്പാടിന്റേത്. എന്നിട്ടും?...
ഇടക്കാലത്ത് പടങ്ങള്‍ കുറഞ്ഞപ്പോള്‍ ജേസി നാട്ടിലേക്കു പോന്നു. അത്തരമൊരു സന്ദര്‍ഭത്തിലാണ് 'യാത്ര' വാരികയ്ക്കു വേണ്ടി ജേസി 'ദുഃഖിതരുടെ ഭൂമി' എന്ന നോവല്‍ എഴുതി തുടങ്ങിയത്. പുല്ലേപ്പടിയിലായിരുന്നു 'യാത്ര'യുടെ ഓഫിസ്. വിടി നന്ദകുമാറാണു പത്രാധിപര്‍. പണം മുടക്കുന്നത് പാംലാന്‍ഡ് കുറീസ് നടത്തിയിരുന്ന വാസുദേവന്‍. 'യാത്ര'യുടെ മാര്‍ക്കറ്റിങ് ഭദ്രമാക്കാന്‍ വേണ്ടി നന്ദേട്ടന്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചു. മലയാള മനോരമ വീക്കിലിയില്‍ പണ്ടു നീണ്ടകഥകളോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നതുപോലെ നടീനടന്മാരെ ഉപയോഗിച്ച്് നിശ്ചലചിത്രങ്ങളെടുത്തു. എറണാകുളം സൗത്തില്‍ എന്‍സൈന്‍ സ്റ്റുഡിയോയിലെ സുകുമാരനായിരുന്നു ഫോട്ടോഗ്രാഫര്‍. സിനിമാസ്റ്റില്‍ പോലെ മനോഹരമായ ഫോട്ടോഗ്രാഫുകള്‍. ക്രൗണ്‍ നാലിലൊന്നായിരുന്നു 'യാത്ര'യുടെ സൈസ്.
എന്നാല്‍ വാരിക തുടങ്ങി ചില ലക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ ജേസിയും വിടിയും തമ്മില്‍ എന്തോ പറഞ്ഞു പിണങ്ങി. നോവല്‍ അധ്യായങ്ങള്‍ നിലയ്ക്കുമെന്നായി. ഒരിക്കല്‍ ഞാന്‍ യാത്ര ഓഫീസില്‍ ചെന്നപ്പോള്‍ നന്ദേട്ടന്‍ തലയ്ക്കു കൈ കൊടുത്തിരിക്കുന്നു. എന്നോട് താല്‍പര്യമുള്ളതുകൊണ്ട് ഞാന്‍ ഇടയ്ക്കിടെ പോവുമായിരുന്നു. വിവരം തിരക്കിയപ്പോള്‍ പറഞ്ഞു: ജേസി ചതിച്ചല്ലോ ജമാലേ...
വായിച്ചിടത്തോളം നോവല്‍ഭാഗങ്ങളെ കുറിച്ച് ചിന്തിച്ചപ്പോള്‍ താരാശങ്കര്‍ ബാനര്‍ജിയുടെ ഏഴ് ചുവടുകള്‍ എന്ന ബംഗാളി നോവലിന്റെ കേരളീയഭാഷ്യം പോലെ തോന്നി. വളരെ ആത്മീയമായ സന്ദേശമുള്ള ഒരിതിവൃത്തം. ഇതിനെ ആധാരമാക്കി പി ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത ഒരു സിനിമയുണ്ട്. - സ്‌നേഹദീപമേ, മിഴി തുറക്കൂ എന്നോ മറ്റോ ആണതിന്റെ പേര്.
കഥ അറിയാമെങ്കില്‍ ജമാലിന് നോവല്‍ മുഴുവനാക്കി തരാനാവുമോ? എന്നായി നന്ദേട്ടന്‍.
ശ്രമിച്ചുനോക്കാം -ഞാന്‍ മറുപടി നല്‍കി. ജേസിയുടെ മനോഹരമായ ശൈലി ഞാന്‍ അനുകരിച്ചു; അദ്ദേഹത്തിന്റെ പേരില്‍ തന്നെ അത് പൂര്‍ത്തിയാക്കി. അങ്ങനെ തല്‍ക്കാലം 'യാത്ര' ഒരു പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെട്ടു. പിന്നെയും പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി നന്ദേട്ടന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ മറ്റൊരു നോവലെഴുതി... അപസ്വരങ്ങള്‍.
അപ്പോഴേയ്ക്ക് ജേസി -വിടി പിണക്കങ്ങള്‍ തീര്‍ന്നു. 'രക്തമില്ലാത്ത മനുഷ്യന്‍' എന്ന നന്ദകുമാറിന്റെ പ്രശസ്ത നോവല്‍ ജേസിയുടെ സംവിധാനത്തില്‍ സിനിമയായി.
പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം  കോഴിക്കോട് നിന്ന് എറണാകുളത്ത് ചെന്നപ്പോള്‍ (ഇതിനകം എന്റെ തട്ടകം കോഴിക്കോടായിക്കഴിഞ്ഞിരുന്നു) എന്റെ സുഹൃത്തും പഴയ പോലിസ് സൂപ്രണ്ടുമായ ഹമീദ് സാഹിബ് പറഞ്ഞു: ജേസി സുഖമില്ലാതെ വീട്ടില്‍ കഴിയുകയാണ്. നമുക്കൊന്നു പോയി കണ്ടാലോ?
ജേസിയെ കണ്ടിട്ട് വളരെ നാളായിരുന്നു. എനിക്കും അദ്ദേഹത്തെ കാണണമെന്നാഗ്രഹമുണ്ട്. ഞങ്ങളൊന്നിച്ച് ചെന്നപ്പോള്‍ ജേസിക്കും സന്തോഷമായി.
'കോഴിക്കോട് താന്‍ തകര്‍ക്കുകയാണെന്നു കേട്ടല്ലോ. ജേസി എന്നെ കളിയാക്കി.
'അസുഖമൊന്നും സാരമാക്കാനില്ല. ഞാന്‍ എഴുത്തിലേക്കു പോവുകയാണ്. കണ്ടില്ലേ ചാരുകസേരയില്‍ കിടന്നുകൊണ്ടുതന്നെ എഴുതാനാവുന്ന വിധം കാര്‍പ്പന്ററെ വിളിച്ച് ശരിയാക്കിയിരിക്കുന്നത്' ഈസി ചെയറിലേക്ക് വിരല്‍ ചൂണ്ടി ജേസി പറഞ്ഞു. സാഹിത്യത്തെയും സിനിമയെയും കുറിച്ചൊക്കെ ഞങ്ങള്‍ അല്‍പം വര്‍ത്തമാനം പറഞ്ഞു.
അന്നു വേര്‍പിരിഞ്ഞ് അധികം കഴിയും മുമ്പേ ജേസിയുടെ മരണവാര്‍ത്തയാണ് കേട്ടത്. ആത്മസുഹൃത്തായ നടന്‍ സോമന്റെ വിയോഗം ജേസിയെ വല്ലാതെ തളര്‍ത്തിയിരുന്നുവെന്ന് പലരും പറഞ്ഞു. ശരിയായിരിക്കാം. കലാകാരന്മാരുടെ സ്‌നേഹത്തിനു വൈകാരികത കൂടുമല്ലോ.
ഒരു ജ്യേഷ്ഠ സഹോദരനോടുള്ള സ്‌നേഹാദരങ്ങളാണ് ജേസിയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ മനസ്സില്‍ നിറയുന്നത്. അദ്ദേഹത്തിന്റെ രൂപത്തിനും ഭാവത്തിനും ചലനങ്ങള്‍ക്കുമെല്ലാം ഒരു പ്രത്യേക ഈണമുണ്ടായിരുന്നു. പഴയ ഒരു പാട്ടിന്റെ ഈണം പോലെ ജേസി എന്നും മനസ്സിന്റെ ചുണ്ടുകളിലുണ്ട്.               ി
Next Story

RELATED STORIES

Share it