Alappuzha local

ഒരു തുണ്ടുഭൂമി എന്ന സ്വപ്‌നം സഫലമാവാതെ കുടുംബനാഥന്‍ യാത്രയായി

പുറക്കാട്: കിടപ്പാടത്തിനു വേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രോഗശയ്യാവലംബിയായ ഗൃഹനാഥന്‍ മരണത്തിന് കീഴടങ്ങി.
2013 ലെ കടല്‍ക്ഷോഭത്തില്‍ വീടും പുരയിടവും പൂര്‍ണമായി നഷ്ടപ്പെട്ട ജോയി (62) എന്ന മല്‍സ്യത്തൊഴിലാളിയാണ് മരണത്തിന് കീഴടങ്ങിയത്. , റവന്യൂ വകുപ്പ് അവഗണിച്ച ഏഴു കുടുംബങ്ങളിലൊന്നാണ് ജോയിയുടെ കുടുംബം. പുറക്കാട് 17- ാം വാര്‍ഡില്‍ കടലാക്രമണത്തെ തുടര്‍ന്നു വീട് തകര്‍ന്നടിഞ്ഞ് മറ്റു പ്രദേശവാസികള്‍ക്കൊപ്പം സ്‌കൂള്‍ ക്യാംപിലായിരുന്നു റവന്യൂ വകുപ്പ് അധികൃതരുടെ അറിവോടെ ജോയിയും ഭാര്യ വിജയമ്മയും മക്കളും കഴിഞ്ഞുപോന്നത്.
താമസിക്കാനുള്ള വീട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുമെന്ന അധികാരികളുടെ വാഗ്ദാനം അനന്തമായി നീളുന്നതിനിടെയാണ് പുറമ്പോക്ക് സ്ഥലത്ത് അസൗകര്യങ്ങളുടെ നടുവില്‍ ഒരു കൊച്ചുകുടില്‍ കെട്ടി ജോയിയും കുടുംബവും ജീവിതമാരംഭിക്കുന്നത്. കഴിഞ്ഞ മാസം ആലപ്പുഴയില്‍ നടന്ന കയര്‍മേളയില്‍ പങ്കെടുന്ന മന്ത്രി അടൂര്‍ പ്രകാശ് 2014-15 ലെ കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ട 21 പേര്‍ക്ക് ഭൂമിയുടെ മൂന്നു സെന്റ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നു. ഈ സമയം 2013 ലെ പ്രകൃതി ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട ഏഴു കുടുംബങ്ങളെ തഴഞ്ഞതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നം തേജസ് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തുല്യ പരിഗണന കൊടുക്കുന്നതിന് പകരം ജാതി മത കക്ഷിരാഷ്ട്രീയം മാനദണ്ഡമാക്കുന്ന സര്‍ക്കാരിന്റെ വികല നയത്തിനെതിരേ നാട്ടുകാര്‍ പ്രതികരിക്കണമെന്ന് എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസര്‍ പഴയങ്ങാടിയും സെക്രട്ടറി നൗഷാദും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it