Articles

ഒരു കൊലപാതകത്തിന്റെ ബാക്കിപത്രം

ഒരു കൊലപാതകത്തിന്റെ ബാക്കിപത്രം
X
slug-avkshngl-nishdnglബാബുരാജ് ബി എസ്

നാം വളരെ സംശയിച്ചാണു നില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചതെന്നു വ്യക്തമല്ല. പോലിസ് പറയുന്നതു ശരിയാവാം, തെറ്റുമാവാം- ഞങ്ങള്‍ 22 പേര്‍ പൗരന്‍ വക്കീലിന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വര്‍ക്കല ടിബിയിലേക്ക് പലരും എത്തിയതേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തിന്റെ പലഭാഗത്തുമുള്ളവര്‍.
ഡിഎച്ച്ആര്‍എമ്മുകാര്‍ നടത്തിയെന്നു പറയപ്പെടുന്ന കൊലപാതകവും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും ചില ദുസ്സൂചനകള്‍ തോന്നിയതുകൊണ്ടാണ് ഞങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ദീര്‍ഘകാലം ഡല്‍ഹിയിലായിരുന്ന 61 വയസ്സുള്ള ശിവപ്രസാദ് 2009 സപ്തംബര്‍ 23ന് പ്രഭാതസവാരിക്കിടെ കൊല്ലപ്പെടുന്നു. സംഘടനയ്ക്ക് പേരും പ്രശസ്തിയും ലഭിക്കുന്നതിനുവേണ്ടി ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ ശിവപ്രസാദിനെ കൊല്ലുകയായിരുന്നുവെന്നാണ് കേസ്.
മരണം കഴിഞ്ഞ് 15 ദിവസത്തിനു ശേഷമാണ് വര്‍ക്കലയിലേക്കുള്ള ഞങ്ങളുടെ യാത്ര. ആ സമയത്ത് തേജസില്‍ റിപോര്‍ട്ടറായിരുന്ന ബൈജു, പൗരന്‍ വക്കീലിന്റെ അഭിപ്രായത്തെ ഖണ്ഡിച്ചു. ഈ കേസില്‍ പോലിസിനുള്ള അമിതമായ താല്‍പര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബൈജുവും അനില്‍കുമാറും തലേദിവസം രാത്രി തന്നെ ടിബിയിലെത്തിയതാണ്. ഉറക്കംപിടിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ പോലിസ് വാതിലില്‍ മുട്ടി. പിന്നെ സിനിമാസ്റ്റൈലില്‍ ചോദ്യംചെയ്യല്‍. ഭയപ്പെടുത്തലിനും ഭീഷണിക്കും ശേഷമാണ് അവര്‍ സ്ഥലംവിട്ടത്. ബൈജു പറഞ്ഞത് ശരിയാണെന്ന് ഞങ്ങള്‍ക്കും തോന്നി. എങ്കിലും സൂക്ഷിച്ച് ഇടപെടണമെന്നു ഞങ്ങള്‍ നിശ്ചയിച്ചു. പക്ഷേ, ആദ്യം സന്ദര്‍ശിച്ച തൊഴുവ കോളനിയില്‍ വച്ചുതന്നെ കാര്യങ്ങളുടെ കിടപ്പ് ഞങ്ങള്‍ക്ക് ബോധ്യമായി. സംഘത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ ബൈജുവിനെ ശിവസേനക്കാര്‍ പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു തല്ലിച്ചതച്ചത്.
പിന്നെയുള്ളത് ചരിത്രമാണ്. ആ യാത്ര കേരളത്തിന്റെ മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു ഇടപെടലായിരുന്നു. പോലിസ് ഭാഷ്യത്തില്‍ വീണുപോയ മാധ്യമങ്ങളെയും ജനതയെയും സത്യത്തിന്റെ വെളിച്ചത്തിലേക്കു നയിക്കാന്‍ അന്വേഷണസംഘത്തിനായി. ശിവസേനക്കാരും പോലിസും ഇടതുപക്ഷവും ഒത്തുചേര്‍ന്ന് ഒരു ജനതയെ അടിച്ചമര്‍ത്തിയതിന്റെ തെളിവുകള്‍ ഒന്നൊന്നായി ചുരുള്‍നിവര്‍ന്നു. ബോഡിവര്‍ക്‌ഷോപ്പെന്നറിയപ്പെടുന്ന കഠിനംകുളത്തെ കുപ്രസിദ്ധ മര്‍ദ്ദനകേന്ദ്രത്തില്‍ ദലിത് നേതാക്കള്‍ക്കെതിരേ നടന്ന മനുഷ്യാവകാശലംഘനങ്ങള്‍, കോളനികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമെതിരേ നടന്ന അതിക്രമങ്ങള്‍, ഇവയൊക്കെ പൊതുസമൂഹം ഞെട്ടലോടെയാണു കേട്ടത്.
പക്ഷേ, ആ ഇടപെടലുകള്‍ ആ ജനതയെ ഒരുതരത്തിലും രക്ഷിച്ചില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കോടതിവിധി തെളിയിക്കുന്നത്. കേസില്‍ നേതാക്കളടക്കം ഏഴ് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. പിഴയും വിധിച്ചിട്ടുണ്ട്. അതില്‍നിന്ന് ആറുലക്ഷം ശിവപ്രസാദിന്റെ കുടുംബത്തിനും രണ്ടരലക്ഷം ചായക്കട നടത്തുന്ന വേങ്ങവിള വീട്ടില്‍ അശോകനും നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശിവസേനക്കാരനായ അശോകനെ ഡിഎച്ച്ആര്‍എമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് കുറ്റപത്രത്തിലുള്ളത്.
ഈ കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കകം അശോകന്‍ വസ്തുതാന്വേഷണസംഘത്തോടു നടത്തിയ സംഭാഷണത്തില്‍ തന്നെ കൊല്ലാന്‍ ചിലര്‍ വന്നിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്നും പോലിസ് പറഞ്ഞപ്പോഴാണ് താനത് മനസ്സിലാക്കിയതെന്നും അശോകന്‍ പറയുന്നുണ്ട്. പ്രതികളാരാണെന്ന് പറഞ്ഞുകൊടുത്തതും പോലിസാണ്. ആ അശോകനാണ് ഇപ്പോള്‍ കോടതി രണ്ടരലക്ഷം രൂപ നല്‍കാന്‍ വിധിച്ചിരിക്കുന്നത്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട തെളിവുകളുടെ പിന്‍ബലത്തിലാണ് ഈ കേസ് കെട്ടിപ്പൊക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നത്. ശിവപ്രസാദിന്റെ കുടുംബത്തില്‍ നടത്തിയ അന്വേഷണങ്ങളും സമാനമായ കാര്യങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
ശിക്ഷ വിധിച്ച ദിവസം കോടതിക്കു പുറത്തു നടന്ന നാടകത്തെക്കുറിച്ചുകൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. വിധിക്കുശേഷം പത്രക്കാരെ കണ്ട പബ്ലിക് പ്രോസിക്യൂട്ടറും അദ്ദേഹത്തിന്റെ ജൂനിയറും 164 എ പ്രകാരം പ്രതിയായ അഡ്വ. അശോകന്റെ (ഇത് മറ്റൊരു അശോകനാണ്) മൊഴിയെടുത്ത മജിസ്‌ട്രേറ്റ് കൂറുമാറിയെന്ന ആരോപണം ഉന്നയിച്ചു. അതിനെയൊക്കെ മറികടന്നാണ് തങ്ങള്‍ വിജയിച്ചതെന്നായിരുന്നു അവകാശവാദം. വിധി പറയുന്നത് കേള്‍ക്കാന്‍ സ്ഥലത്തെത്തിയിരുന്ന വസ്തുതാന്വേഷണസംഘത്തില്‍ അംഗമായിരുന്ന റെനി ഐലിന്‍ അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു. സെഷന്‍സ് കോടതി, മൊഴിയെടുത്ത മജിസ്‌ട്രേറ്റിനെ വിസ്തരിച്ചിരുന്നു. 164 എ പ്രകാരം താന്‍ എടുത്ത മൊഴിയല്ല ഇപ്പോള്‍ കോടതിയുടെ പക്കലുള്ളതെന്നായിരുന്നുവത്രെ അദ്ദേഹം പറഞ്ഞത്. അതായത് കോടതിരേഖകളില്‍ കൃത്രിമം നടന്നിരിക്കുന്നുവെന്നാണ് ഇതിനര്‍ഥം.
Next Story

RELATED STORIES

Share it