Editorial

ഒരു കരിനിയമത്തിന്റെ ഇരകള്‍

പോലിസും എന്‍ഐഎയും ഒരുസംഘം മാധ്യമങ്ങളും എല്ലാ ചേരുവകളും ചേര്‍ത്ത് അവതരിപ്പിച്ച പാനായിക്കുളം കേസില്‍ കോടതി വിധി വന്നിരിക്കുന്നു. 18 പ്രതികളില്‍ അഞ്ച് മലയാളി യുവാക്കളെ ശിക്ഷിച്ച കോടതി 11 പേരെ വിട്ടയച്ചു. സംഭവം നടക്കുമ്പോള്‍ 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ ഇനി നടക്കും.
എറണാകുളം ജില്ലയിലെ പാനായിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തില്‍ 2006 ആഗസ്ത് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകളുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന സെമിനാറാണ് കേസിന് ആധാരമായ സംഭവം. കേരള പോലിസ് 2010ല്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് ഏറ്റെടുത്ത എന്‍ഐഎക്ക് പാനായിക്കുളം കേസും കൈമാറി. ഒമ്പതു വര്‍ഷം നീണ്ട കോടതി നടപടികള്‍ക്കു ശേഷമാണ് വിധി. കേസില്‍ രഹസ്യവിചാരണയാണു നടന്നത്. എന്‍ഐഎ ഹാജരാക്കിയ തെളിവുകളില്‍ സെമിനാറില്‍ പങ്കെടുത്ത മാപ്പുസാക്ഷിയുടെ മൊഴിയാണ് കോടതി മുഖ്യമായും പരിഗണിച്ചത്.
2001ലാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന വിദ്യാര്‍ഥിസംഘടന നിരോധിച്ചത്. നിരോധിക്കപ്പെടുന്ന ഘട്ടത്തില്‍ സിമി പ്രവര്‍ത്തകരായിരുന്നവര്‍ സംഘാടകരിലും പ്രസംഗകരിലും സദസ്യരിലും ഉള്‍പ്പെട്ടതാണ് സെമിനാറിനെ ഗൂഢാലോചനയും രാജ്യദ്രോഹപ്രവര്‍ത്തനവുമായി ചിത്രീകരിക്കുന്നതിനു കാരണമായത്. പട്ടാപ്പകല്‍ ഹാള്‍ വാടകയ്‌ക്കെടുത്ത് പരസ്യപ്പെടുത്തി സ്വന്തം സംഘടനക്കാരല്ലാത്തവരെ കൂടി ഉള്‍പ്പെടുത്തി ഗൂഢാലോചനയും രാജ്യദ്രോഹവും നടത്തുന്ന സംഭവമെന്ന നിലയില്‍ പാനായിക്കുളം ചരിത്രത്തില്‍ ഇടംനേടാതിരിക്കില്ല.
രണ്ടു പ്രതികള്‍ക്കെതിരേ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം തെളിഞ്ഞതായാണ് വിധി. യുഎപിഎ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 10 എ (2) വകുപ്പുപ്രകാരം നിയമവിരുദ്ധ യോഗത്തില്‍ പങ്കാളിയാവുക, 13 (1) (ബി) പ്രകാരം നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുക, നേതൃത്വം നല്‍കുക എന്നീ കുറ്റങ്ങളാണു ചുമത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി പ്രകാരം ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും.
കരിനിയമമായ യുഎപിഎയുടെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അഞ്ച് യുവാക്കളെ കുറ്റവാളികളെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭരിക്കുന്നവര്‍ക്കെതിരിലും നീതിനിഷേധത്തിനെതിരിലും ശബ്ദിക്കുന്നതുപോലും രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന ഈ നിയമത്തിനെതിരേ രാജ്യത്തെങ്ങും ശക്തമായ പ്രതിഷേധം രൂപപ്പെടുന്നുണ്ട്. പാര്‍ലമെന്റില്‍ ഈ കരിനിയമം പാസാക്കുന്നതിന് കൈയുയര്‍ത്തി പിന്തുണച്ച അംഗങ്ങളും വിവിധ രാഷ്ട്രീയകക്ഷികളും ഈ നിയമത്തിന്റെ മനുഷ്യത്വവിരുദ്ധതയും ഭീകരതയും മനസ്സിലാക്കി ഇന്ന് പഴയ നിലപാട് മാറ്റാന്‍ തയ്യാറാവുന്നു.
രാജ്യത്ത് മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനും അസ്ഥിരത സൃഷ്ടിക്കുന്നതിനും ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിധി. സര്‍വതന്ത്രസ്വതന്ത്രരായി വിലസുന്ന യഥാര്‍ഥ രാജ്യദ്രോഹികള്‍ക്ക് ഈ വിധി കൂടുതല്‍ ഊര്‍ജം പകരും. ഉന്നത നീതിപീഠങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ശിക്ഷിക്കപ്പെട്ട പ്രതികളുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങളുടെ ഘനാന്ധകാരം നീങ്ങി നാളെ സത്യത്തിന്റെ സൂര്യന്‍ കൂടുതല്‍ പ്രഭയോടെ ജ്വലിച്ചുയരുമെന്നു പ്രതീക്ഷിക്കാനേ നിവൃത്തിയുള്ളൂ.
Next Story

RELATED STORIES

Share it