azchavattam

ഒരു എഴുത്തുകാരന്റെ ഓര്‍മകളില്‍

ഒരു എഴുത്തുകാരന്റെ ഓര്‍മകളില്‍
X
Vaikom_chandrasekaran_nair
സുബ്രഹ്മണ്യന്‍ അമ്പാടി

മലയാള സാഹിത്യചരിത്രം തമസ്‌കരിച്ച പേരാണ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍. അഗാധമായ അറിവിന്റെ സാഗരമായിരുന്നു അദ്ദേഹം. നോവല്‍, ചെറുകഥ, നാടകം, കവിത, തിരക്കഥ എന്നീ രംഗങ്ങളിലും ചരിത്രാഖ്യായകന്‍, പ്രബന്ധകാരന്‍, പ്രാസംഗികന്‍, പത്രപ്രവര്‍ത്തകന്‍, ചിത്രകാരന്‍, ഗായകന്‍, പത്രാധിപര്‍ എന്നീ നിലകളിലും കൈരളിയെ സമ്പന്നമാക്കിയിട്ടുണ്ട് അദ്ദേഹം. ഡോ. കെ ശ്രീകുമാര്‍ 'നാടകാനുഭവങ്ങളെ, നന്ദി'യില്‍ ഇങ്ങനെ എഴുതി: 'വൈക്കത്തമ്പലത്തിന്റെ തിരുമുറ്റത്തുനിന്നു കലോപാസന തുടങ്ങി. സന്ന്യാസിയുടെയും വിപ്ലവകാരിയുടെയും ആത്മാംശം ഒരേസമയം ഉള്‍ക്കൊണ്ട് സാഹിത്യത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും വിശാലമേഖലകളിലേക്ക് നടന്നു കയറിയ വ്യക്തിയാണ് വൈക്കം ചന്ദ്രശേഖരന്‍ നായര്‍.'
1928 ഡിസംബര്‍ 21ന് വൈക്കം ആരാവേലില്‍ പി കൃഷ്ണപിള്ളയുടെയും പാര്‍വതിയമ്മയുടെയും മകനായി ജനനം. ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രാങ്കണത്തില്‍ നിന്നാണ് കലാപ്രവര്‍ത്തനങ്ങളുടെ തുടക്കം. ''സോപാനത്തിലെ ഇടയ്ക്കയുടെയും മണിയൊച്ചയുടെയും അമ്പലമുറ്റത്തെ കലാവേളയുടെയും ഗന്ധം എന്റെ ആത്മാവിലേക്കു പകര്‍ന്നുകിട്ടി. ഞാന്‍ ഫ്യൂഡല്‍ കാലഘട്ടത്തിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായത്തില്‍ ജീവിക്കുന്ന ഒരാളായിത്തീര്‍ന്നു. ചെണ്ടയുടെ താളത്തില്‍ നിന്ന് ഒരിക്കലും മോചനം കിട്ടാത്ത ഒരു ജീവിയായിത്തീര്‍ന്നു ഞാന്‍''- ആത്മകഥയില്‍ അദ്ദേഹം   എഴുതി.
വൈക്കം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കലാസാംസ്‌കാരിക സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. മലയാളക്കരയെ ഇളക്കിമറിച്ച 'യാചകി' നാടകത്തിലെ പ്രധാന അഭിനേതാവും സംഗീതജ്ഞനുമായിരുന്ന വൈക്കം വാസുദേവന്‍ നായരുടെ പാട്ടുകേട്ട് സംഗീതം പഠിക്കാന്‍ തുടങ്ങി. വൈക്കത്തെ വടക്കുംകൂര്‍ സ്മാരക മുനിസിപ്പല്‍ ഗ്രന്ഥശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ 'കഥാബീജം' നാടകം അരങ്ങേറി. തിക്കുറിശ്ശി സുകുമാരന്‍നായരായിരുന്നു നായകന്‍. അദ്ദേഹവുമായി പരിചയപ്പെട്ടപ്പോള്‍ നാടകത്തില്‍ താല്‍പര്യം വന്നു. പതിനേഴാം വയസ്സില്‍ 'ആളോഹരി' നാടകമെഴുതി. വൈക്കം മുഹമ്മദ് ബഷീറിനെ ഏല്‍പിച്ചു. അന്ന് വൈക്കം മുഹമ്മദ് ബഷീറില്‍ നിന്നു കിട്ടിയ 20 രൂപയാണ് ആദ്യത്തെ പ്രതിഫലം. പിന്നീട് നാടകരംഗത്തെ മുടിചൂടാമന്നനായി. നാടകരചനയോടൊപ്പം നാടകസംവിധാനവും അഭിനയവും ഗാനരചനയും നടത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരണത്തിനായി കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എണ്ണമറ്റവേദികളില്‍ പ്രസന്ന മധുരമായി പ്രസംഗിച്ചു. വിപ്ലവഗാനങ്ങള്‍ പാടി. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തില്‍ നാടന്‍കൃഷിക്കാരനായ പരമുപ്പിള്ളയുടെ മകനായി അഭിനയിക്കുകയും ചെയ്തു.
കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി എഴുതിയ 'ഡോക്ടര്‍' കേരളത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞ സദസ്സുകളില്‍ കളിച്ചു. പ്രഫഷനല്‍ നാടകട്രൂപ്പുകള്‍ക്കു വേണ്ടി 'ബലിമൃഗം', 'കാലൊച്ചകള്‍', 'കടന്നല്‍ക്കൂട'്, 'കുറ്റവും ശിക്ഷയും', 'സ്വീറ്റ് സെവന്റി', 'വെളിച്ചമേ നയിച്ചാലും', 'ജനനി ജന്മഭൂമി', 'മാറ്റുവില്‍ ചട്ടങ്ങളെ', 'ഉയിര്‍ത്തെഴുന്നേല്‍പ്', 'വഴി', 'ഹംസഗീതം', 'രാജഹംസം', 'ഉദ്യോഗപര്‍വം', 'ജാതൂഗൃഹം' തുടങ്ങി മുപ്പതോളം നാടകങ്ങള്‍ മലയാള നാടകവേദിക്കു മുതല്‍ക്കൂട്ടായി. പിന്നീട് 'ഡോക്ടര്‍' സിനിമയാക്കിയപ്പോള്‍ തിരക്കഥയും, സംഭാഷണവുമെഴുതി. അതേത്തുടര്‍ന്ന് നിരവധി സിനിമകള്‍ക്ക് തിരക്കഥകളെഴുതി. ആദ്യമായി തിരക്കഥ എഴുതിയത് മദ്രാസിലെ ഡാന്‍സര്‍ തങ്കപ്പന്‍ നിര്‍മിച്ച 'കരുണ'യ്ക്കായിരുന്നു.
'നീലക്കടമ്പ്', 'സ്മൃതികാവ്യം', 'നഖങ്ങള്‍', 'പഞ്ചവന്‍കാട്', 'മാധവിക്കുട്ടി', 'സ്വാതിതിരുനാള്‍', 'ഗോത്രദാഹം', 'ദാഹിക്കുന്നവരുടെ വഴി', 'പാമ്പുകളുടെ മാളം', 'മാമാങ്കരാത്രി', 'ഒരു മൃദുസ്പര്‍ശം', 'വേണാട്ടമ്മ', 'പൂര്‍ണകുംഭം', 'കയീന്റെ വംശം' തുടങ്ങിയവയാണ് നോവലുകള്‍. 'കേരളം', 'ജനയുഗം', 'കേരളഭൂഷണം', 'കൗമുദി', 'കുങ്കുമം', 'ചിത്രകാര്‍ത്തിക', 'പൗരപ്രഭ', 'മലയാളമനോരമ', 'കുമാരി' എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരായിരുന്നു. 'ജനയുഗം' പത്രാധിപരായിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പത്രപ്രവര്‍ത്തനത്തില്‍ പുതിയൊരു പാത വെട്ടിത്തെളിച്ചു.
'കുങ്കുമ'ത്തിന്റെ പത്രാധിപരായി തിരുവനന്തപുരത്തു താമസിച്ചുകൊണ്ടിരുന്നപ്പോള്‍ തക്കല പത്മനാഭപുരം കൊട്ടാരവും കവടിയാര്‍ പാലസിലും നിരവധി തവണ കയറിയിറങ്ങി. ഈ രാജകൊട്ടാരങ്ങള്‍ കണ്ടു കഴിഞ്ഞപ്പോഴാണ് ചരിത്രാഖ്യായികള്‍ എഴുതാന്‍ താല്‍പര്യം ജനിച്ചത്. 'പഞ്ചവന്‍ കാടി'ന്റെയും 'സ്വാതിതിരുനാളി'ന്റെയും രചനയുടെ പശ്ചാത്തലം ഇതാണ്.
'ജാതൂഗൃഹം' നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയില്‍ നിന്ന് സ്വീകരിച്ചു. 'വിശ്വകലകള്‍ വിശ്വസംസ്‌കാരങ്ങള്‍', 'ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങള്‍', 'പ്രാചീന നാടകത്തിലൂടെ ഒരു സഞ്ചാരം', 'മഹാഭാരതത്തിലൂടെ ബൈബിളിലേക്ക് ഒരു സഞ്ചാരം' തുടങ്ങിയ വൈജ്ഞാനിക കൃതികളും രചിച്ചു.
ആത്മകഥാപരമായ കൃതി 'അനുഭവങ്ങളെ നന്ദി' രണ്ടു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1980ല്‍ കേരള സംഗീതനാടക അക്കാദമി ചെയര്‍മാനായിരുന്നു. 2002ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. സാഹിത്യത്തിന്റെ നാനാശാഖകളില്‍ വിസ്മയമായി എഴുതിക്കൊണ്ടിരിക്കുമ്പോഴും മനുഷ്യസ്‌നേഹിയായിരുന്നു വൈക്കം ചന്ദ്രശേഖരന്‍നായര്‍.
എഴുത്തിലും ജീവിതത്തിലും വൈക്കം ചന്ദ്രശേഖരന്‍നായര്‍ മരണം വരെ എന്നും ദരിദ്രര്‍ക്കൊപ്പമായിരുന്നു. സ്വന്തമായൊരു വീടില്ലാതെ ബാങ്ക് ബാലന്‍സ് ഇല്ലാതെ അവസാനകാലത്ത് കഷ്ടപ്പെടുമ്പോഴും ആരോടും പരിഭവമില്ലാതെ അറിവ് പകര്‍ന്നും നന്മയും സ്‌നേഹവും പങ്കുവച്ചു. വാടകവീടുകളിലായിരുന്നു ജീവിതത്തിന്റെ മുക്കാല്‍ഭാഗവും. പ്രശസ്ത പത്രപ്രവര്‍ത്തകനായ സി ഗൗരിദാസന്‍ നായര്‍ ഏഴു മക്കളില്‍ ഒരാളാണ്.
Next Story

RELATED STORIES

Share it