kannur local

ഒരുക്കങ്ങള്‍ സുസജ്ജം; 615 ബൂത്തില്‍ കേന്ദ്രസേന

കണ്ണൂര്‍: ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത സുരക്ഷയോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയില്‍ ആകെ 1629 പോളിങ് ബൂത്തുകളാണുള്ളത്. ഇതില്‍ 1054 ബൂത്തുകളില്‍ ലൈവ് വെബ്കാസ്റ്റിങിനും 192 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ കവറേജിനും സംവിധാനം ഒുക്കിയിട്ടുണ്ട്. വെബ്കാസ്റ്റിങിന്റെ മേല്‍നോട്ടത്തിനായി കലക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ഉണ്ട്.
80 പേരാണ് ിതിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുക. 15-20 ബൂത്തുകള്‍ ഒരാള്‍ എന്ന രീതിയില്‍ മുഴുവന്‍ സമയവും വെബ്കാസ്റ്റിങ് നിരീക്ഷിക്കും. റവന്യൂ, പോലിസ്, ബിഎസ്എന്‍എല്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്രസേനാ കമാണ്ടര്‍മാര്‍ എന്നിവരുടെ സാന്നിധ്യവും ഇവിടെയുണ്ടാവും.
പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, കൂത്തുപറമ്പ്, തലശ്ശേരി എന്നീ ഏഴ് മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ അതീവ സുരക്ഷ ബൂത്തുകളിലും മൈക്രോ ഒബ്‌സര്‍വര്‍മാര്‍ ഉണ്ടാവും. 193 നിരീക്ഷകരെയും പോളിങ് ദിവസം ബൂത്തുകളില്‍ വിന്യസിക്കും. വെബ്കാസ്റ്റിങും വീഡിയോ കവറേജും നടത്തുന്ന ദുശ്യങ്ങള്‍ പൂര്‍ണമായി റെക്കോഡ് ചെയ്യും. അടുത്ത ദിവസം തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇവ പരിശോധിക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ഥികള്‍ക്കോ ഏതെങ്കിലും ബൂത്തില്‍ ക്രമക്കേട് നടന്നതായി പരാതിയുണ്ടെങ്കില്‍ ദുശ്യങ്ങള്‍ 17ന് പരിശോധിക്കാം. 615 ബൂത്തുകളില്‍ കേന്ദ്രസേനയുടെ സാന്നിധ്യമുണ്ടാവും. ബൂത്തിന് ചുറ്റും 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രകാരം നിരോധനാജ്ഞയുണ്ടാവും. പരിധിയില്‍ വരുന്ന വായനശാല, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടും. ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും പൂര്‍ണ സംരക്ഷണം നല്‍കും.
ബൂത്തുകള്‍ക്ക് പുറത്തും കേന്ദ്രസേനയുടെ പട്രോളിങ് ഉണ്ടാവും. അന്ധരും അവശരുമായവര്‍ ഓപണ്‍ വോട്ട് ചെയ്യുമ്പോള്‍ വോട്ടറുടെയും ചെയ്യുന്നയാളിന്റെയും ഫോട്ടോ പ്രത്യേകമായി എടുക്കും. അന്ധവോട്ടര്‍മാരായി ജില്ലയില്‍ 6034 പേരുണ്ടെന്നാണ് കണക്ക്. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഇതിനകം അനുവദിച്ച സാക്ഷ്യപത്രം എടുത്ത് വോട്ടറെയും കൂട്ടി വോട്ട് ചെയ്യുകയാണ് വേണ്ടത്. ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ വോട്ടിങ് യന്ത്രം ഉപയോഗിച്ച് അന്ധര്‍ക്ക് സ്വന്തമായും വോട്ട് ചെയ്യാം.
അവശതയനുഭവിക്കുന്ന വോട്ടര്‍മാരെന്ന് പ്രിസൈഡിങ് ഓഫിസര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടാല്‍ ഓപണ്‍വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഓപണ്‍വോട്ട് ചെയ്യുന്നവരുടെയും വോട്ടറുടെയും ഫോട്ടോ നിരീക്ഷകര്‍ പിറ്റേന്ന് പരിശോധിക്കും.തിരഞ്ഞെടുപ്പ് ദിവസം കലക്ടറേറ്റില്‍ രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it