kasaragod local

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: 9,90,513 വോട്ടര്‍മാര്‍; 46 സ്ഥാനാര്‍ഥികള്‍

കാസര്‍കോട്: സ്വതന്ത്രവും നിര്‍ഭയവും നീതിപൂര്‍വ്വവുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഇ ദേവദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കായി 799 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിട്ടുള്ളത്. വനിതകള്‍ നിയന്ത്രിക്കുന്ന പത്ത് പോളിങ് സ്റ്റേഷനുകളും മുപ്പത് മാതൃകാപോളിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷന്‍ അംഗപരിമിത സൗഹൃദമാക്കുന്നതിന് ബൂത്തുകളില്‍ വീല്‍ ചെയറുകള്‍ ലഭ്യമാക്കും. റാംപ് സൗകര്യം ഏര്‍പ്പെടുത്തും.
ജില്ലയില്‍ 9,90,513 വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 1,03,404 പുരുഷന്‍മാരും 1,04,741 സ്ത്രീകളും ഉള്‍പ്പെടെ 2,08,145 വോട്ടര്‍മാരുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ 1,88,848 വോട്ടര്‍മാരാണ് ആകെയുള്ളത് ഇതില്‍ 94,214 പുരുഷന്‍മാരും 94,634 സ്ത്രീകളുമുണ്ട്. ഉദുമയില്‍ 97,117 പുരുഷന്‍മാരും 1,02,712 സ്ത്രീകളും ഉള്‍പ്പെടെ 1,99,829 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 2,04,445 വോട്ടര്‍മാരുള്ളതില്‍ 97,205 പുരുഷന്‍മാരും 1,07,240 സ്ത്രീകളുമുണ്ട്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1,89,246 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 88,793 പുരുഷന്‍മാരും 1,00,453 സ്ത്രീകളും ഉള്‍പ്പെടുന്നു. ജില്ലയില്‍ 1150 പ്രവാസി വോട്ടര്‍മാരും 1575 സര്‍വ്വീസ് വോട്ടര്‍മാരുമുണ്ട്. പുതുതായി 23,165 വോട്ടര്‍മാരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്പ് വിതരണം ചെയ്ത് കഴിഞ്ഞു.
ജില്ലയില്‍ അഞ്ച് മണ്ഡലങ്ങളിലായി 46 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. മഞ്ചേശ്വരം-8, കാസര്‍കോട്-7, ഉദുമ-10, കാഞ്ഞങ്ങാട്-12, തൃക്കരിപ്പൂര്‍-9 എന്നിങ്ങനെ സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ ബാലറ്റിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയത് ഈ തിരഞ്ഞെടുപ്പിലെ സവിശേഷതയാണ്. തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 800 പോളിങ് ബൂത്തുകളിലേക്കായി 957 സിംഗിള്‍ പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
സമാധാനപരമായ വോട്ടെടുപ്പ് പൂര്‍ത്തീകരണത്തിനായി ജില്ലയില്‍ എട്ട് കമ്പനി സേനകള്‍ എത്തും. ആറു കമ്പനി പാരാമിലിറ്ററി ഫോഴ്‌സും രണ്ട് കമ്പനി ആംഡ് ഫോഴ്‌സുമാണ് ജില്ലയിലെത്തിയത്. കര്‍ണാടക പോലിസിന്റെയും ഐടിബിപിയുടെയും രണ്ട് സേനകള്‍ വീതവും ബിഎസ്എഫും സിഐഎസ്എഫും ഓരോ കമ്പനി വീതവും രണ്ട് കമ്പനി കേരള ആംഡ് ഫോഴ്‌സും ജില്ലയില്‍ ഉണ്ടാകും. ജില്ലയിലെ 799 ബൂത്തുകളില്‍ ഓരോ ബൂത്തിലും അഞ്ച് പേര്‍ സുരക്ഷയൊരുക്കും. ഓരോ പോലിസ് സ്റ്റേഷനിലും ഒരു സിഐയേയും ഇവര്‍ക്ക് സ്‌ട്രൈക്കിങ് ഫോഴ്‌സായി എട്ട് പേരേയും നിയമിക്കും. കൂടാതെ മൂന്ന് പോലിസ് സ്റ്റേഷനുകള്‍ക്ക് ഒരു ഡിവൈഎസ്പിയെയും ഇവര്‍ക്ക് സ്‌ട്രൈക്കിങ് ഫോഴ്‌സായി 18 പേരേയും നിയമിക്കും. സബ് ഇന്‍സ്‌പെക്ടര്‍മാരുടെ കീഴില്‍ 50 ഗ്രൂപ്പ് പട്രോളും ഒരു ബോട്ട് പട്രോളും 32 ലോ ആന്റ് ഓര്‍ഡര്‍ പട്രോളും നിയമിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ അത്യാവശ്യ ഘട്ടങ്ങളിലേക്കായി ഒരു പട്രോള്‍ കൂടി നിയമിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 186 പ്രശ്‌നബാധിത ബൂത്തുകളാണ് പട്ടികയിലുള്ളത്.
Next Story

RELATED STORIES

Share it