ഒരുക്കങ്ങളില്‍ അതൃപ്തിയുമായി ഇന്ത്യ ഉള്‍പ്പെടെയുള്ള ടീമുകള്‍; മല്‍സരഗ്രൗണ്ട് കണ്ടിട്ടു പോലുമില്ലെന്ന് കോച്ചുമാര്‍

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ഒരുക്കങ്ങളിലെ പാകപ്പിഴകളില്‍ അതൃപ്തിയുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത്. മല്‍സരങ്ങള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്ന് ടൂര്‍ണമെന്റിലെ ഏഴുരാജ്യങ്ങളുടെ കോച്ചുമാരും ക്യാപ്റ്റന്‍മാരും മാധ്യമങ്ങളോട് പറഞ്ഞു. മല്‍സരം നടക്കുന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കാണുകപോലും ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഹോട്ടല്‍, ഭക്ഷണ ഗതാഗത, പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടതായി ഇന്ത്യന്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. ഹോട്ടലിലെ റിസപ്ഷന് മുന്നില്‍ അരമണിക്കൂറോളം നിര്‍ത്തി. കളിക്കാരുടെ സുരക്ഷക്കുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. സംഘാടനത്തെ സംബന്ധിച്ച് ഇതിനുമുമ്പും പലതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ കുറ്റപ്പെടുത്താനില്ല. എല്ലാ ഉത്തരവാദിത്വവും സാഫ് അധികൃതര്‍ക്കാണെന്നും കോണ്‍സ്റ്റന്റൈന്‍ ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് അഫ്ഗാന്‍ കോച്ച് ചൂണ്ടിക്കാട്ടി. പരിശീലനം ഒരുക്കുന്നതിലും ഗ്രൗണ്ടുകള്‍ നല്‍കുന്നതിലും പാളിച്ചയുണ്ടായി. ഇതുമൂലം കേരളത്തിലെത്തിയ ശേഷം ചിട്ടയായ പരിശീലനം നടത്താനായില്ല. ഹോട്ടലുകളില്‍ സൗകര്യമൊരുക്കുന്നതിലും പാളിച്ചയുണ്ടായി. മറ്റു ടീമുകള്‍ സ്റ്റേഡിയം വിട്ടുപോവുന്നതുവരെ പരിശീലനത്തിന് കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുന്ന തരത്തിലുള്ള സമീപനമാണ് സംഘാടനത്തില്‍ നിഴലിക്കുന്നതെന്നും പരിശീലനത്തിന് ഒരുക്കിയിട്ടുള്ള ഗ്രൗണ്ടുകള്‍ പ്രാദേശിക നിലവാരം പോലുമില്ലാത്തതാണെന്നും ശ്രീലങ്കന്‍ കോച്ച് കെ എം സമ്പത്ത് പെരേര ആരോപിച്ചു. ക്രമീകരണങ്ങളില്‍ അസംതൃപ്തിയുണ്ടെന്ന് ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും പരിശീലകര്‍ പറഞ്ഞു.
സംഘാടക പിഴവുണ്ടായിട്ടുണ്ടെന്നും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ് വി ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞു. ശിവന്‍കുട്ടി മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘാടകര്‍ മൈക്ക് ഓഫാക്കിയതും വാക്കേറ്റത്തിന് കാരണമായി.
Next Story

RELATED STORIES

Share it