ഒമ്പത് പ്രതികള്‍ക്കെതിരേ കോഫെപോസ

സ്വന്തം പ്രതിനിധികൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഒമ്പതു പ്രതികള്‍ക്കെതിരേ കോഫെപോസ ചുമത്തി. കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴ സ്വദേശി പി എ നൗഷാദ്, എമിഗ്രേഷന്‍ വിഭാഗത്തിലെ പോലിസുകാരനായിരുന്ന ജാബിന്‍ കെ ബഷീര്‍, കള്ളക്കടത്തു ശൃംഖലയിലെ പ്രധാന കണ്ണിയായ സലിം, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരായിരുന്ന എറണാകുളം സ്വദേശി ഷിനോയ് കെ മോഹന്‍ദാസ്, ആലപ്പുഴ സ്വദേശി ബിപിന്‍ സ്‌കറിയ കേസിലെ പിടികിട്ടാപ്പുള്ളികളായ ഫാസില്‍, ഫൈസല്‍, യാസിന്‍, തമ്മനം സ്വദേശി സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കെതിരേയാണ് കോഫെപോസ ചുമത്തിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവായത്. തുടര്‍ന്ന് ഇന്നലെ എറണാകുളത്തെ കസ്റ്റംസ് ഹൗസില്‍ ഹാജരായ നൗഷാദ്, ജാബിന്‍ കെ ബഷീര്‍, ഷിനോയ്, ബിപിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സലിമിനെ കൂടി അറസ്റ്റ് ചെയ്തശേഷം ഇന്ന് അഞ്ചുപേരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോവും.

ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ കഴിഞ്ഞേ ഇവര്‍ക്ക് ഇനി പുറത്തിറങ്ങാന്‍ കഴിയു. സ്വര്‍ണക്കടത്ത് കേസില്‍ നേരത്തേ അറസ്റ്റിലായ നൗഷാദ് അടക്കമുള്ള അഞ്ചു പ്രതികള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. കോഫെപോസ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് കസ്റ്റംസ് ഓഫിസിലും പോലിസിലും എത്തിയതിനെത്തുടര്‍ന്ന് ഇവരെ ഓരോരുത്തരെയായി ഇന്നലെ കസ്റ്റംസ് ഓഫിസില്‍ വിളിച്ചുവരുത്തുകയും പോലിസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് കോഫെപോസ തടവുകാരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത്. കള്ളക്കടത്തു കേസുകളിലെ പ്രതികളെ ജാമ്യം നല്‍കാതെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കോഫെപോസ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മൂന്നു മാസം കൂടുമ്പോള്‍ റിവ്യൂ കമ്മിറ്റി മുമ്പാകെ പ്രതികള്‍ക്കു തീരുമാനത്തെ ചോദ്യംചെയ്യാന്‍ കഴിയും. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേയാണ് കോഫെപോസ പ്രയോഗിക്കാറുള്ളത്.

കള്ളക്കടത്തു നടത്തിയവരെ കോഫെപോസ നിയമപ്രകാരം അകത്താക്കിയെങ്കിലും ഇത്തരം സംഘങ്ങളെ ഉപയോഗിച്ചു വിദേശത്തു നിന്ന് വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടത്തുന്ന യഥാര്‍ഥ പ്രതികള്‍ ഇപ്പോഴും കസ്റ്റംസിന്റെ വലയ്ക്കു പുറത്താണ്. പ്രമുഖ ജ്വല്ലറികള്‍ക്കു വേണ്ടിയാണ് ഇത്തരത്തില്‍ സ്വര്‍ണക്കടത്ത് നടത്തുന്നതെങ്കിലും അന്വേഷണം ഇവരിലേക്ക് എത്തിക്കാന്‍ കസ്റ്റംസിനു കഴിഞ്ഞിട്ടില്ല. തെളിവില്ലാത്തതാണ് കാരണം. ഒന്നര വര്‍ഷത്തിനിടെ 2,000 കിലോ സ്വര്‍ണം പ്രതികള്‍ കടത്തിയതായാണ് കസ്റ്റംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതെങ്കിലും ഈ സ്വര്‍ണം മുഴുവന്‍ എവിടേക്കു പോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിയുന്നില്ല.
Next Story

RELATED STORIES

Share it