kasaragod local

ഒമ്പത് തദ്ദേശസ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ അംഗീകരിച്ചു

കാസര്‍കോട്: ഒമ്പത് തദ്ദേശസ്ഥാപനങ്ങളുടെ 2015-16 വര്‍ഷത്തെ ഭേദഗതി പദ്ധതികള്‍ അഡ്‌ഹോക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, മീഞ്ച, ചെറുവത്തൂര്‍, പിലിക്കോട്, മഞ്ചേശ്വരം, കുമ്പള, കിനാനൂര്‍-കരിന്തളം, ചെങ്കള, ഉദുമ പഞ്ചായത്തുകള്‍ എന്നിവയുടെ ഭേദഗതി പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ബളാല്‍ പഞ്ചായത്തിന്റെ ഭേദഗതി പ്രൊജക്ടുകള്‍ സമിതിയുടെ പരിഗണനയിലാണ്.
ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ഷാജി റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ 38 പഞ്ചായത്തുകള്‍ 22.12 ശതമാനവും ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍ 21.98 ശതമാനവും നഗരസഭകളില്‍ കാഞ്ഞങ്ങാട് (22.63), കാസര്‍കോട് (20.71), നീലേശ്വരം (19.99) ഉള്‍പ്പെടെ 21.17 ശതമാനം തുക നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഇതുവരെ വിനിയോഗിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണ പദ്ധതികളുടെ മേല്‍നോട്ട ചുമതലകള്‍ തീരുമാനിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും പരിധിയില്‍ വരുന്ന പഞ്ചായത്തുകളും എഡിസി (ജനറല്‍), കാസര്‍കോട്, കാഞ്ഞങ്ങാട് ബ്ലോക്കുകളും പരിധിയിലുള്ള പഞ്ചായത്തുകളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും അസിസ്റ്റന്റ് പ്രൊജക്ട് ഓഫിസര്‍ (വനിതാവികസനം), കാറഡുക്ക, പരപ്പ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളും പരിധിയില്‍ വരുന്ന പഞ്ചായത്തുകളും എഡിസി (പെര്‍ഫോമന്‍സ് ഓഡിറ്റ്), ജില്ലാ പഞ്ചായത്തും ജില്ലയിലെ നഗരസഭകളും ഡപ്യൂട്ടി, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. 18ന് ശേഷം ഈ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗങ്ങള്‍ ചേരും.
തെരുവു നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി എബിസി പദ്ധതി സര്‍ക്കാരേതര സംഘടനകളുടെ സഹകരണത്തോടെ ഈ മാസം അവസാനം ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആറു ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് പദ്ധതി നടപ്പിലാക്കും. ജില്ലയുടെ വികസനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പൊതുവായ പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ പ്ലാനിങ് കമ്മീഷനില്‍ സമര്‍പ്പിച്ച് പ്രത്യേകാനുമതിനേടാനാകുമെന്ന് ജില്ലാ പ്ലാനിങ് ഓഫിസര്‍ അറിയിച്ചു.
ലോകബാങ്ക് പദ്ധതിയിലുള്‍പ്പെട്ട പ്രവൃത്തികളുടെ പുരോഗതി അവലോകനത്തിന് സെക്രട്ടറിമാരുടെയും അസി. എന്‍ജിനീയര്‍മാരുടെയും യോഗം 21ന് കാഞ്ഞങ്ങാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. അഡ്‌ഹോക് ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം 15ന് രാവിലെ 10.30ന് ആസൂത്രണ സമിതി ഹാളില്‍ ചേരും. നഗരസഭാ ചെയര്‍പേഴ്‌സണര്‍മാരായ ബീഫാത്തിമ ഇബ്രാഹിം, വി വി രമേശന്‍, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, നിര്‍വഹണോദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it