ഒമ്പതു പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍

കൊച്ചി: പത്തു വര്‍ഷത്തിനിടെ റിപ്പര്‍ മാതൃകയില്‍ ഒമ്പതു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ആള്‍ പിടിയില്‍. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കല്‍ വീട്ടില്‍ സേവ്യറി(പണിക്കര്‍ കുഞ്ഞുമോന്‍-42)നെയാണ് എറണാകുളം നോര്‍ത്ത് സിഐ വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം ഇഎസ്‌ഐ ആശുപത്രിക്ക് എതിര്‍വശത്തുള്ള ഓലഷെഡില്‍ വച്ച് നെഞ്ചുണ്ണി എന്ന ഉണ്ണിയെ ഈ മാസം ഒമ്പതിന് രാത്രി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സേവ്യറിനെ ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇയാള്‍ നടത്തിയ കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്. കടത്തിണ്ണകളില്‍ ഉറങ്ങിക്കിടന്ന ആക്രി വില്‍പനക്കാരും ഊരുംപേരും അറിയാത്തവരുമാണ് സേവ്യറിന്റെ ആക്രമണത്തിന് ഇരയായത്. 2007ല്‍ ഇടപ്പള്ളി പോണേക്കര ഭാഗത്ത് കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന അബ്ദുല്‍ ഖാദര്‍(80), 2007 സപ്തംബറില്‍ തൃക്കാക്കര പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന 75 വയസ്സുകാരന്‍, 2008ല്‍ കാക്കനാട് കലക്ടറേറ്റിന്റെ വടക്കേ ഗേറ്റിനു സമീപം കിടന്നുറങ്ങുകയായിരുന്ന 40 വയസ്സുകാരന്‍, 2008ല്‍ തന്നെ നോര്‍ത്ത് പറവൂര്‍ ചെറിയപ്പിള്ളി എസ്ബിഐക്കു സമീപം കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതാപചന്ദ്രന്‍(72), 2009 ആഗസ്ത് 27നു രാത്രി എറണാകുളം ബ്രോഡ്‌വേയില്‍ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന ചെകിടന്‍ എന്നു വിളിക്കുന്ന സന്താനം, 2009 ഒക്ടോബര്‍ 9ന് എറണാകുളം മാര്‍ക്കറ്റിലെ ബേസിന്‍ റോഡിലുള്ള കടയുടെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന തകര എന്ന അറുപതുകാരന്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തിനിടയില്‍ ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശി ശെല്‍വം(28), കലൂര്‍ ആസാദ് റോഡില്‍ ചേരാതൃക്കോവില്‍ ക്ഷേത്രത്തിന് എതിര്‍വശത്ത് കടവരാന്തയില്‍ ഉറങ്ങുകയായിരുന്ന പരമേശ്വരന്‍(70) എന്നിവരെയാണ് സേവ്യര്‍ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. മരിച്ചവരെല്ലാം തെരുവില്‍ കഴിയുന്നവരും ഊരുംപേരും അറിയാത്തവരുമായതിനാല്‍ പോലിസ് അന്വേഷണം ഊര്‍ജിതമായി നടന്നിരുന്നില്ല.
Next Story

RELATED STORIES

Share it