ഒമ്പതംഗ സംഘത്തിന്റെ വെട്ടേറ്റ ചെത്തുതൊഴിലാളി മരിച്ചു

ചിറ്റൂര്‍ (പാലക്കാട്): മീനാക്ഷിപുരത്ത് ഒമ്പത് അംഗ സംഘത്തിന്റെ വെട്ടേറ്റ ചെത്ത് തൊഴിലാളി മരിച്ചു. വണ്ടിത്താവളം പുറയോരം വേലായുധന്റെ മകന്‍ രതീഷ് (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 7.30ഓടെ മീനാക്ഷീപുരം മൂലക്കടയിലെ തെങ്ങിന്‍ തോപ്പിലാണ് യുവജനതാദള്‍ പ്രവര്‍ത്തകനായ രതീഷിനു വെട്ടേറ്റത്. വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് മൂലക്കടയിലെ തങ്കവേലുവിന്റെ തെങ്ങിന്‍തോപ്പില്‍ നാല് ബൈക്കുകളിലായി എത്തിയ സംഘം രതീഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. രണ്ടുപേര്‍ തോപ്പിനുള്ളിലും മറ്റുള്ളവര്‍ പുറത്തു കാവല്‍ നില്‍ക്കുകയുമായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ മറ്റു തൊഴിലാളികളാണ് ഇടതുകൈയ്ക്കും നെഞ്ചിനും പുറത്തും ഗുരുതരമായി വെട്ടേറ്റ രതീഷിനെ ആശുപത്രിയിലെത്തിച്ചത്.

ഇതിനിടെ സംഘം ബൈക്കുകളില്‍ രക്ഷപ്പെടുകയായിരുന്നു. ഒമ്പത് അംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്നും ഇതില്‍ കന്നിമാരി പള്ളിമൊക്ക് സ്വദേശി രാജേഷി(25)നെ തിരിച്ചറിഞ്ഞതായും മറ്റുള്ളവവര്‍ ഒളിവിലാണെന്നും പോലിസ് പറഞ്ഞു. പുതുവല്‍സര ദിനത്തില്‍ രതീഷും രാജേഷും ചേര്‍ന്നു മീനാക്ഷിപുരത്ത് മദ്യപിക്കുകയും രണ്ടുപേരും വാക്ക്തര്‍ക്കമുണ്ടാവുകയും അടിപിടിയാവുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാവാം കൊലപാതകത്തിനു പിന്നിലെന്നാണ് കേസെടുത്ത മീനാക്ഷിപുരം പോലിസിന്റെ പ്രാഥമിക നിഗമനം. രതീഷിന്റെ അമ്മ: ചന്ദ്രിക. ഭാര്യ: സരതി. മകള്‍: അക്ഷയ. സഹോദരങ്ങള്‍: രമേഷ്, രമണി.
Next Story

RELATED STORIES

Share it