ഒമാനില്‍ കോട്ടയം സ്വദേശിയെ തട്ടിക്കൊണ്ട് പോയതായി സംശയം

കോട്ടയം: കോട്ടയം മണര്‍കാട് സ്വദേശിയെ ഒമാനില്‍ കവര്‍ച്ചക്കാര്‍ തട്ടിക്കൊണ്ടുപോയതായി സംശയം. ഒമാനിലെ സനീനയില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന മണര്‍കാട് ചെറുവിളാകത്ത് ജോണ്‍ ഫിലിപ്പിനെ(47)യാണ് കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഭാര്യ ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച വീണ്ടും വിളിച്ചു. ബെല്ല് അടിച്ചെങ്കിലും മറുപടിയുണ്ടായില്ല.
പിന്നീട് ടൈംസ് ഓഫ് ഒമാനില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലൂടെയാണ് ജോണ്‍ ഫിലിപ്പിന് അപകടം സംഭവിച്ചതായി നാട്ടില്‍ വിവരം ലഭിച്ചത്. ദക്ഷിണേന്ത്യക്കാരനായ ജോണ്‍ എന്നയാള്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ചക്കിരയായെന്നും തട്ടിക്കൊണ്ടുപോയെന്നുമായിരുന്നു വാര്‍ത്ത. ഒമാനിലുള്ള, ജോണ്‍ ഫിലിപ്പിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് നാട്ടിലേക്ക്—വിവരം കൈമാറിയത്. വെള്ളിയാഴ്ച രാത്രി ഏതാനും പേര്‍ ചേര്‍ന്ന് ജോണ്‍ ഫിലിപ്പിനെ ആക്രമിക്കുന്നത് ഒരാള്‍ കണ്ടതായി പറയുന്നുണ്ട്. ജോണ്‍ ഫിലിപ്പ് അവരോട് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും അദ്ദേഹത്തെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നുമാണ് വിവരം ലഭിച്ചതെന്ന് ജോണ്‍ ഫിലിപ്പിന്റെ ജ്യേഷ്ഠന്‍ ജേക്കബ് ഫിലിപ്പ് പറഞ്ഞു.
ജോണ്‍ ഫിലിപ്പിനു പുറമെ കൊല്ലം സ്വദേശിയായ ബാബുവും ഒരു ഒമാന്‍ സ്വദേശിയുമാണ് പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്നത്. ദീര്‍ഘകാലം കോട്ടയം വൈഎംസിഎയുടെ സെക്രട്ടറിയായിരുന്ന പരേതനായ സി എം ഫിലിപ്പിന്റെ മകനാണ് ജോണ്‍ ഫിലിപ്പ്. കൂടെ ജോലി ചെയ്തിരുന ബാബുവിനെ ഒമാന്‍ പോലിസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it