World

ഒബാമ - മോദി കൂടിക്കാഴ്ച; യുഎസ് ഇന്ത്യയില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും

വാഷിങ്ടണ്‍: യുഎസിലെ വെസ്റ്റിങ്ഹൗസ് ന്യൂക്ലിയര്‍ കോര്‍പറേഷന്‍ ഇന്ത്യയില്‍ ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. അടുത്തവര്‍ഷം ജൂണോടുകൂടെ ഇന്ത്യയില്‍ ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ ആണവോര്‍ജ കേര്‍പറേഷനും(എന്‍പിസിഐഎല്‍) വെസ്റ്റിങ്ഹൗസും കരാറിലൊപ്പുവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.
കൂടിക്കാഴ്ചയില്‍ ആണവ വിതരണ സംഘത്തിലേക്കുള്ള (എന്‍എസ്ജി) ഇന്ത്യയുടെ പ്രവേശനം, കാലാവസ്ഥാ വ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു പ്രാധാന്യം ലഭിച്ചു. സിവില്‍ ആണവരംഗത്തെ സഹകരണത്തിലെ പുരോഗതി ചര്‍ച്ചചെയ്തതായി ഒബാമ അറിയിച്ചു. സൈബര്‍ സുരക്ഷാ രംഗത്ത് ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നു ചര്‍ച്ചയ്ക്കുശേഷമുള്ള സംയുക്തപ്രസ്താവനയില്‍ ഇരു നേതാക്കളും വ്യക്തമാക്കി. തന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഒബാമയ്ക്ക് നന്ദിപറയുന്നതായി മോദി അറിയിച്ചു. മിസൈല്‍ നിയന്ത്രണ സമിതിയിലെ ഇന്ത്യയുടെ അംഗത്വത്തെ പിന്തുണച്ചതിന് യുഎസിനോടുള്ള നന്ദി അറിയിക്കുന്നു. സാമ്പത്തിക, ഊര്‍ജ, പ്രാദേശിക സുരക്ഷാ രംഗങ്ങളിലെ സഹകരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്തു. യുഎസുമായി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ട്. എന്‍എസ്ജി അംഗത്വവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പിന്തുണ നല്‍കിയതിന് യുഎസിനുള്ള കൃതജ്ഞത അറിയിക്കുന്നതായും ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. യുഎസുമായി ഇനിയും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ എന്നിവരും മോദിക്കൊപ്പം വൈറ്റ്ഹൗസിലെത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസ് കോണ്‍ഗ്രസ്സിന്റെ സംയുക്തസമ്മേളനത്തെ മോദി അഭിസംബോധനചെയ്തു. പ്രതിരോധരംഗത്ത് ഇന്ത്യയെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വാഷിങ്ടണിലെ അര്‍ലിങ്ടണ്‍ സെമിത്തേരി സന്ദര്‍ശിച്ച് യുദ്ധത്തില്‍ മരണമടഞ്ഞ അമേരിക്കന്‍ പട്ടാളക്കാര്‍ക്കു മോദി ആദരമര്‍പ്പിച്ചിരുന്നു. കൊളംബിയ സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ വംശജ കല്‍പന ചൗള അടക്കമുള്ളവരുടെ സ്മാരകവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. കല്‍പന ചൗളയുടെ കുടുംബത്തെയും ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെയും അദ്ദേഹം സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ നാലാമത്തെ യുഎസ് സന്ദര്‍ശനമാണിത്. ഏഴാംതവണയാണു മോദിയും ഒബാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
Next Story

RELATED STORIES

Share it