ഒപ്പമെത്താന്‍ കഴിയാതെ ശ്രീശാന്ത്; ആശങ്കയോടെ ബിജെപി

എം ബി ഫസറുദ്ദീന്‍

തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വത്തോടെ രാജ്യാന്തര ശ്രദ്ധ നേടിയ തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതു വലതു മുന്നണികള്‍ പ്രചാരണത്തില്‍ മുന്നേറുമ്പോള്‍ എന്‍ഡിഎ ക്യാംപില്‍ തണുത്ത പ്രതികരണം.
സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം ശ്രീശാന്ത് മറ്റുചില തിരക്കുകള്‍ കാരണം മണ്ഡലത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ പ്രചാരണം തുടങ്ങാനാവാതെ വിഷമ സന്ധിയിലായിരുന്നു പാര്‍ട്ടി ഇതുവരെ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മന്ത്രി വി എസ് ശിവകുമാറും ജനാധിപത്യ കേരള കോണ്‍ഗ്രസ്സിന്റെ ആന്റണി രാജുവും സജീവമായി പ്രചാരണരംഗത്തെത്തിയിട്ടും ഇന്നലെയോടെ മാത്രമാണ് താരം പ്രചാരണത്തിന് തുടക്കംകുറിച്ചത്.
ബിജെപി ദേശീയ നേതൃത്വം തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥിയായി ശ്രീശാന്തിനെ പ്രഖ്യാപിച്ചതിനു ശേഷം തലസ്ഥാനത്ത് എത്തിയെങ്കിലും പിന്നീടു പ്രചാരണപരിപാടികള്‍ക്ക് എത്തിയിരുന്നില്ല. എന്നാല്‍ പ്രചാരണം തുടങ്ങുന്നതില്‍ സംഭവിച്ച കാലതാമസം മറികടക്കുമെന്നാണു നേതാക്കള്‍ പറയുന്നത്.
നഗരഹൃദയത്തിലെ മണ്ഡലത്തില്‍ പ്രചാരണം നിലച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടാക്കിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടിയിലെ മധ്യനിര നേതാക്കള്‍ ശ്രീശാന്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ വിമര്‍ശനമുയര്‍ത്തുകയാണ്. തിരുവനന്തപുരത്ത് കടുത്ത മല്‍സരം നടക്കുന്ന മണ്ഡലമെന്ന നിലയില്‍ പരിചയസമ്പന്നനായ പക്വതയുള്ള സ്ഥാനാര്‍ഥിയായിരുന്നു വേണ്ടിയിരുന്നതെന്ന് ബിജെപി സംസ്ഥാന നേതാക്കളില്‍ ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.
അനുഭവസമ്പത്തും മണ്ഡല പരിചയവുമുള്ള നിരവധി പേരെ മാറ്റിനിര്‍ത്തിയാണു ക്രിക്കറ്റ് താരത്തിന് അവസരം കൊടുത്തതെന്ന് ഇവര്‍ പറയുന്നു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണു ശ്രീശാന്തിനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടത്. ശ്രീശാന്തിനെ തിരുവനന്തപുരം മണ്ഡലത്തിലേക്കു നിയോഗിച്ചതില്‍ മുന്‍ പ്രസിഡന്റ് വി മുരളീധരനെ അനുകൂലിക്കുന്ന നേതാക്കളിലും അതൃപ്തിയുണ്ട്.
കടുത്ത മല്‍സരം കാഴ്ച്ചവയ്ക്കാനായി ബിജെപി നടന്‍ സുരേഷ് ഗോപിയെ നേരത്തേ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നേരിട്ടിടപെട്ട് എസ് ശ്രീശാന്തിനെ നിര്‍ദേശിച്ചത് യുവാക്കളുടെ വലിയ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടലോടെയാണ്. തദ്ദേശതിരഞ്ഞെടുപ്പി ല്‍ 27 കോ ര്‍പറേഷന്‍ വാര്‍ഡുകളില്‍ പത്തെണ്ണം കൈക്കലാക്കി എല്‍ഡിഎഫിന് പിന്നാലെ രണ്ടാമതെത്തിയിരുന്നു പാര്‍ട്ടി. എന്നാല്‍ ക്രിക്കറ്റ് ജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ശ്രീശാന്തിന്റെ തന്നെ അഭിപ്രായപ്രകടനങ്ങളും വോട്ടില്‍ തിരിച്ചടിയാവുമോ എന്ന് ആശങ്കപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്.
Next Story

RELATED STORIES

Share it