malappuram local

ഒന്നു കരയാന്‍ പോലുമാവാതെ ജില്ലയിലെ അര്‍ജന്റീനക്കാര്‍ ദുഃഖം ഉള്ളിലൊതുക്കി

ടിപി ജലാല്‍

മഞ്ചേരി: അമേരിക്കയില്‍ നടന്ന കോപ അമേരിക്കന്‍ കപ്പ് ഫൈനലിലെ തോല്‍വിയില്‍ ദുഃഖം ഉള്ളിലൊതുക്കുന്ന കാഴ്ചയാണ് ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നത്. റമദാന്‍ മാസമായതിനാല്‍ പല ആരാധകരും പരസ്യമായി രംഗത്ത് വന്നിരുന്നില്ലെങ്കിലും മനസ്സിനുള്ളില്‍ നിറയെ മെസിയും മഷറാനോയുമായാണ് ടൂര്‍ണമെന്റിനെ പിന്തുണച്ചത്.
അത്താഴം കഴിച്ച ശേഷം ഒന്നു മയങ്ങുന്നവര്‍ പോലും ടിവിക്കു മുന്നിലെത്തിയിരുന്നു. ഒരു കാലത്തുമില്ലാത്ത രീതിയിലുള്ള സ്വന്തം ടീമിന്റെ പ്രകടനം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ചതായതിനാല്‍ പലരും കപ്പ് പ്രതീക്ഷിച്ചിരുന്നു. തുടക്കം മുതല്‍ ഫൈനല്‍ വരെ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയപ്പോള്‍ പോലും ജില്ലയിലെ അര്‍ജന്റീനക്കാര്‍ അമിതാഹഌദം പ്രകടിപ്പിച്ചില്ല. കാരണം ലോകകപ്പിലെ തനിയാവര്‍ത്തനമാവുമോ കോപയെന്ന ആശങ്ക മിക്ക ആരാധകരേയും പിന്നണിയില്‍ മാത്രം പ്രോത്സാഹിപ്പിച്ചു.
ഫൈനലിലെത്തിയതും ലീഗ് മല്‍സരത്തില്‍ ചിലിയെ തകര്‍ത്തതും ടീമിന്റെ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാലും ആരാധനക്ക് അതിര് നിശ്ചയിക്കപ്പെട്ടിരുന്നു. ഫൈനല്‍ മല്‍സരത്തിന്റെ തുടക്കത്തില്‍ നീലക്കുപ്പായക്കാര്‍ പതറിയെങ്കിലും പിന്നീട് തിരിച്ചു വന്നു. എന്നാല്‍ ടീമിന്റെ എല്ലാമായ മെസിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ കളിക്കാര്‍ക്കൊപ്പം ആരാധകരും വിയര്‍ത്തു. പിന്നാലെ അര്‍ജന്റീനയുടെ മഷറാനോക്ക് മുന്നറിയിപ്പ് നല്‍കുകയും പ്രതിരോധത്തിലെ അവിഭാജ്യ ഘടകമായ മാര്‍ക്കോ റോജോക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചതും ആരാധകരുടെ ആഗ്രഹങ്ങളെ കീഴ്‌മേല്‍ മറിക്കുകയായിരുന്നു.
മുന്നേറ്റ നിരയിലേയും പ്രതിരോധനിരയിലേയും നെടും തൂണുകള്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ തീര്‍ത്തും നിരാശരായാണ് ടീമംഗങ്ങളെ കളിക്കളത്തില്‍ കാണാനായത്. വര്‍ഷങ്ങളായി അര്‍ജന്റീനയെ പിന്തുടരുന്ന നിര്‍ഭാഗ്യം മെസിയിലൂടെ നികത്താമെന്ന പ്രതീക്ഷ തകിടം മറിഞ്ഞത് ആരാധകര്‍ക്ക് കനത്ത തിരിച്ചടിയായി. ബ്രസീല്‍ തോറ്റാല്‍ അര്‍ജന്റീനക്കാരും അര്‍ജന്റീന തോറ്റാല്‍ ബ്രസീലും ആഹഌദിക്കുന്നതും പതിവാണ്.
എന്നാല്‍ ഫൈനലിലെ തോല്‍വി ബദ്ധവൈരികളായ ബ്രസീലിയന്‍ ആരാധകര്‍ക്ക് ആഹഌദിക്കാന്‍ വക നല്‍കിയെങ്കിലും അതിന് ശ്രമിച്ചില്ല. കാരണം ക്വാര്‍ട്ടറില്‍ പോലും കടക്കാനാവാതെ വീണുടഞ്ഞതിനാലായിരിക്കാം മഞ്ഞക്കൂപ്പായക്കാര്‍ സന്തോഷം ഉള്ളിലൊതുക്കി. ഈ രണ്ട് ലാറ്റിനമേരിക്കന്‍ രാജ്യത്തിനാണ് മലബാറില്‍ കൂടുതല്‍ ആരാധകരുള്ളതിനാല്‍ ഇത്തവണത്തെ കോപ കപ്പ് ശ്മശാന മൂകതയാണ് സമ്മാനിച്ചതെന്നാണ് ഇരു ടീമിന്റെയും ആരാധകര്‍ പറയുന്നത്.
Next Story

RELATED STORIES

Share it