palakkad local

ഒന്നാം വിള നെല്‍കൃഷി; വയലുകള്‍ സജീവമാവുന്നു

സുനു ചന്ദ്രന്‍

ആലത്തൂര്‍: വേനല്‍ മഴ ശക്തമാവാതെയും, ഞാറ്റുവേലകള്‍ കനിയാതെയും, കാലാവസ്ഥ അനിശ്ചിതത്വത്തിനൊടുവില്‍ നെല്‍കര്‍ഷകര്‍ വലയുകളില്‍ കൃഷിയിറക്കുന്നതില്‍ ഊര്‍ജ്ജിതമായി. മകരക്കൊയ്ത്ത് കഴിഞ്ഞ് മൂന്ന് മാസമായി വരണ്ടു കിടന്ന പാടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചായി ലഭിച്ച മഴയില്‍ ഈര്‍പ്പം ലഭിച്ചതോടെയാണ് കര്‍ഷകര്‍ വിത്തിറക്കുന്നതിനായി നിലമൊരുക്കുന്നതിന് സജീമായത്.
മഴയുടെ കുറവുമൂലം ഏപ്രില്‍ പകുതിയോടെ തുടങ്ങേണ്ട കൃഷിപ്പണികള്‍ മെയ് അവസാനമായിട്ടാണ് തുടങ്ങിയത്. അതുകൊണ്ട് തന്നെ മൂപ്പുകുറഞ്ഞ വിത്തുകള്‍ ഉപയോഗിച്ച് കൃഷിയിറാക്കാനാണ് മിക്ക കര്‍ഷകരുടെയും തീരുമാനം. മഴ മാറിയതോടെ രാപ്പകല്‍ ഭേദമില്ലാതെ നെല്‍വയലുകള്‍ ഉഴുതു മറിച്ചിടുകയാണ്. ജലസേചന സൗകര്യങ്ങളുള്ള കര്‍ഷകര്‍ പരമ്പരാഗതമായി വിഷുവിന് കൃഷിയിറക്കുമായിരുന്നു. അതനുസരിച്ച് ചില കര്‍ഷകര്‍ നിലമൊരുക്കി വിതയും നടത്തിയിരുന്നു. വേനല്‍മഴ ലഭിക്കാതിരിക്കുകയും തുടര്‍ന്ന് കടുത്ത ചൂടുമായതോടെ വിത നടത്തിയ കര്‍ഷകര്‍ക്ക് തുടക്കത്തിലെ തിരിച്ചടിയായി. മഴ മാറിയതോടെ മിക്ക പാടശേഖരങ്ങളിലും പുകലുള്ളതിനാല്‍ വിത സജീവമാണ്. ഉമ, ജ്യോതി, ശ്രേയസ്, കാഞ്ചന തുടങ്ങിയ നെല്‍വിത്തുകളാണ് ഉപയോഗിക്കുന്നത്. നന്നായി മഴ പെയ്തശേഷം ചേറ്റവിത നടത്താനും ചില കര്‍ഷകര്‍ കാത്തിരിക്കുകയാണ്. താഴ്ന്ന പാടശേഖരങ്ങളില്‍ കനത്തമഴയില്‍ വെള്ളമുള്ളതിനാല്‍ ഞാറ്റടി തയ്യാറാക്കി നടീല്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ മിക്ക കൃഷിഭവനുകളിലും കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള വിത്തുകള്‍ എത്തിയിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it