ഒന്നാം ലോക യുദ്ധത്തില്‍ ബ്രിട്ടന്‍ ഇന്ത്യന്‍ കുട്ടിപ്പടയാളികളെ രംഗത്തിറക്കി

ലണ്ടന്‍: ഒന്നാം ലോക യുദ്ധകാലത്ത് ജര്‍മനിക്കെതിരേ പോരാടാന്‍ ഇന്ത്യയില്‍ നിന്നുള്ള ലക്ഷക്കണക്കിനു കുട്ടികളെയും ബ്രിട്ടന്‍ ഉപയോഗിച്ചിരുന്നുവെന്നു വെളിപ്പെടുത്തല്‍. ബ്രിട്ടിഷ് ലൈബ്രറിയിലെ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ ആധാരമാക്കി ചരിത്രകാരി ശ്രാബാനി ബസു എഴുതിയ ഫോര്‍ കിങ് ആന്റ് അനതര്‍ കണ്‍ട്രി: ഇന്ത്യന്‍ സോള്‍ജ്യേഴ്‌സ് ഓണ്‍ ദി വെസ്‌റ്റേണ്‍ ഫ്രണ്ട് 1914-18 എന്ന പുസ്‌കത്തിലാണ് ഇക്കാര്യം പറയുന്നത്.
കുട്ടികളെ കടല്‍മാര്‍ഗം ഫ്രാന്‍സിലെത്തിച്ച ബ്രിട്ടിഷ് സൈന്യം ജര്‍മനിക്കെതിരായ യുദ്ധത്തിന് കാലാള്‍പടയില്‍ ഇവരെ നിയോഗിക്കുകയായിരുന്നു. യുദ്ധ മുന്നണിയില്‍ നിറുത്തിയ കുട്ടികള്‍ക്ക് മാരകമായി മുറിവേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയേണ്ടി വന്നു. പിം എന്ന 16കാരനെ സൈനികരുടെ മുന്‍നിരയിലാണ് ഉപയോഗിച്ചത്. ഗുരുതരമായി പരിക്കേറ്റ് ബ്രിങ്ടണിലെ ആശുപത്രിയില്‍ കഴിയുമ്പോള്‍ കുട്ടിക്ക് രാജ്ഞി മേരിയുടെ ബഹുമതി സമ്മാനിച്ചുവെന്നും പുസ്‌കത്തില്‍ പറയുന്നു.
ഇന്ത്യയിലെ സൈനിക ക്യാംപുകളില്‍ റിക്രൂട്ട്‌മെന്റുണ്ടാവുമ്പോള്‍ വയസ്സ് കൂട്ടിപ്പറഞ്ഞ് സൈന്യത്തില്‍ ചേരാന്‍ കുട്ടികളെ നിര്‍ബന്ധിച്ചത് ദാരിദ്ര്യമാണെന്നും പ്രതിമാസം 11 രൂപ ശമ്പളത്തിനാണ് ഇവര്‍ സേവനമനുഷ്ഠിച്ചിരുന്നതെന്നും പുസ്തകത്തിലുണ്ട്.
കുട്ടികളെ യുദ്ധത്തിനായി യൂറോപ്പിലേക്കയക്കുന്നതു കഷ്ടമാണെന്ന് സര്‍ വാള്‍ട്ടര്‍ ലോറന്‍സ്, യുദ്ധകാര്യങ്ങള്‍ക്കുള്ള സെക്രട്ടറി കിച്ച്‌നര്‍ പ്രഭുവിന് എഴുതിയിരുന്നു. 15 ലക്ഷത്തോളം ഇന്ത്യന്‍ കുട്ടിപ്പടയാളികളാണ് ഒന്നാം ലോക യുദ്ധത്തില്‍ ബ്രിട്ടനു വേണ്ടി പൊരുതിയത്. പരിക്കേറ്റ കുട്ടികളെ ആശുപത്രികളില്‍ ചികില്‍സിക്കുന്നതില്‍ നിന്ന് ബ്രിട്ടിഷ് നഴ്‌സുമാരെ വിലക്കിയിരുന്നു. ചികില്‍സയ്ക്ക് മേല്‍നോട്ടം വഹിക്കുക മാത്രമാണ് ഇവര്‍ ചെയ്തിരുന്നത്. കുട്ടിപ്പടയാളികളികള്‍ വിവേചനം നേരിട്ടിരുന്നുവെന്നതിനു തെളിവാണിതെന്നും പുസ്തകം പറയുന്നു. ലണ്ടനിലെ ബ്ലൂംസ്ബറി പബ്ലിഷേഴ്‌സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം നവംബര്‍ അഞ്ചിനാണ്.
Next Story

RELATED STORIES

Share it