Flash News

ഒന്നാം മാറാട് കേസ്: 12 പേരെ ഹൈക്കോടതി വെറുതെ വിട്ടു

ഒന്നാം മാറാട് കേസ്: 12 പേരെ ഹൈക്കോടതി വെറുതെ വിട്ടു
X
Marad_

കൊച്ചി: ഒന്നാം മാറാട് കേസില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 12 പേരെ ഹൈക്കോടതി വെറുതെ വിട്ടു. മറ്റു രണ്ടു പേരുടെ ജീവപര്യന്തം കഠിനതടവുശിക്ഷ ശരിവച്ചു. തെക്കേപ്പുറത്ത് അബൂബക്കര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ഒമ്പതു പേര്‍ക്ക് ജീവപര്യന്തം ഉള്‍പ്പെടെ 14 പേരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷിച്ചിരുന്നത്. ഇതില്‍ നാലാം പ്രതി തെക്കേത്തൊടി ഷാജി, 12ാം പ്രതി ഈച്ചരന്റപുരയില്‍ ശശി എന്നിവര്‍ക്ക് വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് കെ പി ജ്യോതീന്ദ്രനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
ജീവപര്യന്തം ശിക്ഷ വിധിച്ച കോരന്റകത്ത് വീട്ടില്‍ വിപീഷ്, ചോയിച്ചന്റകത്ത് രഞ്ജിത്ത്, കേളപ്പന്റകത്ത് വെങ്കിട്ടന്‍ എന്ന സജീവന്‍, തെക്കേത്തൊടി ബിജേഷ്, ആവത്താന്‍പുരയില്‍ പ്രഹ്ലാദന്‍, കേളപ്പന്റകത്ത് രാജേഷ്, അരയച്ചന്റകത്ത് മണികണ്ഠന്‍, അഞ്ചു വര്‍ഷം ശിക്ഷിക്കപ്പെട്ട മാറാട് അരയസമാജം മുന്‍ സെക്രട്ടറി തെക്കേത്തൊടി സുരേശന്‍ എന്ന ടി സുരേഷ്, ചോയിച്ചന്റകത്ത് കലേഷ് എന്ന കൃഷ്ണകുമാര്‍, ചെറിയപുരയില്‍ വിനോദ്, തെക്കേത്തൊടി വീട്ടില്‍ വിജിത്ത്, മൂന്നു വര്‍ഷം ശിക്ഷിക്കപ്പെട്ട തെക്കേത്തൊടി ശ്രീധരന്‍ എന്നിവരെയാണ് ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്.

maradu-death
ജീവപര്യന്തം കഠിനതടവിനു പുറമേ കീഴ്‌ക്കോടതി വിധിച്ച 28,000 രൂപയുടെ പിഴയും ശിക്ഷിക്കപ്പെട്ട പ്രതികള്‍ അടയ്ക്കണം. കേസില്‍ മൊത്തം 15 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടാം പ്രതി കോരന്റകത്ത് വീട്ടില്‍ സുമേഷിനെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട 14 പേര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
2002 ജനുവരി 4നാണ് അബൂബക്കര്‍ കൊല്ലപ്പെടുന്നത്. തലേദിവസം നടന്ന കലാപത്തില്‍ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂനുസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഖബറടക്കുന്നതിനായി പോവുന്നതിനിടെയാണ് പോലിസുകാരുടെ മുന്നില്‍ വച്ച് അബൂബക്കറിനെ കൊലപ്പെടുത്തിയത്. കൊലക്കുറ്റമോ ഗൂഢാലോചന, അനധികൃതമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളോ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയാണ് 12 പേരെ കോടതി കുറ്റവിമുക്തരാക്കിയത്. തെളിവുകളെന്ന നിലയിലുള്ള കീഴ്‌ക്കോടതിയുടെ കണ്ടെത്തലുകള്‍ വിശ്വസനീയമല്ലെന്നു കോടതി നിരീക്ഷിച്ചു.
എട്ടാം പ്രതിയെ വെറുതെ വിട്ടതും അഞ്ചു പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിയതും ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജി കോടതി തള്ളി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട അബൂബക്കറിന്റെ ഭാര്യ നല്‍കിയ ഹരജിയും കോടതി പരിഗണിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it