ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ശ്രീലങ്കയ്ക്ക് 405 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലന്‍ഡിന് മേല്‍ക്കൈ

ഡുനെഡിന്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് മേല്‍ക്കൈ. ന്യൂസിലന്‍ഡ് നല്‍കിയ 405 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക മഴയെ തുടര്‍ന്ന് നാലാംദിനമായ ഇന്നലെ നേരത്തെ കളി അവസാനിപ്പിക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 109 റണ്‍സെന്ന നിലയിലാണ്. 15 ഓവറോളമാണ് മഴയെ തുടര്‍ന്ന് ഇന്നലെ നഷ്ടമായത്.
അവസാന ദിനമായ ഇന്ന് ഏഴു വിക്കറ്റ് ശേഷിക്കേ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 296 റണ്‍സ് കൂടി വേണം. എന്നാല്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചില്‍ കിവീസിനാണ് ലങ്കയേക്കാള്‍ വിജയപ്രതീക്ഷയുള്ളത്. ദിമുത് കരുണരത്‌നെ (29), കുശാല്‍ മെന്‍ഡിസ് (46), യുദാര ജയസുന്ദര (3) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് ഇന്നലെ നഷ്ടമായത്.
ടിം സോത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒരു വിക്കറ്റ് നെയ്ല്‍ വഗ്‌നാര്‍ കരസ്ഥമാക്കി. സ്‌കോര്‍: ന്യൂസിലന്‍ഡ് 431 & 267/3 ഡിക്ലയേര്‍ഡ്. ശ്രീലങ്ക 294 & 109/3.
ഒരു വിക്കറ്റിന് 171 റണ്‍സെന്ന നിലയിലാണ് കിവീസ് ഇന്നലെ ബാറ്റിങ് പുനരാരംഭിച്ചത്. ഒന്നാമിന്നിങ്‌സിലെ 137 റണ്‍സിന്റെ മികച്ച ലീഡിന്റെ പിന്‍ബലത്തില്‍ ആക്രമിച്ചു കളിച്ച ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റിന് 267 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയേര്‍ഡ് ചെയ്യുകയായിരുന്നു. ന്യൂസിലന്‍ഡിനു വേണ്ടി ഓപണര്‍ ടോം ലാതം (109*) സെഞ്ച്വറിയുമായി തിളങ്ങി. 180 പന്തില്‍ എട്ട് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ലാതമിന്റെ ഇന്നിങ്‌സ്.
കെയ്ന്‍ വില്യംസിന് (71) അര്‍ധസെഞ്ച്വറി കണ്ടെത്തി. 115 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെട്ടതാണ് വില്യംസിന്റെ ഇന്നിങ്‌സ്. ആറ് പന്തില്‍ പുറത്താവാതെ രണ്ട് സിക്‌സറുള്‍പ്പെടെ 17 റണ്‍സെടുത്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രെന്‍ഡന്‍ മക്കുല്ലം പുതിയൊരു നേട്ടത്തിന് പങ്കാളിയായി. ടെസ്റ്റില്‍ 100 സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് മക്കുല്ലം സ്വന്തമാക്കിയത്. ആസ്‌ത്രേലിയന്‍ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റാണ് (100 സിക്‌സര്‍) സിക്‌സറുകളില്‍ മക്കുല്ലത്തിനൊപ്പമുള്ളത്.
98 ടെസ്റ്റ് കളിച്ച മക്കുല്ലം 170 ഇന്നിങ്‌സില്‍ നിന്നാണ് 100 സിക്‌സറുകള്‍ നേടിയത്. 96 മല്‍സരങ്ങളില്‍ നിന്ന് 137 ഇന്നിങ്‌സുകള്‍ ബാറ്റേന്തിയാണ് ഗില്‍ക്രിസ്റ്റ് ടെസ്റ്റില്‍ ആദ്യം ഈ നേട്ടം കൈവരിച്ചത്.
Next Story

RELATED STORIES

Share it