ഒട്ടോ ഡ്രൈവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കോഴിക്കോട്: രണ്ടുപേരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ ജീവത്യാഗം ചെയ്യേണ്ടിവന്ന ഓട്ടോ ഡ്രൈവര്‍ കരുവിശ്ശേരി മാളിക്കടവ് സ്വദേശി മേപ്പക്കുടി നൗഷാദിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തങ്ങളുടെ പ്രിയപ്പെട്ടവനെ ഒരു നോക്കുകാണാനും അ ന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ജനം കരുവിശ്ശേരി മാളിക്കടവിലെ വീട്ടിലേക്കു ഒഴുകുകയായിരുന്നു. മാളിക്കടവ് പള്ളിയില്‍ മയ്യിത്ത് നമസ്‌കരിച്ച ശേഷം കക്കോടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. നൂറുകണക്കിന് ആളുകള്‍ അന്ത്യകര്‍മത്തില്‍ പങ്കുചേരാനെത്തി.
സത്യസന്ധതയ്ക്കു പേരുകേട്ട കോഴിക്കോട്ടെ ഓട്ടോ ഡ്രൈവര്‍മാരുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടാന്‍ ഒരു പുതിയ അധ്യായം ചേര്‍ത്താണ് ഈ 33കാരന്‍ യാത്രയായത്. കോഴിക്കോട്ടുകാരന്റെ നന്മയും ജന്മനായുള്ള സാമൂഹിക സേവന മനസ്‌കതയും ഒത്തുചേര്‍ന്നപ്പോള്‍ രണ്ടു ജീവനുകള്‍ രക്ഷിക്കാനുള്ള അടങ്ങാത്ത ആവേശമായി അതു മാറി. ജയ ഓഡിറ്റോറിയത്തിനു തൊട്ടടുത്ത കടയിലെ ജോസും പോര്‍ട്ടര്‍മാരും വിലക്കിയിട്ടും താനിങ്ങനെ പലരെയും രക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞായിരുന്നു നൗഷാദ് എടുത്തുചാടിയത്. ഒരാളെങ്കിലും വിദേശത്തു ജോലിചെയ്യാത്ത മലയാളി കുടുംബങ്ങള്‍ ഉണ്ടാവില്ലെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളോട് ചിലര്‍ക്കെങ്കിലും തോന്നുന്ന അസഹിഷ്ണുതയ്ക്കും വര്‍ധിച്ചുവരുന്ന ജാതിമത കാലുഷ്യത്തിനും ചുട്ട മറുപടിയായി നൗഷാദിന്റെ ആത്മാര്‍പ്പണം മാറി.
ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ ചുറ്റുമുള്ളവരുടെ വിലക്കുകള്‍ വകവയ്ക്കാതെ എടുത്തുചാടുകയും മരണത്തിനു കീഴടങ്ങുകയും ചെയ്ത നൗഷാദിനെ പ്രകീര്‍ത്തിച്ച് നവമാധ്യമങ്ങളില്‍ ആയിരക്കണക്കിന് പോസ്റ്റുകളാണ് വന്നത്. ബീച്ചില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് നൗഷാദിന് ആദരാഞ്ജലി അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it