kannur local

ഒടുവില്‍ അദ്ഭുതക്കുട്ടിക്കും അടിതെറ്റി

കണ്ണൂര്‍: അദ്ഭുതക്കുട്ടിയെന്ന വിളിപ്പേര് ഇനി അബ്ദുല്ലക്കുട്ടിക്ക് ചേരില്ല. രാഷ്ട്രീയജീവിതം തുടങ്ങിയതു മുതല്‍ ഓരോ ചുവടുവയ്പിലും അദ്ഭുതം കാട്ടിയ നാറാത്തുകാരന്‍ തലശ്ശേരിയെന്ന കമ്മ്യൂണിസ്റ്റ് ചെങ്കോട്ടയില്‍ അദ്ഭുതങ്ങളൊന്നും കാട്ടാനാവാതെ മുട്ടുമടക്കി. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ അബ്ദുല്ലക്കുട്ടി പ്രഥമ ജില്ലാ പഞ്ചായത്തിലേക്ക് വളപട്ടണത്തെ ലീഗ് കോട്ടയില്‍ നിന്ന് ജയിച്ചുകയറിയാണ് ആദ്യം അദ്ഭുതം കാട്ടിയത്. ഡിവൈഎഫ്‌ഐയുടെ കരുത്തനായ നേതാവായി വളര്‍ന്ന അദ്ദേഹം അതിലേറെ ഞെട്ടിച്ചത്
കണ്ണൂരില്‍ നിന്നു തുടര്‍ച്ചയായി പാര്‍ലിമെന്റിലേക്കു പോയ മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ചാണ്. ഇതോടെയാണ് അദ്ഭുതക്കുട്ടിയെന്ന പേരുതന്നെ വീണത്. രണ്ടു കാലയളവില്‍ സിപിഎം ടിക്കറ്റില്‍ ജയിച്ചുകയറിയ ശേഷം അവസാനകാലയളവില്‍ പാര്‍ട്ടിക്കെതിരേ ആഞ്ഞടിച്ചും ഗുജറാത്ത് വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ഇതിനുശേഷം കെ സുധാകരനൊപ്പം നിന്ന് കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്കെത്തി. പക്ഷേ, കോണ്‍ഗ്രസില്‍ തന്നെ അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ സോളാര്‍ കേസ് പ്രതി സരിതാ നായരുമായുള്ള ബന്ധവും മറ്റും തിരിച്ചടിയായതോടെയാണ് കണ്ണൂരില്‍ നിന്നു നാടുകടത്തിയത്. സിപിഎമ്മിന്റെ ശത്രുലിസ്റ്റിലെ പ്രധാനിയെ ചെങ്കോട്ടയില്‍ യുവനേതാവായ എ എന്‍ ശംസീറിനെതിരേ മല്‍സരിപ്പിച്ച് അദ്ഭുതം കാട്ടൂ എന്നായിരുന്നു ഡിസിസിയുടെ ആജ്ഞ. രാഷ്ട്രീയത്തില്‍ നിന്നു അപ്രസക്തമാവുന്നതിനേക്കാള്‍ നല്ലത് തലശ്ശേരിയിലാണെങ്കിലും മല്‍സരിക്കുകയെന്നതു തന്നെയെന്ന് തിരിച്ചറിഞ്ഞ അബ്ദുല്ലക്കുട്ടി സമ്മതം മൂളുകയായിരുന്നു. മുറുക്കിത്തുപ്പിയി കൈയേറ്റം ചെയ്തും തുടക്കംമുതല്‍ പ്രകോപിപ്പിച്ചെങ്കിലും അതെല്ലാം വോട്ടാക്കാമെന്ന അബ്ദുല്ലക്കുട്ടിയുടെ മോഹം ഇക്കുറി വിലപ്പോയില്ല.
കൊലപാതക രാഷ്ട്രീയത്തിന്റെ ചരിത്രം പറയുന്നതിനാല്‍ തല തെറിക്കുന്ന ചേരിയെന്നു വിളിപ്പേരുള്ള തലശ്ശേരിയുടെ തലവരി മാറ്റുമെന്ന് വീമ്പിളക്കിയെങ്കിലും നോ രക്ഷ. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കീഴില്‍ രാഷ്ട്രീയവിദ്യഭ്യാസം നേടിയ ശംസീറിനെതിരേ പാര്‍ട്ടിയില്‍ അപസ്വരമുണ്ടെന്നു പ്രചാരണമുണ്ടായെങ്കിലും ഫലം വമ്പ്‌പോള്‍ അബ്ദുല്ലക്കുട്ടി നാട്ടിലേക്ക് വണ്ടി കയറുകയായിരുന്നു.
Next Story

RELATED STORIES

Share it