ഒഞ്ചിയത്ത് ലീഗ് പിന്തുണയോടെ ആര്‍എംപി അധികാരത്തില്‍

വടകര: ടിപി ചന്ദ്രശേഖരന്റെ തട്ടകമായ ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ പിന്തുണയോടെ ആര്‍എംപി വീണ്ടും അധികാരത്തിലെത്തി.
യുഡിഎഫ് പിന്തുണ സ്വീകരിക്കില്ലെന്ന ആര്‍എംപിയുടെ നിലപാടിനെ തുടര്‍ന്ന് ഇവിടെ സിപിഎം വീണ്ടും അധികാരത്തിലെത്താനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ രണ്ട് ലീഗ് അംഗങ്ങളുടെ പിന്തുണയോടെ ആര്‍എംപിയുടെ പി വി കവിതയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒഞ്ചിയത്ത് ആര്‍എംപിക്ക് രണ്ടു സീറ്റ് നഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്ത് ടിപി ചന്ദ്രശഖരന്റെ പാര്‍ട്ടി ഭരണം കയ്യാളിയ ഏക പഞ്ചായത്തായ ഇവിടെ ഇത്തവണ രണ്ട് സീറ്റ് അധികം നേടി സിപിഎമ്മാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ലീഗ് രണ്ടും കോണ്‍ഗ്രസ്-ജെഡിയു പാര്‍ട്ടികള്‍ ഓരോ സീറ്റും നേടിയ ഒഞ്ചിയത്ത് യുഡിഎഫ് പിന്തുണയോടെ ഭരണത്തുടര്‍ച്ച വേണ്ടെന്നായിരുന്നു ആര്‍എംപിയുടെ തീരുമാനം.
അതേസമയം, ഒഞ്ചിയത്ത് യുഡിഎഫ് പിന്തുണ സ്വീകരിച്ച് ഭരണം നിലനിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമായിരുന്നു. യുഡിഎഫിന് തനിച്ച് ഭൂരിപക്ഷമില്ലാത്ത ചോറോട് പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കാമെന്ന ധാരണയിലാണ് ഒഞ്ചിയത്ത് രണ്ടു ലീഗ് അംഗങ്ങള്‍ ആര്‍എംപിയെ പിന്തുണച്ചത്.
Next Story

RELATED STORIES

Share it