ഒഎന്‍വിയുടെ നിര്യാണത്തില്‍ അനുശോചനപ്രവാഹം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പ്രകൃതിയെയും മനുഷ്യനെയും സ്‌നേഹിച്ച കവിയെയാണ് മലയാളത്തിനു നഷ്ടപ്പെട്ടത്. കലാസാഹിത്യസംസ്‌കാരിക ലോകത്തിനു കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. മലയാള കവിതയ്ക്ക് മാനവിക മുഖം നല്‍കുകയും സിനിമാഗാനങ്ങള്‍ക്ക് പുതിയ ഭാവുകത്വം നല്‍കുകയും ചെയ്തു അദ്ദേഹം.
കെ സി ജോസഫ്
ഒഎന്‍വിയുടെ വിയോഗം മലയാളഭാഷയുടെ എക്കാലത്തെയും വലിയ നഷ്ടമായിരിക്കും. കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ ഒഎന്‍വിയുടെ രചനകളുടെ അടിസ്ഥാനം മാനവികതയും പ്രകൃതിസ്‌നേഹവുമായിരുന്നു.
വി എസ് അച്യുതാനന്ദന്‍
ഒരു സഹോദരന്‍ നഷ്ടപ്പെട്ട ദുഃഖമാണുണ്ടായത്. ഏഴു പതിറ്റാണ്ടോളമായി മലയാള കാവ്യശാഖയുടെ വികാസപരിണാമഘട്ടങ്ങളിലെല്ലാം ശിരസ്സുയര്‍ത്തി നിന്ന മഹാമേരുവാണ് ഒഎന്‍വി. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച കവിയായിരുന്നു ഒഎന്‍വി.
എം ടി
ദീര്‍ഘകാലത്തെ സൗഹൃദമാണ് ഒഎന്‍വിയുമായി എനിക്കുള്ളത്. ചലച്ചിത്ര രംഗത്തും ഒരുമിച്ചു പ്രവര്‍ത്തിക്കാനായി. അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും അകത്തു സൂക്ഷിക്കുന്ന ആളാണ് ഞാന്‍. തിരൂര്‍ തുഞ്ചന്‍ പറമ്പുമായുള്ള ഒഎന്‍വിയുടെ ദീര്‍ഘകാല സൗഹൃദം മറക്കാനാവുന്നതല്ല.
പ്രഭാവര്‍മ
സാഹിത്യമേഖലയില്‍ എല്ലാ കാലഘട്ടത്തിലും തന്റെ രചനകളിലൂടെ ഒരേ കാലത്തെ ഓര്‍മിപ്പിച്ച ആളായിരുന്നു ഒഎന്‍വി. മറ്റു കവികളെല്ലാം കാലാനുസൃതമായ മാറ്റങ്ങള്‍ കവിതകളില്‍ വരുത്തിക്കൊണ്ടിരുന്ന കാലത്തും തന്റേതായ ശൈലിയിലൂടെ മാത്രം രചനകള്‍ നടത്തി അദ്ദേഹം വ്യത്യസ്തനായി.
കൈതപ്രം
ഒഎന്‍വിയെ പിതൃതുല്യനായി കാണുന്നു. അത്രയും ഹൃദയത്തില്‍ തട്ടിയാണ് ആ മരണവാര്‍ത്ത കേട്ടത്. മലയാണ്മയെ ഇത്രയധികം സ്‌നേഹിച്ച് എല്ലാ രീതിയിലും ഭാഷയെ ഔദ്യോഗിക ഭാഷയാക്കാന്‍ മുന്നില്‍ നിന്നു. മലയാള ഭാഷയുടെ വളര്‍ത്തച്ഛനായി കൂടെ നിന്നു. അദ്ദേഹത്തിന്റെ പാട്ടുകളില്‍ ഒന്നുപോലും പാഴായതില്ല.
ആലങ്കോട് ലീലാകൃഷ്ണന്‍
മഹാകവികളില്‍ ഒപ്പം നില്‍ക്കുകയും ചരിത്രത്തെ ഒപ്പം നിര്‍ത്തുകയും ചെയ്ത ആദരണീയനായ മഹാകവിയാണ് ഒഎന്‍വി. കുലഗുരുവിനെയാണ് നഷ്ടമായത്. അടിസ്ഥാന ജനതയെ വഴിനടത്തിയ വലിയ കവിയാണ് ഒഎന്‍വി.
പോപുലര്‍ ഫ്രണ്ട്
മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി മലയാളി മനസ്സുകളില്‍ നിത്യസ്മരണീയനായിരിക്കുമെന്ന് അനുശോചനക്കുറിപ്പില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്. കാവ്യഭംഗി കൊണ്ട് അനുവാചകരെ അമ്പരപ്പിക്കുകയും ആസ്വാദനത്തിന്റെ അനന്തമായ അര്‍ഥതലങ്ങള്‍ കാവ്യകൈരളിക്ക് സമ്മാനിക്കുകയും ചെയ്ത ഒഎന്‍വിയുടെ വേര്‍പാടിലുണ്ടായ അഗാധദുഃഖത്തില്‍ പങ്കുചേരുന്നു.
കെ പി എ മജീദ്
ഒഎന്‍വിയുടെ നിര്യാണം മലയാളത്തിന്റെ നഷ്ടമാണ്. കവിതയില്‍ ലയിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സമൂഹത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാന്‍ ഒഎന്‍വിയുടെ കവിതകള്‍ സഹായകമായിട്ടുണ്ട്.
ദിശ സാംസ്‌കാരികവേദി
പോക്കുവെയില്‍ തൊട്ടു പൊന്‍തരികള്‍ പോല്‍ തിളങ്ങുന്ന വാക്കുകളാല്‍ മലയാള കവിതയെ കനക കിരീടങ്ങള്‍ ചാര്‍ത്തിയ കവി ഒഎന്‍വി കുറുപ്പിന്റെ വേര്‍പാടില്‍ ദിശ സാംസ്‌കാരികവേദി അടിയന്തര യോഗം അനുശോചിച്ചു. പ്രസിഡന്റ് ജമാല്‍ കൊച്ചങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി എ എം ഹനീഫ്, ജന. സെക്രട്ടറി വി ടി മുരളി മുതലായവര്‍ അനുശോചനം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it