ernakulam local

ഐ ഗ്രൂപ്പ് സത്യപതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു

കളമശ്ശേരി: ആശങ്കയ്‌ക്കൊടുവില്‍ ഇന്നലെ നടന്ന കളമശ്ശേരി നഗരസഭ ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗങ്ങള്‍ വിജയിച്ചു. ഐ ഗ്രൂപ്പ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു.
ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ ജെസ്സി പീറ്ററും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കു മുസ്‌ലിം ലീഗിലെ ടി എസ് അബൂബക്കറുമാണ് വിജയിച്ചത്. രാവിലെ 11ന് റിട്ടേണിങ് ഓഫിസര്‍ കെ സി സിന്‍സി മോള്‍ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അംഗമായ ജെസ്സി പീറ്ററിന്റെ പേര് എ കെ ബഷീര്‍ നിര്‍ദേശിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഹെന്നി ബേബിയുടെ പേര് എടിസി കുഞ്ഞുമോനും നിര്‍ദേശിക്കുകയായിരുന്നു. 42അംഗ കൗണ്‍സിലില്‍ 27 അംഗങ്ങളുടെ പിന്തുണയോടെ ജെസ്സി പീറ്റര്‍ ചെയര്‍പേഴ്‌സനായി തിരഞ്ഞെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഹെന്നി ബേബിക്ക് 15 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ജെസ്സി പീറ്ററിന് യുഡിഎഫ് അംഗങ്ങളുടെ വോട്ടിനുപുറമെ നാലു സ്വതന്ത്രരുടെ പിന്തുണയും ലഭിച്ചിരുന്നു. ചെയര്‍പേഴ്‌സനായതിനെത്തുടര്‍ന്ന് റിട്ടേണിങ് ഓഫിസര്‍ പുതിയതായി തിരഞ്ഞെടുത്ത ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്ററിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഉച്ചയ്ക്ക് 2ന് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. യുഡിഎഫില്‍നിന്നും മുസ് ലിം ലീഗ് അംഗം ടി എസ് അബൂബക്കറും എല്‍ഡിഎഫില്‍നിന്നും സിപിഎം അംഗം എ എം പരീതും തമ്മിലായിരുന്നു മല്‍സരം. ടി എസ് അബൂബക്കറിന് 27 വോട്ടുകളും എ എം പരീതിന് 15 വോട്ടുകളുമാണ് ലഭിച്ചത്. 27 വോട്ട് ലഭിച്ച ടി എസ് അബൂബക്കറിനെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു. തുടര്‍ന്ന് ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍ ടി എസ് അബൂബക്കറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്നു വിവിധ കൗണ്‍സിലര്‍മാര്‍ പുതുതായി തിരഞ്ഞെടുത്ത ചെയര്‍പേഴ്‌സനെയും വൈസ് ചെയര്‍മാനെയും അനുമോദിച്ചു സംസാരിച്ചു.
അതേസമയം ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പു കഴിഞ്ഞ് ജെസ്സി പീറ്റര്‍ ചെയര്‍പേഴ്‌സനായി വിജയിച്ചെന്ന് റിട്ടേണിങ് ഓഫിസര്‍ പ്രഖ്യാപിച്ച ഉടനെ ഐ ഗ്രൂപ്പ് അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ച് കൗണ്‍സില്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുത്ത റുഖിയ ജമാലിനെ അംഗീകരിക്കില്ലെന്ന കെപിസിസി നിലപാട് കര്‍ശനമാക്കിയതോടെയാണ് കളമശ്ശേരി നഗരസഭയിലെ ചെയര്‍പേഴ്‌സന്‍ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരുന്നു. ചര്‍ച്ചയ്‌ക്കൊടുവില്‍ കെപിസിസിയുടെ തീരുമാനം അംഗീകരിക്കണമെന്ന കര്‍ശന നിര്‍ദേശം വന്നതോടെയാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അഞ്ചു വോട്ടു മാത്രം ലഭിച്ച ജെസ്സി പീറ്ററിനെ പിന്തുണയ്ക്കാന്‍ മറ്റു കൗണ്‍സിലര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it