Kerala

ഐ.എസ്. ബന്ധം: നാലു പേര്‍ കസ്റ്റഡിയില്‍

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണെ്ടന്നു സംശയിക്കുന്ന നാലുപേര്‍ കസ്റ്റഡിയില്‍. രണ്ടുപേരെ തിരുവനന്തപുരം വിമാനത്താവളത്തിലും രണ്ടുപേരെ കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് കസ്റ്റഡിയിലെടുത്തത്.
വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് യു.എ.ഇയില്‍നിന്ന് മടങ്ങിയെത്തിയ കിളിമാനൂര്‍ സ്വദേശി അനസ്, അടൂര്‍ സ്വദേശി ആരോമല്‍ എന്നിവരെയാണ് തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തത്. അബൂദബിയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ ഇത്തിഹാദ് എയര്‍ വിമാനത്തില്‍ എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് കരിപ്പൂരില്‍ കസ്റ്റഡിയിലെടുത്തത്.
ഐ.എസ്. ബന്ധം സംശയിച്ച് അബൂദബിയില്‍നിന്ന് പുറത്താക്കിയതാണെന്ന വിവരം ലഭിച്ചതിനാലാണ് നാലു പേരും പിടിയിലായത്.
നാലുപേരെയും വിവിധ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തുവരുകയാണ്.
ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്കുള്ള ഇത്തിഹാദ് എയര്‍ലൈന്‍സിലാണ് അനസും ആരോമലും മടങ്ങിയെത്തിയത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍, എന്‍.ഐ.എ, റോ, കേരള പോലിസ് തുടങ്ങിയ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയായിരുന്നു.
വര്‍ഷങ്ങളായി കുടുംബസമേതം അബൂദബിയില്‍ താമസിക്കുന്നവരാണ് ഇവര്‍. ഐ.എസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് ഇവര്‍ അബൂദബി പോലിസിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് രണ്ടുപേരുടെയും കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കി നാട്ടിലേക്ക് അയക്കുകയായിരുന്നു. ഇതില്‍ ആരോമലിന്റെ കുടുംബം നേരത്തേ നാട്ടിലെത്തിയിരുന്നു. അനസ് കുടുംബത്തോടൊപ്പമാണ് ഇന്നലെ എത്തിയത്.
എന്നാല്‍, കസ്റ്റഡിയിലായ നാലുപേര്‍ക്കും ഐ.എസുമായി നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ ഇതേ രീതിയില്‍ യു.എ.ഇ. വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് തിരിച്ചെത്തിയ തിരുനാവായ സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയും നിരപരാധിയെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it