Sports

ഐ.എസ്.എല്‍ രണ്ടാം സീസണ്‍ ഒക്‌ടോബര്‍ 3 മുതല്‍

മുംബൈ: ക്രിക്കറ്റിന്റെ സ്വന്തം നാടായ ഇന്ത്യയില്‍ മാറ്റത്തിന്റെ അലയൊലി സൃഷ്ടിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഐ.എസ്.എല്ലിന്റെ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) രണ്ടാം സീസണിന് വിസില്‍ ഉയരാന്‍ ഇനി 22 ദിവസങ്ങള്‍ മാത്രം. ലോകമെമ്പാടും ആരാധകരുള്ള ഫുട്‌ബോളിനെ ഇന്ത്യന്‍ ജനതയ്ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരമാക്കിയ ഐ.എസ്.എല്ലിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ ആവേശകരമാവുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ പ്രധാന ലീഗായ ഐ ലീഗിന്റെ ഗ്ലാമര്‍ വരെ നഷ്ടപ്പെടുത്തിയ ഐ.എസ്.എല്‍ അടുത്ത മാസം മൂന്നിനാണ് ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റായ ചെന്നൈയ്ന്‍ എഫ്.സിയും തമ്മിലാണ് ആദ്യ അങ്കം. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് മല്‍സരത്തിനു വേദിയാവുന്നത്.
എട്ടു ടീമുകളാണ് കിരീടമോഹവുമായി ഇത്തവണ പോര്‍ക്കളത്തിലിറങ്ങുക. കൊല്‍ക്കത്ത, ചെന്നൈ എന്നിവരെക്കൂടാതെ കേരളത്തിന്റെ അഭിമാനമായ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഡല്‍ഹി ഡയനാമോസ്, എഫ്.സി. ഗോവ, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, പൂനെ സിറ്റി എന്നിവരാണ് മറ്റു ടീമുകള്‍.
കഴിഞ്ഞ സീസണില്‍ ഇല്ലാതിരുന്ന കൂടുതല്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കൂടി ഇത്തവണ ഐ.എസ്.എല്ലില്‍ വിവിധ ടീമുകള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ബ്രസീല്‍ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസ്, ബ്രസീലിന്റെ തന്നെ മുന്‍ നായകന്‍ ലൂസിയോ, പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ഹെല്‍ഡര്‍ പോസ്റ്റിഗ, സ്പാനിഷ് പ്ലേമേക്കര്‍ കാര്‍ലോസ് മര്‍ച്ചേന, പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ സിമാവോ സബ്രോസ, റുമാനിയന്‍ സ്‌ട്രൈക്കര്‍ അഡ്രിയാന്‍ മുട്ടു എന്നിവരാണ് ഇക്കൂട്ടത്തില്‍ പ്രമുഖര്‍.
Next Story

RELATED STORIES

Share it