ഐസിസി പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പുറത്ത്

മുംബൈ: ഐസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് എന്‍ ശ്രീനിവാസന്‍ പുറത്തായി. ബിസിസിഐയുടെ പ്രതിനിധിയായി അദ്ദേഹത്തെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലേക്ക് (ഐസിസി) അയക്കേണ്ടതില്ലെന്നു ബിസിസിഐ തീരുമാനമെടുത്തതോടെയാണ് ശ്രീനിവാസനു പുറത്തേക്കുള്ള വഴി തുറന്നത്. നിലവിലെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറായിരിക്കും ശ്രീനിവാസനു പകരം ഐസിസിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പ്രതിനിധീകരിക്കുക.
ശശാങ്ക് മനോഹറിനു യോഗങ്ങളില്‍ സംബന്ധിക്കാന്‍ സാധിക്കാതെവന്നാല്‍ പകരം ശരദ് പവാറിന് ഇന്ത്യയെ പ്രതിനിധീകരിക്കാം. ഇന്നലെ മുംബൈയില്‍ നടന്ന ബിസിസിഐയുടെ 85ാമത് വാര്‍ഷിക പൊതുയോഗമാണ് ശ്രീനിവാസനെതിരായ തീരുമാനമെടുത്തത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലേക്ക് ശശാങ്ക് മനോഹര്‍ എത്തുന്നതോടെ അദ്ദേഹം തന്നെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുമെത്തും. ചെയര്‍മാന്‍ സ്ഥാനത്തേക്കും ശശാങ്ക് മനോഹറിന്റെ പേര് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്.
2014 ജൂണിലാണ് ശ്രീനിവാസന്‍ ഐസിസി അധ്യക്ഷനായത്. 2013 ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസ് സുപ്രിംകോടതിയില്‍ എത്തിയതോടെ മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ അമിതതാല്‍പര്യമെടുത്തുവെന്നും അദ്ദേഹത്തിനു സ്വകാര്യതാല്‍പര്യങ്ങളുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു.
Next Story

RELATED STORIES

Share it