ഐലാന്റെ കുടുംബത്തിന് കാനഡ അഭയം നല്‍കുന്നു

ഒട്ടാവ: തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്കുള്ള യാത്രാമധ്യേ അഭയാര്‍ഥി ബോട്ട് മുങ്ങി മരിച്ച സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടെ ബന്ധുക്കളെ സ്വീകരിക്കാന്‍ കാനഡ തയ്യാറാവുന്നു. കാനഡയില്‍ താമസിക്കുന്ന ഐലന്റെ ബന്ധുവായ തിമ കുര്‍ദി സിബിസിയോടാണ് ഇക്കാര്യം പങ്കുവച്ചത്. തുര്‍ക്കി തീരത്ത് മരിച്ചുകിടക്കുന്ന ഐലന്‍ കുര്‍ദിയുടെ ചിത്രം ലോകം ഏറെ ചര്‍ച്ച ചെയ്തിരുന്നു.
സിറിയന്‍ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്നുള്ള അഭയാര്‍ഥികളുടെ അരക്ഷിതാവസ്ഥ ലോകത്തോട് വിളിച്ചുപറയുന്ന ചിത്രമായിരുന്നു അത്. ഇവരുടെ അപേക്ഷ പരിഗണിച്ചു വരുകയാണെന്ന് കനേഡിയന്‍ വൃത്തങ്ങളും അറിയിച്ചു. ഗ്രീസിലെ കോസ് ദ്വീപിലേക്കുള്ള യാത്രാമധ്യേയുണ്ടായ അപകടത്തില്‍ മൂന്നു വയസ്സുള്ള ഐലന്‍ കുര്‍ദിയും അഞ്ചു വയസ്സുള്ള സഹോദരനും മാതാവും മരിച്ചിരുന്നു.
കുര്‍ദിയുടെ പിതാവിന്റെ സഹോദരന്‍ മുഹമ്മദ്, ഭാര്യ ഖൂസൂന്‍, ഇവരുടെ അഞ്ചു കുട്ടികള്‍ എന്നിവരുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് ഇ-മെയില്‍ സന്ദേശം ലഭിച്ചതായി തിമ കുര്‍ദി അറിയിച്ചു. ഐലന്റെ മരണത്തിനു പിന്നാലെ തന്റെ കുടുംബത്തിന്റെ അപേക്ഷ കാനഡ സ്വീകരിച്ചില്ലെന്ന് തിമ പറഞ്ഞിരുന്നു.
അതിനിടെ, ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി കഴിഞ്ഞദിവസം ആറു കുട്ടികള്‍ മരിച്ചതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it