World

ഐലന്‍ കുര്‍ദിക്കുശേഷം...

ബെര്‍ലിന്‍: ലിബിയന്‍ അഭയാര്‍ഥി ബോട്ടപകടത്തില്‍ മുങ്ങിമരിച്ച മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയുടെ ചിത്രം ജര്‍മന്‍ സന്നദ്ധസംഘടന സീവാച്ച് പുറത്തുവിട്ടു. മെഡിറ്ററേനിയന്‍ കടലില്‍നിന്നു കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം ഒരു രക്ഷാപ്രവര്‍ത്തകന്‍ കൈയിലെടുത്തു നില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് സീവാച്ച് വെബ്‌സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച ലിബിയന്‍ തീരത്തുണ്ടായ ബോട്ടപകടത്തിലാണു കുട്ടി മരിച്ചതെന്നും ഇത്തരം അപകടങ്ങള്‍ തടയാന്‍ യൂറോപ്യന്‍ യൂനിയന്‍ അഭയാര്‍ഥികള്‍ക്കനുകൂലമായ നിലപാടുകള്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിച്ചുകൊണ്ടാണ് ചിത്രം പുറത്തുവിടുന്നതെന്നും സീവാച്ച് അറിയിച്ചു. രണ്ടാം ലോകയുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധിയാണ് യൂറോപ്പ് അനുഭവിക്കുന്നത്. യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ഥികള്‍ അപകടങ്ങളില്‍പെട്ടു മരിക്കുന്ന സംഭവങ്ങള്‍ തടയാനുള്ള നടപടികള്‍ യൂറോപ്പിലെ രാഷ്ട്രീയനേതൃത്വം സ്വീകരിക്കണം. യൂറോപ്പിലേക്കു സുരക്ഷിതമാര്‍ഗങ്ങളിലൂടെ പ്രവേശിക്കാന്‍ അഭയാര്‍ഥികള്‍ക്കു സാധിക്കാത്തതാണ് ഇത്തരം അപകടം നിറഞ്ഞ മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കാന്‍ കാരണം. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് അഭയം തേടിയെത്തുന്നവര്‍ക്ക് സുരക്ഷിതവും നിയമപരവുമായ പ്രവേശനത്തിന് അനുമതി നല്‍കുന്ന നിയമങ്ങളെക്കുറിച്ച് രാഷ്ട്രീയനേതൃത്വം ചിന്തിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സിറിയയില്‍ നിന്നുള്ള ഐലന്‍ കുര്‍ദിയെയാണ് സീവാച്ച് പുറത്തുവിട്ട ചിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു അഭയാര്‍ഥി ബോട്ട് മുങ്ങി മരണപ്പെട്ട ഐലന്‍ കുര്‍ദിയുടെ ചിത്രം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. തുര്‍ക്കി തീരത്ത് കരപറ്റിയ, കമഴ്ന്നു കിടന്നുറങ്ങുന്ന മൂന്നുവയസ്സുകാരന്റെ മരണചിത്രം അഭയാര്‍ഥി പ്രതിസന്ധിയുടെ ഭീകരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
Next Story

RELATED STORIES

Share it