Sports

ഐപിഎല്‍: സഞ്ജു കസറി, ഡല്‍ഹിയും

ഡല്‍ഹി: ഇന്ത്യന്‍ ടീമിലെ ഭാവി താരോദയമായി വിലയിരുത്തപ്പെടുന്ന കേരള വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ്‍ (60) അര്‍ധസെഞ്ച്വറിയുമായി മിന്നിയപ്പോള്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം.
ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ഡല്‍ഹിയുടെ ചെകുത്താന്‍മാര്‍ തോല്‍പ്പിച്ചത്. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ആവേശപ്പോരില്‍ 10 റണ്‍സിന്റെ ജയമാണ് സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ആഘോഷിച്ചത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി സഞ്ജുവിന്റേയും ജെപി ഡുമിനിയുടേയും (49*) മികച്ച ഇന്നിങ്‌സുകളുടെ പിന്‍ബലത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 164 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു.
ഡല്‍ഹിക്കു വേണ്ടി സഞ്ജുവിന്റെ കന്നി അര്‍ധസെഞ്ച്വറി കൂടിയാണിത്. 48 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് സഞ്ജു ഡല്‍ഹിയുടെ അമരക്കാരനായത്. 31 പന്ത് നേരിട്ട ഡുമിനി മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും കണ്ടെത്തി. നാലാം വിക്കറ്റില്‍ സഞ്ജുവും ഡുമിനിയും ചേര്‍ന്നെടുത്ത 71 റണ്‍സാണ് ഡല്‍ഹി ഇന്നിങ്‌സിന് കരുത്തേകിയത്.
മുംബൈക്കെതിരേ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് സഞ്ജു നേടുന്ന അഞ്ചാമത്തെ അര്‍ധസെഞ്ച്വറി നേട്ടം കൂടിയാണിത്. മുംബൈക്കു വേണ്ടി മിച്ചെല്‍ മക്ലേഗന്‍ രണ്ടും ഹാര്‍ദിക് പാണ്ഡ്യ, ഹര്‍ഭജന്‍ സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിയില്‍ 13 ഓവറില്‍ 100 റണ്‍സ് പിന്നിട്ട മുംബൈ അനായാസം വിജയം നേടുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, മികച്ച ബൗളിങിനൊപ്പം നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹി മല്‍സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.
അവസാന എട്ട് ഓവറില്‍ 56 റണ്‍സ് മാത്രമാണ് ഡല്‍ഹി ബൗളര്‍മാര്‍ മുംബൈക്ക് വിട്ടുനല്‍കിയത്. ഇതോടെ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 154 റണ്‍സിന് മുംബൈ പോരാട്ടം അവസാനിക്കുകയായിരുന്നു. ആറ് മല്‍സരങ്ങളില്‍ നിന്ന് മുംബൈയുടെ നാലാം തോല്‍വി കൂടിയാണിത്.
48 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. ക്രൂനല്‍ പാണ്ഡ്യ 17 പന്തില്‍ നിന്ന് നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 36 റണ്‍സെടുത്തു. അമ്പാട്ടി റായുഡു (25), കിരോണ്‍ പൊള്ളാര്‍ഡ് (19) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഡല്‍ഹിക്കു വേണ്ടി അമിത് മിശ്ര രണ്ടും ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍, ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി. നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് മിശ്ര രണ്ടു വിക്കറ്റുകള്‍ പിഴുതത്. ഡല്‍ഹി വിജയത്തിന് ചുക്കാന്‍ പിടിച്ച സഞ്ജുവാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it