Sports

ഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് വമ്പന്‍മാര്‍

ന്യൂഡല്‍ഹി/ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെയും രണ്ടാമങ്കത്തില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും എതിരിടും.
വിജയവഴിയില്‍ തിരിച്ചെത്താനുറച്ചാണ് ഇന്ന് പോരടിക്കുന്ന നാല് ടീമുകളും അങ്കത്തട്ടിലിറങ്ങുന്നത്. അവസാനം കളിച്ച മല്‍സരത്തില്‍ ഈ നാല് ടീമുകളും പരാജയം ഏറ്റുവാങ്ങിയിരുന്നു.
കഴിഞ്ഞ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടാണ് കൊല്‍ക്കത്ത തോല്‍വിയേറ്റുവാങ്ങിയത്. മുംബൈയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗൗതം ഗംഭീര്‍ നയിക്കുന്ന കൊല്‍ക്കത്തയുടെ തോല്‍വി.
കളിച്ച ആറു മല്‍സരങ്ങളില്‍ നിന്ന് കൊല്‍ക്കത്തയുടെ രണ്ടാം തോല്‍വി കൂടിയായിരുന്നു ഇത്. നാലു മല്‍സരങ്ങളില്‍ വെന്നിക്കൊടി നാട്ടിയ കൊല്‍ക്കത്തയ്ക്ക് ഇപ്പോള്‍ എട്ട് പോയിന്റുണ്ട്.
എന്നാല്‍, സഹീര്‍ ഖാന് കീഴില്‍ മികച്ച ഫോമിലാണ് ഡല്‍ഹി. കഴിഞ്ഞ മല്‍സരത്തില്‍ ശക്തരായ ഗുജറാത്ത് ലയണ്‍സിനോടാണ് ഡല്‍ഹി പരാജയം സമ്മതിച്ചത്. ആവേശകരമായ മല്‍സരത്തില്‍ ഒരു റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് നിലവില്‍ ഡല്‍ഹിയുടെ അക്കൗണ്ടിലുള്ളത്.
അതേസമയം, ശക്തരായിട്ടും സ്ഥിരത കണ്ടെത്താന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ നാല് പോയിന്റാണ് ഇതുവരെ ടൂര്‍ണമെന്റില്‍ ബാംഗ്ലൂരിന്റെ സമ്പാദ്യം. കഴിഞ്ഞ മല്‍സരത്തില്‍ ഗുജറാത്തിനോട് ആറ് വിക്കറ്റിന് തോല്‍വിയേറ്റുവാങ്ങിയതിനു ശേഷമാണ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്.
നാലാം ജയം ലക്ഷ്യമിട്ടാണ് ഡേവിഡ് വാര്‍ണറിനു കീഴില്‍ സണ്‍റൈസേഴ്‌സ് കച്ചക്കെട്ടുന്നത്. ആറ് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് സണ്‍റൈസേഴ്‌സിനുള്ളത്.
മഴ രസക്കൊല്ലിയായെത്തിയ തങ്ങളുടെ അവസാന മല്‍സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനോടാണ് സണ്‍റൈസേഴ്‌സ് തോല്‍വി വഴങ്ങിയത്. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 34 റണ്‍സിനായിരുന്നു സണ്‍റൈസേഴ്‌സിന്റെ തോല്‍വി.
Next Story

RELATED STORIES

Share it