Sports

ഐപിഎല്‍: മൂന്നാം ജയം തേടി വമ്പന്‍മാര്‍ അങ്കത്തട്ടില്‍

ഡല്‍ഹി/ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് രണ്ട് ആവേശ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മികച്ച ഫോമിലുള്ള ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എതിരിടുമ്പോള്‍ രണ്ടാമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കിങ്‌സ് ഇലവന്‍ പഞ്ചാബുമായി കൊമ്പുകോര്‍ക്കും.
ടൂര്‍ണമെന്റിലെ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് മുംബൈ, ഡല്‍ഹി, സണ്‍റൈസേഴ്‌സ് എന്നിവര്‍ കളത്തിലിറങ്ങുന്നത്. എന്നാല്‍, രണ്ടാം ജയം തേടിയാണ് മുന്‍ റണ്ണേഴ്‌സപ്പായ പഞ്ചാബ് ഇന്ന് സണ്‍റൈസേഴ്‌സിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്.
പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ലസിത് മലിങ്ക നാട്ടിലേക്ക് മടങ്ങിയെങ്കിലും ഡല്‍ഹിക്കെതിരേ വെന്നിക്കൊടി നാട്ടാനാവുമെന്ന പ്രതീക്ഷയിലാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യ മല്‍സരത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനോട് ഒമ്പത് വിക്കറ്റിന് തോല്‍വിയേറ്റുവാങ്ങിയ മുംബൈ രണ്ടാമങ്കത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍, പിന്നീട് തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളിലും ചാംപ്യന്‍മാര്‍ക്ക് അടിതെറ്റി.
ഗുജറാത്ത് ലയണ്‍സിനോട് മൂന്ന് വിക്കറ്റിനും സണ്‍റൈസേഴ്‌സിനോട് ഏഴ് വിക്കറ്റിനുമാണ് മുംബൈ തോല്‍വി സമ്മതിച്ചത്. അഞ്ചാമങ്കത്തില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത മുംബൈ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ കീഴ്‌പ്പെടുത്താനുള്ള പുറപ്പാടിലാണ്.
എന്നാല്‍, പുതിയ ക്യാപ്റ്റന്‍ സഹീര്‍ ഖാനു കീഴില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമം നടത്തുന്ന ഡല്‍ഹി തുടര്‍ച്ചയായ മൂന്നാം ജയം മോഹിച്ചാണ് മുംബൈയെ ഹോംഗ്രൗണ്ടിലേക്ക് വരവേല്‍ക്കുന്നത്. ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയോട് ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ട ഡല്‍ഹി രണ്ടാമങ്കത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിനും മൂന്നാമങ്കത്തില്‍ ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനും തോല്‍പ്പിക്കുകയായിരുന്നു.
അതേസമയം, തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ശക്തമായി തിരിച്ചുവന്ന സണ്‍റൈസേഴ്‌സ് ഹാട്രിക്ക് വിജയമാണ് പഞ്ചാബിനെതിരേ ലക്ഷ്യംവയ്ക്കുന്നത്. വെടിക്കെട്ട് ഓപണര്‍ ശിഖര്‍ ധവാന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന് ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.
ബാംഗ്ലൂരിനോട് 45 റണ്‍സിനും കൊല്‍ക്കത്തയോട് എട്ട് വിക്കറ്റിനും തോറ്റ സണ്‍റൈസേഴ്‌സ് ശക്തരായ മുംബൈയെയും ഗുജറാത്തിനെയുമാണ് പരാജയപ്പെടുത്തിയത്. മുംബൈക്കെതിരേ ഏഴ് വിക്കറ്റിന് ജയിച്ച സണ്‍റൈസേഴ്‌സ് മികച്ച ഫോമിലുള്ള ഗുജറാത്തിനെതിരേ 10 വിക്കറ്റിന്റെ അനായാസ വിജയമാണ് കൈക്കലാക്കിയത്.
എന്നാല്‍, സീസണില്‍ ഇതുവരെ പഞ്ചാബിന് താളം കണ്ടെത്താനായിട്ടില്ല. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ ഇതുവരെ ഫോമിലെത്താത്തതും പഞ്ചാബിനെ അലട്ടുന്നുണ്ട്. ഗുജറാത്തിനോട് അഞ്ച് വിക്കറ്റിനും ഡല്‍ഹിയോട് എട്ട് വിക്കറ്റിനും തോറ്റ പഞ്ചാബ് മൂന്നാമങ്കത്തില്‍ ധോണി നയിക്കുന്ന പൂനെയെ ആറ് വിക്കറ്റിന് തകര്‍ക്കുകയായിരുന്നു. ഈ ആവേശം കൊല്‍ക്കത്തയ്‌ക്കെതിരേ നിലനിര്‍ത്താന്‍ പഞ്ചാബിനായില്ല. ആറ് വിക്കറ്റിനാണ് കൊല്‍ക്കത്തയ്ക്കു മുന്നില്‍ പഞ്ചാബ് മല്‍സരം അടിയറവ് വച്ചത്.
Next Story

RELATED STORIES

Share it