Sports

ഐപിഎല്‍: മുംബൈക്കും പഞ്ചാബിനും ജയം

പൂനെ/രാജ്‌കോട്ട്: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനും മുന്‍ റണ്ണേഴ്‌സപ്പായ കിങ്‌സ് ഇലവന്‍ പഞ്ചാബിനും തകര്‍പ്പന്‍ ജയം. മുംബൈ എട്ട് വിക്കറ്റിന് റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിനെയും പഞ്ചാബ് 23 റണ്‍സിന് ഗുജറാത്ത് ലയണ്‍സിനെയുമാണ് പരാജയപ്പെടുത്തിയത്.
ടോസ് നേടി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂനെയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ അജിന്‍ക്യ രഹാനെയെ (4) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സൗരഭ് തിവാരിയും (57) സ്റ്റീവന്‍ സ്മിത്തും (45) ചേര്‍ന്ന് പൂനെയുടെ സ്‌കോറിങ് വേഗത്തില്‍ ചലിപ്പിച്ചു. എന്നാല്‍, സ്മിത്തിന്റെ പുറത്താവലോടെ മുംബൈ ബൗളര്‍മാര്‍ താളം വീണ്ടെടുക്കുകയും പൂനെയെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 159 റണ്‍സിന് പിടിച്ചുക്കെട്ടുകയും ചെയ്തു.
45 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് തിവാരി പൂനെയുടെ ടോപ്‌സ്‌കോററായത്. 23 പന്ത് നേരിട്ട സ്മിത്തിന്റെ ഇന്നിങ്‌സില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി (24), തിസേര പെരേര (12*) എന്നിവരാണ് പൂനെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
മുംബൈക്കു വേണ്ടി ജസ്പ്രിത് ബുംറ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചെല്‍ മക്ലേഗനും ഹര്‍ഭജന്‍ സിങിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടിയില്‍ ഒരിക്കല്‍ കൂടി നായകന്റെ ഇന്നിങ്‌സിലൂടെ രോഹിത് (85*) പട നയിച്ചപ്പോള്‍ 18.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ വിജയലക്ഷ്യം മറികടന്നു. 60 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റില്‍ രോഹിതിന്റെ അഞ്ചാം അര്‍ധസെഞ്ച്വറി നേട്ടം കൂടിയാണിത്. ജോസ് ബട്ട്‌ലര്‍ പുറത്താവാതെ 17 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 27 റണ്‍സെടുത്തു. അമ്പാട്ടി റായുഡു (22), പാര്‍ഥീവ് പട്ടേല്‍ (21) എന്നിവരും മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രോഹിതാണ് മാന്‍ ഓഫ് ദി മാച്ച്. ടൂര്‍ണമെന്റില്‍ മുംബൈയുടെ അഞ്ചാം ജയവും പൂനെയുടെ ആറാം തോല്‍വിയുമാണിത്.
അതേസമയം, സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ ഹാട്രിക്ക് പ്രകടനമാണ് ഗുജറാത്തിനെതിരേ പഞ്ചാബിന് വിജയം സമ്മാനിച്ചത്. പുതിയ ക്യാപ്റ്റന്‍ മുരളി വിജയിയുടെ (55) അര്‍ധസെഞ്ച്വറി മികവില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 19.5 ഓവറില്‍ 154 റണ്‍സെടുത്ത് പുറത്തായി. 41 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് വിജയിയുടെ ഇന്നിങ്‌സ്. വൃഥിമാന്‍ സാഹ 19 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 33 റണ്‍സ് നേടി. ഡേവിഡ് മില്ലര്‍ (31), മാര്‍കസ് സ്‌റ്റോയ്‌നിസ് (27) എന്നിവരാണ് പഞ്ചാബ് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍. ഗുജറാത്തിനു വേണ്ടി ശിവില്‍ കൗശിക്ക് മൂന്നും പ്രവീണ്‍ കുമാര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിയില്‍ ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ നഷ്ടമായതോടെ ഗുജറാത്തിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ജെയിംസ് ഫോക്‌നര്‍ (32), ഇഷാന്‍ കിഷാന്‍ (27), ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന (18) എന്നിവരാണ് ഗുജറാത്തിന്റെ പ്രധാന സ്‌കോറര്‍മാര്‍.
ഏഴാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തിയ അക്ഷറിന് പിന്നീട് ഓവര്‍ ലഭിച്ചത് 11ാം ഓവറിലാണ്. 11ാം ഓവറിലാണ് ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജയെ പുറത്താക്കി അക്ഷര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു. ദിനേഷ് കാര്‍ത്തിക്, ബ്രാവോ എന്നിവരാണ് അക്ഷറിന്റെ ഹാട്രിക്ക് പ്രകടനത്തിന് മുന്നില്‍ മുട്ടുമടക്കിയത്.
ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്ക് നേട്ടം കൂടിയാണിത്. വെടിക്കെട്ട് ഓപണര്‍ ഡ്വയ്ന്‍ സ്മിത്തിനടക്കം നാലു വിക്കറ്റുകള്‍ പിഴുത അക്ഷറാണ് മാന്‍ ഓഫ് ദി മാച്ച്. മൂന്നു വിക്കറ്റുമായി മോഹിത് ശര്‍മയും പഞ്ചാബ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ടൂര്‍ണമെന്റില്‍ പഞ്ചാബിന്റെ രണ്ടാം ജയവും ഗുജറാത്തിന്റെ രണ്ടാം തോല്‍വിയുമാണിത്.
Next Story

RELATED STORIES

Share it