ഐപിഎല്‍ മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നു മാറ്റണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മാറ്റണമെന്ന് സുപ്രിംകോടതി. മല്‍സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ മഹാരാഷ്ട്ര, മുംബൈ ക്രിക്കറ്റ് അസോസിയേഷനുകള്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രിംകോടതി ഉത്തരവ്.
പാനയോഗ്യമായ തുള്ളി വെള്ളംപോലും ഉപയോഗിക്കരുതെന്ന കര്‍ശന ഉപാധികളോടെ ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആദ്യം മഹാരാഷ്ട്രയില്‍ മല്‍സരങ്ങള്‍ നടത്തുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നു നിര്‍ദേശിക്കുകയായിരുന്നു.
മുംബൈ, പൂനെ എന്നിവിടങ്ങളിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായി സ്റ്റേഡിയത്തില്‍ ഒരു തുള്ളിപോലും ശുദ്ധജലം ഉപയോഗിക്കില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി ചിദംബരം അറിയിച്ചു. ശുദ്ധീകരിച്ച ജലമാണ് ഇതിനുപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നു ശുദ്ധജലം ഉപയോഗിക്കില്ലെന്ന ഉറപ്പില്‍ ആദ്യം അനുകൂലമായ സമീപനമാണ് ബെഞ്ച് സ്വീകരിച്ചത്. എന്നാല്‍, അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ മല്‍സരം സംസ്ഥാനത്തിനു പുറത്തേക്കു മാറ്റുന്നതാണ് ഉചിതമെന്നു പിന്നീട് വ്യക്തമാക്കുകയായിരുന്നു.
മെയ് ഒന്നിന് പൂനെയില്‍ നടക്കുന്ന മല്‍സരത്തിനു ശേഷം മഹാരാഷ്ട്ര ഐപിഎല്‍ വേദിയാവരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. നേരത്തെ ഇതുസംബന്ധിച്ചുണ്ടായ ബോംബെ ഹൈക്കോടതി വിധി ശരിവയ്ക്കുന്ന നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്. മെയ് 29ന് വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലുള്‍പ്പെടെ മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന 13 മല്‍സരങ്ങള്‍ മാറ്റാനാണ് ഉത്തരവ്. 70 ശതമാനത്തിലധികം വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തുനിന്ന് ഐപിഎല്‍ മല്‍സരങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടനയാണു ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജി സമര്‍പ്പിച്ചത്. ഹരജിപ്രകാരം മൂന്ന് സ്‌റ്റേഡിയങ്ങളിലായി 60 ലക്ഷത്തോളം ലിറ്റര്‍ ജലം ക്രിക്കറ്റ് പിച്ചിനായി ഉപയോഗിക്കുന്നുണ്ട്.
അതേസമയം, മല്‍സരങ്ങള്‍ രാജസ്ഥാനിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി മെയ് മൂന്നിനു വിധിപറയും.
Next Story

RELATED STORIES

Share it