Sports

ഐപിഎല്‍: പൂനെയ്ക്ക് 186 റണ്‍സ് വിജയലക്ഷ്യം

പൂനെ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സിന് 186 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് കോഹ്‌ലി-ഡിവില്ലിയേഴ്‌സ് ബാറ്റിങ് കൂട്ടുകെട്ടാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മല്‍സരത്തില്‍ എബി ഡിവില്ലിയേഴ്‌സും (83) കോഹ്‌ലിയും (80) അര്‍ധസെഞ്ച്വറിയോടെ തിളങ്ങി. രണ്ടാം വിക്കറ്റില്‍ 155 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഡിവില്ലിയേഴ്‌സ്-കോഹ് ലി സഖ്യം നയിച്ചതോടെ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 185 റണ്‍സ് അടിച്ചെടുത്തു.
46 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. 63 പന്ത് നേരിട്ട കോഹ്‌ലി ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും കണ്ടെത്തി. ക്രിസ് ഗെയ്‌ലിന്റെ അഭാവത്തിലിറങ്ങിയ ലോകേഷ് രാഹുലിന് (7) മല്‍സരത്തില്‍ ക്ഷോഭിക്കാനായില്ല.
പൂനെയ്ക്കു വേണ്ടി തിസേര പെരേര നാല് ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ടീം സ്‌കോര്‍ ബോര്‍ഡ് 27 റണ്‍സില്‍ നില്‍ക്കേയാണ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പെരേരയുടെ ബൗളിങില്‍ രാഹുലിനെ ഇശാന്ത് ശര്‍മ പിടികൂടുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഡിവില്ലിയേഴ്‌സ്-കോഹ്‌ലി സഖ്യത്തെയും പിരിച്ചത് പെരേരയായിരുന്നു. പെരേരയുടെ ബൗളിങില്‍ കോഹ്‌ലിയെ അജിന്‍ക്യ രഹാനെയാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it