Sports

ഐപിഎല്‍: പൂനെയ്ക്ക് ഇനി നിര്‍ണായക പോരാട്ടങ്ങള്‍

ഹൈദരാബാദ്: തുടര്‍ തോല്‍വികളുമായി തപ്പിതടയുന്ന റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സ് ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷമാണ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന പൂനെ ഹൈദരാബാദിലെത്തിയിരിക്കുന്നത്. മികച്ച ഫോമിലുള്ള സണ്‍റൈസേഴ്‌സിനെ അവരുടെ തട്ടകത്തില്‍ കീഴ്‌പ്പെടുത്തുകയെന്നത് പൂനെയ്ക്ക് വെല്ലുവിളിയാണ്.
കഴിഞ്ഞ ദിവസം ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടാണ് അവസാനമായി പൂനെ തോല്‍വിയേറ്റു വാങ്ങിയത്. മൂന്ന് പന്തും രണ്ട് വിക്കറ്റും ബാക്കിനില്‍ക്കേയാണ് മല്‍സരത്തില്‍ കൊല്‍ക്കത്ത പൂനെയെ അടിയറവ് പറയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പൂനെ അജിന്‍ക്യ രഹാനെയുടെ (67) അര്‍ധസെഞ്ച്വറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 160 റണ്‍സെടുത്തു. മറുപടിയില്‍ 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി കൊല്‍ക്കത്ത വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 49 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 60 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോറര്‍. യൂസുഫ് പഠാന്‍ 27 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടെ 36 റണ്‍സ് നേടി.
ഈ വിജയത്തോടെ ഗുജറാത്ത് ലയണ്‍സിനെ പിന്തള്ളി കൊല്‍ക്കത്ത ഒന്നാംസ്ഥാനം വീണ്ടും തിരിച്ചുപിടിക്കുകയും ചെയ്തു. എന്നാല്‍, അഞ്ച് മല്‍സരങ്ങളില്‍ ഒരു ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് പൂനെ.
അതേസമയം, ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ തകര്‍പ്പന്‍ ഫോമിലാണ് സണ്‍റൈസേഴ്‌സിന്റെ പ്രതീക്ഷകള്‍. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് സണ്‍റൈസേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.
Next Story

RELATED STORIES

Share it